അമേരിക്കയില്‍ രണ്ടിടങ്ങളിലായി നടന്ന വെടിവയ്പ്പില്‍ മുപ്പത് പേര്‍ കൊല്ലപ്പെട്ടു. ടെക്സസിലും ഒഹിയോയിലുമാണ് അക്രമികള്‍ ആള്‍ക്കൂട്ടതിനുനേരെ വെടിവച്ചത്. ആക്രമണകാരണം വ്യക്തമായിട്ടില്ല.
തോക്ക് നിയമം കര്‍ശനമാക്കിയിട്ടും ആള്‍ക്കൂട്ടതിനു നേരയുള്ള വെടിവയ്പ്പുകള്‍ അമേരിക്കയില്‍ തുടരുകയാണ്. ഒരാഴ്ചയ്ക്കിടെ മൂന്നുവട്ടമാണ് വെടിവയ്പ്പുണ്ടായത്. ഇന്നുപുലര്‍ച്ചെ ടെക്സസിലെ വാള്‍മാര്‍ട്ട് സ്റ്റോറില്‍ ഇരുപത്തൊന്നുകാരന്‍ നടത്തിയ വെടിവയ്പ്പില്‍ ഇരുപത് പേര്‍ കൊല്ലപ്പെട്ടു. ഇരുപത്താറ് പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ പലരുടെയും നില ഗുരുതരമാണ്. ഡാലസ് സ്വദേശിയായ അക്രമി പൊലീസ് കസ്റ്റഡിയിലാണ്.
മണിക്കൂറുകളുടെ ഇടവേളയിലാണ് ഓറിഗനിലെ ഒഹായോവില്‍ വീണ്ടും വെടിവെപ്പുണ്ടായത്. ബാറിലേക്കുള്ള പ്രവേശനം തടഞ്ഞതില്‍ പ്രകോപിതനായ യുവാവ് ആള്‍ക്കൂട്ടിനുനേരെ തുടര്‍ച്ചയായി വെടിയുതിര്‍ത്തു. പത്തുപേര്‍ കൊല്ലപ്പെട്ടു. പതിനാറുപേര്‍ക്ക് ഗുരുതരപരുക്കേറ്റു. അക്രമിയും സ്വയം വെടിയുതിര്‍ത്ത് മരിച്ചെന്നാണ് സൂചന. ഒഹായോവിലേക്കുള്ള ഗതാഗതം പൂര്‍ണമായും പൊലീസ് നിയന്ത്രണത്തിലാക്കി. കഴിഞ്ഞയാഴ്ച കലിഫോര്‍ണിയയില്‍ 19കാരന്‍ നടത്തിയ വെടിവയ്പ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടിരുന്നു.
ടെക്സസിനെ ഞെട്ടിച്ച കൂട്ടക്കൊല നടന്ന് മണിക്കൂറുകൾക്കം യുഎസിൽ വീണ്ടും വെടിവയ്പ്. ഓറിഗനിലെ ഒഹായോവിൽ പ്രാദേശിക സമയം പുലർച്ചെ ഒന്നിനു നടന്ന വെടിവയ്പിൽ 9 പേർ കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചു. 16 പേർക്കു പരുക്കേറ്റു. പ്രദേശത്തെ ഒരു ബാറിലേക്കു പ്രവേശനം തടഞ്ഞതിനെത്തുടർന്ന് ഒരാൾ വെടിയുതിർക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. ഓറിഗനിലേക്കുള്ള യാത്രകളെല്ലാം ഒഴിവാക്കണമെന്ന് ഡേടൻ പൊലീസ് മുന്നറിയിപ്പ് നൽകി. നിലവിൽ സ്ഥിതിഗതികൾ ശാന്തമാണ്. വെടിവച്ചയാളും മരിച്ചതായി പൊലീസ് വ്യക്തമാക്കി.
ടെക്സസിലെ എൽ പാസോയിൽ 20 പേരുടെ മരണത്തിനിടയായ വെടിവയ്പിനു തൊട്ടുപിന്നാലെയാണ് സംഭവം. ഓറിഗനിൽ 16 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എഫ്ബിഐ സ്ഥലത്തെത്തി. സംഭവം നടക്കുമ്പോൾ പൊലീസ് പരിസരത്തുണ്ടായിരുന്നെന്നും വേണ്ട നടപടികൾ സ്വീകരിക്കാനായെന്നും ഡേടൻ പൊലീസ് ട്വിറ്ററിൽ വ്യക്തമാക്കി.
