പോലീസ് വാഹനം ഇടിച്ച് യുഎസിൽ ഇന്ത്യൻ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. ആന്