ഓറിഗനിലെ ഈസ്റ്റ് ഫിഫ്ത് സ്ട്രീറ്റിലെ നെഡ് പെപ്പേഴ്സ് ബാറിനു സമീപമായിരുന്നു വെടിവയ്പ്. എന്നാൽ ഇവിടത്തെ ജീവനക്കാരെല്ലാം സുരക്ഷിതരാണെന്ന് ബാർ ഔദ്യോഗിക ഫെയ്സ്ബുക് അക്കൗണ്ടിൽ കുറിച്ചു. ആളുകൾ പരിഭ്രാന്തിയോടെ ഓടുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പലതവണ വെടിയൊച്ചയും കേൾക്കാം.
Just in| People feared dead as police search for a second gunman after a shooting at a bar in Ohio.Police responded to calls about an active shooter in the area of East 5th Street in the #Oregon District
The the first shooter was killed by police #ohioshooting #Ohio pic.twitter.com/feYJ3hSlbL— -🇦🇺🇺🇸🇦🇺- (@Frolencewalters) August 4, 2019
യുഎസിലെ ടെക്സാസ്, എല്‍ പാസോയിൽ വാൾമാർട് സ്റ്റോറിൽ തോക്കുധാരി നടത്തിയ വെടിവയ്പിൽ 20 മരണം. ശനിയാഴ്ചയായിരുന്നു ആക്രമണം നടന്നത്. ടെക്സാസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ആക്രമണത്തിൽ സാധനങ്ങൾ വാങ്ങുന്നതിനായി എത്തിയവരാണ് ഇരയായതെന്ന് ഗവർണർ ഗ്രെഗ് അബോട്ട് വ്യക്തമാക്കി.
21 വയസ്സ് മാത്രം പ്രായമുള്ള യുവാവാണു പ്രതി. ഡാലസിനു സമീപമുള്ള അലെൻ സ്വദേശിയാണ് ഇയാൾ. അക്രമത്തിനു പിന്നാലെ പ്രതി പൊലീസിൽ കീഴടങ്ങി. സ്പാനിഷ് വംശജർക്കു ഭൂരിപക്ഷമുള്ള മേഖലയാണ് ആക്രമണം നടന്ന എൽ പാസോ. വളരെ മോശം റിപ്പോർട്ടുകളാണുള്ളതെന്നും നിരവധി പേർ മരിച്ചതായും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ട്വിറ്ററിൽ കുറിച്ചു. ടെക്സാസ് ഗവർണറുമായി ചർച്ച നടത്തിയ ശേഷമായിരുന്നു ട്രംപിന്റെ പ്രതികരണം.
സ്ഥാപനത്തിന്റെ വാഹന പാർക്കിങ് സ്ഥലത്തു വെടിയേറ്റവർ വീണുകിടക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. വെടിവയ്പുണ്ടായ ഉടനെ കടയിലുണ്ടായിരുന്നവർ ഭയന്ന് ഓടുന്നതും വിഡിയോയിലുണ്ട്. സംഭവത്തിൽ 40 പേർക്കു പരുക്കേറ്റതായി യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ആക്രമണത്തിൽ മരണം സംഭവിച്ചിട്ടുണ്ടെന്നും എന്നാൽ മരണ സംഖ്യ എത്രയെന്നു പറയാൻ സാധിക്കില്ലെന്നും പൊലീസ് ഉദ്യോഗസ്ഥനായ റോബർട്ട് ഗോമസ് യുഎസ് മാധ്യമങ്ങളോടു പറഞ്ഞു.
സംഭവം നടക്കുമ്പോൾ സ്ഥാപനത്തിനകത്ത് 1,000 മുതൽ 3,000 വരെ ആൾക്കാർ ഉണ്ടായിരുന്നതായാണ് പൊലീസിന്റെ കണ്ടെത്തൽ. യുഎസിൽ ഒരാഴ്ചയ്ക്കിടെയുണ്ടാകുന്ന രണ്ടാമത്തെ വെടിവയ്പാണിത്. കഴിഞ്ഞ ഞായറാഴ്ച വടക്കൻ കലിഫോർണിയയിൽ 19 കാരൻ നടത്തിയ വെടിവയ്പിൽ മൂന്ന് പേര്‍ കൊല്ലപ്പെട്ടിരുന്നു. അന്ന് മരിച്ചവരിൽ 2 കുട്ടികളും ഉണ്ടായിരുന്നു.
ചെറു വിമാനം നടുറോഡില്‍ ലാന്റ് ചെയ്തു. ഏതെങ്കിലും ഹോളിവുഡ് സിനിമയിലല്ല, അമേരിക്കയിലെ വാഷിങ്ടണിന് സമീപമാണ് സംഭവം. ഇന്ധന തകരാറിനെ തുടര്‍ന്നായിരുന്നു പസഫിക് അവന്യൂവിലെ ഹൈവേയില്‍ വിമാനം ലാന്റ് ചെയ്തത്.
പൊലീസ് ഉദ്യോഗസ്ഥനായ ക്ലിന്റ് തോംസണ്‍ ആണ് ലാന്റിങ്ങിന്റെ വീഡിയോ പുറത്ത് വിട്ടത്. പസഫിക് അവന്യുവിലൂടെ ക്ലിന്റ് വാഹനമോടിച്ച് പോകുമ്പോള്‍ വിമാനം വാഹനത്തിന് മുകളിലൂടെ റോഡിനോട് ചേര്‍ന്ന് കടന്നു പോവുകയായിരുന്നു. ഇതോടെ വണ്ടി തിരിച്ചു വിട്ട തോംസണ്‍ എമര്‍ജന്‍സി ലൈറ്റ് ഓണ്‍ ചെയ്ത് ട്രാഫിക് നിയന്ത്രണ വിധേയമാക്കി.
അപ്പോഴേക്കും വിമാനം താഴ്ന്ന് പറന്ന് റോഡിലേക്ക് ഇറങ്ങി. നിരങ്ങി നീങ്ങിയതിന് ശേഷം റോഡിലെ സിഗ്നലിന് മുന്നിലായി ഒരു കാര്‍ ചുവന്ന ലൈറ്റ് കണ്ടാല്‍ നിര്‍ത്തുന്നത് പോലെ വിമാനവും നിന്നു. ആ സമയത്ത് അവിടെ തോംസണ്‍ എത്തിയത് കൊണ്ട് മാത്രമാണ് വലിയ അപകടം ഒഴിവായതെന്നാണ് വാഷിങ്ടണ്‍ സ്‌റ്റേറ്റ് പട്രോള്‍ വക്താവ് യോഹാനാ ബാറ്റിസ്‌റ്റെ പറയുന്നു.
”വിമാനം എനിക്ക് മുകളിലൂടെ കടന്നു പോകുമ്പോള്‍ ഞാന്‍ ഒന്ന് കൈ ഉയര്‍ത്തിയിരുന്നുവെങ്കില്‍ വിമാനത്തിന്റെ ചിറകില്‍ തൊടാമായിരുന്നു. അത്ര അടുത്തുകൂടിയാണ് വിമാനം കടന്നു പോയത്” അതേസമയം റോഡിലൂടെ കാര്‍ ഓടിച്ചു വന്ന ഡെന്നിസ് പറയുന്നു.
ഡേവിഡ് അക്‌ലം എന്നയാളായിരുന്നു ഒരാള്‍ക്ക് മാത്രം ഇരിക്കാന്‍ കഴിയുന്ന ചെറിയ വിമാനം ഓടിച്ചിരുന്നത്. വിമാനത്തില്‍ നിന്നും ചാടിയിറങ്ങിയ ഡേവിഡ് തോംസണിന്റെ സഹായത്തോടെയാണ് വിമാനം റോഡില്‍ നിന്നും മാറ്റിയത്. തോംസണിന് പറഞ്ഞ് അറിയിക്കാനാവാത്ത അത്ര നന്ദിയുണ്ടെന്നും ഡേവിഡ് പറയുന്നു.
അമേരിക്കൻ മുൻ പ്രസിഡന്റ് ബറാക് ഒബാമയുടെ മകൾ മാലിയ ഒബാമയും കാമുകൻ റോറി ഫാർക്യൂസണും ഒന്നിച്ചുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. കാലിഫോർണിയയിലെ ആഡംബര ഹോട്ടലിൽ ഇരുവരും ഭക്ഷണം കഴിക്കാനെത്തിയപ്പോഴുള്ള ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. സുരക്ഷാ ഉദ്യോഗസ്ഥരില്ലാതെയാണ് മാലിയ ഹോട്ടലിലെത്തിയത്.
ബ്രിട്ടീഷ് പൗരനാണ് ഫാർക്യൂസൺ. ഫാർക്യൂസന്റെ കുടുംബാംഗങ്ങളും ഇരുവർക്കുമൊപ്പം എത്തിയിരുന്നു. ഹാർവാർഡ് സർവകലാശാലയിലെ പഠനകാലത്താണ് ഇരുവരും സുഹൃത്തുക്കളാകുന്നത്.
ഒബാമയും ഫാർക്യൂസണും പരസ്പരം ആലിംഗനം ചെയ്യുന്ന ചിത്രങ്ങള്‍ 2017ൽ പുറത്തുവന്നിരുന്നു. 2017 മുതൽ മാലിയയും ഫാർക്യൂസണും ഡേറ്റിങ്ങിലാണെന്നാണ് വാർത്തകൾ.
ന്യൂഡൽഹി: പാക്കിസ്ഥാനു സൈനിക സഹായം നൽകാനുള്ള യുഎസ് തീരുമാനത്തിൽ ഇന്ത്യ ആശങ്ക അറിയിച്ചു. ഇന്ത്യയിലെ യുഎസ് അംബാസഡറെയും വാഷിംഗ്ടണിലെ ട്രംപ് ഭരണകൂടത്തെയും കാര്യങ്ങൾ ധരിപ്പിച്ചതായി വിദേശകാര്യ വക്താവ് രവീഷ് കുമാർ അറിയിച്ചു. യുഎസ് അംബാസഡറെ സൗത്ത് ബോക്കിലേക്കു വിളിച്ചുവരുത്തിയാണ് ഇന്ത്യ പ്രതിഷേധമറിയിച്ചതെന്നാണു വിവരം. കഴിഞ്ഞയാഴ്ച പാക്കിസ്ഥാനു 125 ദശലക്ഷം ഡോളറിന്റെ സൈനിക സഹായം നൽകാനുള്ള കോണ്‍ഗ്രസ് തീരുമാനം പെന്റഗൻ നോട്ടിഫൈ ചെയ്തിരുന്നു.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും തമ്മിൽ വാഷിംഗ്ടണിൽ നടത്തിയ ചർച്ചയ്ക്കു പിന്നാലെയായിരുന്നു പ്രഖ്യാപനം. എഫ്16 യുദ്ധവിമാനങ്ങളുടെ നിരീക്ഷണം ഉൾപ്പെടെയാണ് യുഎസ് പാക്കിസ്ഥാനു സഹായം നൽകുന്നത്. ഫെബ്രുവരിയിൽ ബാലാക്കോട്ട് ആക്രമണത്തിനുശേഷം കാഷ്മീരിൽ ആക്രമണം നടത്താൻ പാക്കിസ്ഥാൻ എഫ്-16 വിമാനങ്ങൾ ഉപയോഗിച്ചിരുന്നു.
അല്‍ക്വയ്ദ സ്ഥാപകന്‍ ഒസാമ ബിന്‍ ലാദന്റെ മകന്‍ ഹംസ ബിന്‍ ലാദന് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. കൊല്ലപ്പെട്ടതിന്റെ തിയതിയോ സ്ഥലമോ മറ്റു വിവരങ്ങളോ വെളിപ്പെടുത്തിയിട്ടില്ല. യുഎസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.
അമേരിക്കയ്ക്കും സഖ്യകക്ഷികള്‍ക്കും എതിരായി ആക്രമണം നടത്താന്‍ ആഹ്വാനം ചെയ്ത് ഹംസ വീഡിയോ ഓഡിയോ ടേപ്പുകള്‍ പുറത്തുവിട്ടിരുന്നു. ബുധനാഴ്ച രാവിലെ ഹംസ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നെങ്കിലും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപോ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടനോ ഇതിനോടു പ്രതികരിച്ചിരുന്നില്ല.
ഫെബ്രുവരിയില്‍ ഹംസ ബിന്‍ ലാദന്റെ തലയ്ക്ക് അമേരിക്ക വിലയിട്ടിരുന്നു. അല്‍ക്വയ്ദ നേതാവായ ഹംസയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം യുഎസ് ഡോളറാണ് (ഏകദേശം 7,08,00,000 രൂപ) വാഗ്ദാനം ചെയ്തിരുന്നത്. പാക്-അഫ്ഗാന് അതിര്‍ത്തിയില്‍ ഹംസ ബിന്‍ ലാദന് ഉണ്ടെന്നായിരുന്നു കണക്കുകൂട്ടല്‍.
2011-ല്‍ പാക്കിസ്ഥാനിലെ അബോട്ടാബാദില്‍ യുഎസ് സേനയാണ് ലാദനെ വധിക്കുന്നത്. ഈ സമയം ഹംസ ഇറാനില്‍ വീട്ടുതടങ്കലില്‍ ആയിരുന്നെന്നാണു കരുതപ്പെടുന്നത്.
സഹപാഠികളെയും ടീച്ചറെയും വെടിവച്ച് കൊന്ന കേസിലെ പ്രതിയായിരുന്ന ഡ്രു ഗ്രാന്റ് ദാരുണമായി കൊല്ലപ്പെട്ടെന്ന് പൊലീസ്. യുഎസിലെ അർക്കൻസാസ് സ്വദേശിയാണ് ഡ്രു ഗ്രാന്റ്. വെറും 11 വയസുള്ളപ്പോഴാണ് ലോകത്തെ നടുക്കിയ ആ ക്രൂരകൃത്യം ഗ്രാന്റ് ചെയ്തത്. സഹപാഠിയുമായി ചേർന്ന് കൂടെ പഠിക്കുന്ന നാല് കൂട്ടുകാരെയും ക്ലാസ് ടീച്ചറെയുമാണ് ഗ്രാന്റ് അന്ന് കൊന്നത്.
ഭാര്യയ്ക്കും മകനുമൊപ്പം യാത്ര ചെയ്യുന്നതിനിടെ മറ്റൊരു കാറുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഭാര്യയെയും കുട്ടിയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സ്കൂളിലെ ഫയർ അലാം ആക്ടിവേറ്റ് ചെയ്ത ഗ്രാന്റും കൂട്ടുകാരനും ടീച്ചർമാർ കുട്ടികളെ രക്ഷപെടുത്തുന്നതിനിടയിൽ മനപൂർവം നിറയൊഴിക്കുകയായിരുന്നു. കേസിൽ കുറ്റക്കാരനെന്ന് കോടതി വിധിച്ച ഗ്രാന്റ് 2007 ലാണ് പുറത്തിറങ്ങിയത്.
മെക്‌സിക്കോ സിറ്റി: റോയിട്ടേഴ്‌സ് ഫോട്ടോഗ്രാഫര്‍ ജോസ് ലൂയിസ് ഗോണ്‍സാലസ് പകര്‍ത്തിയ ഒരു ചിത്രം കഴിഞ്ഞ ദിവസം പുറത്തുവന്നു. അമേരിക്കയിലേയ്ക്ക് കടക്കാനെത്തിയ ഗ്വാട്ടിമാല സ്വദേശിനിയായ യുവതിയെയും അവളുടെ ആറു വയസ്സുകാരനായ മകനെയും അതിര്‍ത്തിയില്‍ മെക്‌സിക്കന്‍ സുരക്ഷാഭടന്‍ തടയുന്ന ചിത്രമാണ് ഇത്. അഭയാര്‍ഥിത്വത്തിന്റെ നിസ്സഹായതയും വേദനയും വിളിച്ചുപറയുന്ന ഹൃദയസ്പര്‍ശിയായ ചിത്രം.
ലെറ്റി പെരെസും അവരുടെ മകന്‍ ആന്തണി ഡയസും 2400ല്‍ അധികം കിലോമീറ്റര്‍ സഞ്ചരിച്ചാണ് ഗ്വാട്ടിമാലയില്‍നിന്ന് അമേരിക്കന്‍ അതിര്‍ത്തി പട്ടണമായ സ്യുഡാഡ് ജുവാരസിലെത്തിയത്. എന്നാല്‍ അതിര്‍ത്തിയില്‍ സുരക്ഷാ സേന അവരെ തടയുകയായിരുന്നു. സഞ്ചരിച്ച ദൂരത്തിന്റെ എല്ലാ പരിക്ഷീണതയും അവരിലുണ്ടായിരുന്നു. അതിര്‍ത്തി കടന്ന് അമേരിക്കയിലേയ്ക്ക് പ്രവേശിക്കാന്‍ അനുവദിക്കണമെന്ന് അവര്‍ സൈനികനോട് കേണപേക്ഷിക്കുന്ന ദൃശ്യമാണ് റോയിട്ടേഴ്‌സ് ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയത്.
തോക്കേന്തി നില്‍ക്കുന്ന സൈനികനെയും നിലത്തിരുന്ന് ഒരു കൈകൊണ്ട് മകനെ ചേര്‍ത്തു പിടിച്ച് മറു കൈകൊണ്ട് മുഖംപൊത്തി കരയുന്ന യുവതിയെയും ചിത്രത്തില്‍ കാണാം. മകന്റെ ഭാവിയെക്കരുതിയാണ് അമേരിക്കയിലേയ്ക്ക് കടക്കാന്‍ അവള്‍ ശ്രമിക്കുന്നത്. അതിനായി ആ സൈനികന്റെ കാലുപിടിക്കാന്‍ അവള്‍ തയ്യാറായിരുന്നു. എന്നാല്‍ ഉത്തരവുകള്‍ അനുസരിക്കുക മാത്രമാണ് താന്‍ ചെയ്യുന്നതെന്നും അതിര്‍ത്തി കടക്കാന്‍ അനുവദിക്കില്ലെന്നും സൈനികന്‍ നിലപാടെടുത്തു.
‘അഭയാര്‍ഥികളായ മനുഷ്യരുടെ എല്ലാ ദൈന്യതകളും അവളുടെ മുഖത്ത് പ്രതിഫലിച്ചിരുന്നു. എല്ലാവരും ചോദിക്കുന്നത് എന്തിനാണ് ഇവര്‍ അമേരിക്കയിലേയ്ക്ക് വരുന്നതെന്നാണ്. അവര്‍ക്ക് അവരുടെ രാജ്യത്തുതന്നെ ജീവിച്ചാല്‍ പോരേയെന്നും അനധികൃതമായി അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നത് എന്തിനെന്നുമാണ്. പക്ഷേ, ഓരോ അഭയാര്‍ഥിക്കും ദുരിതങ്ങളുടെ നിരവധി കഥകളുണ്ട്’- ഫോട്ടോഗ്രാഫര്‍ ജോസ് ലൂയിസ് ഗോണ്‍സാലസ് പറയുന്നു.
ഗ്വാട്ടിമാല, ഹോണ്ടുറാസ്, നിക്കാരഗ്വ തുടങ്ങിയ മധ്യ അമേരിക്കന്‍ രാജ്യങ്ങളില്‍നിന്ന് യുഎസിലേയ്ക്കുള്ള അഭയാര്‍ഥി പ്രവാഹം തടയുന്നതില്‍ മെക്‌സിക്കോയുടെ ദേശീയ സുരക്ഷാ വിഭാഗം നടത്തുന്ന ശ്രമങ്ങള്‍ വ്യക്തമാക്കുന്നതാണ് പുറത്തുവന്നിരിക്കുന്ന ചിത്രം. സമൂഹമാധ്യമങ്ങളില്‍ വലിയ തോതില്‍ ചിത്രം ചര്‍ച്ചചെയ്യപ്പെടുന്നുണ്ട്. മനുഷ്യത്വരഹിതമായ നിലപാടാണ് മെക്‌സിക്കോയുടെ ദേശീയ സുരക്ഷാ വിഭാഗം അതിര്‍ത്തിയില്‍ സ്വീകരിക്കുന്നതെന്നുള്ള വിമര്‍ശനവും ഈ ചിത്രം ഉയര്‍ത്തിവിട്ടിട്ടുണ്ട്.
നേരത്തെ രാജ്യത്ത് വര്‍ധിച്ചുവരുന്ന കൊലപാതകങ്ങളും അക്രമസംഭവങ്ങളും നിയന്ത്രിക്കാന്‍ രൂപം നല്‍കിയതാണ് മെക്‌സിക്കോയുടെ ദേശീയ സുരക്ഷാ വിഭാഗം. എന്നാല്‍ ഇപ്പോള്‍ ഈ അര്‍ധ സൈനിക വിഭാഗം ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത് അതിര്‍ത്തിയില്‍ അഭയാര്‍ഥികളെ തടയുന്നതിനാണന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ പ്രീണിപ്പിക്കുന്നതിനാണിതെന്നുമാണ് വിമര്‍ശനമുയരുന്നത്.
കാസാ ഗ്രാൻഡേ ∙ തന്റെ പ്രായത്തിലുള്ള മറ്റു കുട്ടികൾ ഹൈസ്ക്കൂളിലേക്ക് പഠിക്കാൻ പോകുമ്പോൾ പതിനഞ്ചുകാരിയായ ശ്രേയ മുത്തു എന്ന പാതിമലയാളി കോളജിലേക്കാണ് പോകുന്നത്. സംശയിക്കണ്ട, പഠനത്തിൽ മിടുക്കിയായ ഈ പതിനഞ്ചുകാരിയെ തേടിയെത്തിയത് വലിയ അവസരങ്ങളാണ്. ആറാം ഗ്രേഡ് മുതൽ ഡബിൾ പ്രെമോഷൻ ലഭിച്ചാണ് ഈ മിടുക്കി ഇവിടെവരെ ചെറുപ്രായത്തിൽ എത്തിയത്. 15 വയസ്സ് പൂർത്തിയായപ്പോഴേക്കും ചെറുമകൾ ഗ്രാജുവേഷനിലേക്ക് കടന്നുവെന്ന് അഭിമാനത്തോടെ ശ്രേയയുടെ അമ്മയുടെ പിതാവ് ഡോ. ജഗദീശൻ പറയുന്നു. ബിരുദത്തിനൊപ്പം മെഡിക്കൽ വിദ്യാഭ്യാസം കൂടി നേടിയാണ് ശ്രയ അദ്ഭുതം സൃഷ്ടിക്കുന്നത്.
ഓഗസ്റ്റിൽ ഗ്രാൻഡ് കാനിയൻ യൂണിവേഴ്സിറ്റിയിലാണ് ശ്രേയയുടെ ക്ലാസുകൾ ആരംഭിക്കുന്നത്. മൂന്നു വർഷത്തെ ബിരുദ പഠനം കഴിഞ്ഞാൽ മെഡിക്കൽ സ്കൂളിൽ ഇപ്പോഴെ ഒരു സീറ്റ് ഉറപ്പിച്ചാണ് പാതിമലയാളിയായ ശ്രേയ മുന്നേറുന്നത്. കാസാ ഗ്രാൻഡേയിലെ അരിസോണ സ്റ്റേറ്റ് യൂണിവേഴ്സിറ്റി പ്രെപ്രേറ്ററി അക്കാദമിയിലെ വിദ്യാർഥിയായിരുന്നു ശ്രേയ. ഭാവിയിൽ ഒരു സർജനോ, ത്വക്ക് രോഗ വിദഗ്ധയോ ആകാനാണ് ആഗ്രഹം. എവിടെയെല്ലാം പഠിച്ചാലും ഒടുവിൽ കാസാ ഗ്രാൻഡേയിൽ തന്നെ തിരികെ വന്ന് ജനങ്ങളെ സേവിക്കണമെന്നാണ് വിചാരിക്കുന്നതെന്നും ഈ മിടുക്കി വ്യക്തമാക്കുന്നു.
മാതൃക രക്ഷിതാക്കൾ തന്നെ
ഉയരങ്ങളിലേക്ക് കുതിക്കുന്ന ശ്രേയയുടെ മാതൃക തന്റെ രക്ഷിതാക്കൾ തന്നെയാണ്. കൊല്ലം കിടങ്ങൽ സ്വദേശി ഡോ. കവിത ജഗദീശനാണ് മാതാവ്. പിതാവ് ഡോ. ജെറാൾഡ് മുത്തു തമിഴ്നാട് ചെന്നെ സ്വദേശിയും. വർഷങ്ങളായി ഇരുവരും കാസാ ഗ്രാൻഡേയിൽ പ്രാക്ടീസ് ചെയ്യുന്നു. രക്ഷിതാക്കളെ കണ്ടു വളർന്ന ശ്രേയയുടെ എക്കാലത്തെയും ലക്ഷ്യം ഡോക്ടർ ആവുകതന്നെയായിരുന്നു. ശ്രേയയുടെ സഹോദരനും ഡോക്ടർ സ്വപ്നവുമായി മുന്നോട്ടു പോകുന്നു. കഴിഞ്ഞ വർഷം രക്ഷിതാക്കൾ പ്രാക്ടീസ് ചെയ്യുന്ന ഒയാസിസ് ഹെൽത്ത് സെന്ററിൽ ശ്രേയയും പോയിരുന്നു. അവിടെ വച്ച് രോഗികളുമായി ഇടപെടുകയും ചെറിയ സഹായങ്ങൾ ചെയ്യുകയും ചെയ്തു. ‘ഡോക്ടർമാരുടെ ഓഫീസിലാണ് ഞാൻ വളർന്നത്, രോഗികളുമായുള്ള ഇടപെടൽ പണ്ടുമുതലേ ശീലമാണ്. ഡോക്ടറാകുമ്പോൾ ഇക്കാര്യങ്ങൾ എന്നെ വലിയ രീതിയിൽ സഹായിക്കുമെന്നാണ് കരുതുന്നത്’– ശ്രേയ പറഞ്ഞു.
ജിസിയുവിൽ നിന്നും മൂന്നു വർഷത്തെ ഡിഗ്രിയും തുടർന്ന് ലേക്ക് എറിക് കോളജ് ഓഫ് ഓസ്റ്റോപതിക് മെഡിസിനിൽ നാലുവർഷത്തെ പഠനവുമാണ് ഉദ്ദേശിക്കുന്നത്. കണക്കിൽ മിടുക്കിയായ ശ്രേയയ്ക്ക് ഈ വിഭാഗത്തിലും നിരവധി സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട്. പഠനത്തിനു പുറമേയുള്ള കാര്യങ്ങളിലും ശ്രേയ തന്റെ കഴിവുതെളിയിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം പ്രൊജക്ടിന്റെ ഭാഗമായി മിത്ര റീഹാബിലെറ്റേഷൻ ഫണ്ട് എന്ന പേരിൽ സാമൂഹ്യ പ്രവർത്തനം സംഘടിപ്പിച്ചു. ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന മിത്ര റീഹാബിലെറ്റേഷൻ സെന്ററുമായി ചേർന്ന് 7000 ഡോളറാണ് ശ്രേയ സംഘടിപ്പിച്ചത്. ഭിന്നശേഷിയുള്ള ആളുകളെ സഹായിക്കുന്നതായിരുന്നു ഈ പരിപാടി.
പ്രതീക്ഷകൾ
പുതിയ കോളജിലേക്ക് പോകുന്നതിന്റെ ആവേശത്തിലാണ് ശ്രേയ. എന്നാൽ, ചെറിയ പ്രായത്തിൽ തന്നെ കോളജിൽ എത്തുന്നതിനാൽ ചെറിയ പേടിയും ഉണ്ട്. പക്ഷേ, ഡോക്ടർ ആവുകയെന്നത് വലിയ ആഗ്രഹമായതിനാൽ എല്ലാകാര്യങ്ങളെയും പോസറ്റീവ് ആയിട്ടാണ് കാണുന്നത്. ഇത്രയും വേഗം പഠനം ആരംഭിക്കാൻ സാധിച്ചതിൽ സന്തോഷവും പങ്കുവെച്ചു. ജിസിയുവിലെ ചില അധ്യാപകരുമായി ഇപ്പോൾ തന്നെ കൂടിക്കാഴ്ച നടത്തുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ടെന്നും ശ്രേയ പറഞ്ഞു. മറ്റു കുട്ടികളോട് ശ്രേയയ്ക്ക് പറയാനുള്ളത് ലക്ഷ്യത്തിൽ നിന്നും വ്യതിചലിക്കാതെ മുന്നോട്ടു പോകണമെന്നാണ്. നേരത്തെ തന്നെ എന്തായിരിക്കണം നമ്മുടെ ലക്ഷ്യമെന്ന് തീരുമാനിക്കുക. പിന്നീട്, അതിനായി കഠിനാധ്വാനം ചെയ്യുക–ശ്രേയ അഭിമാനത്തോടെ പറഞ്ഞു നിർത്തി.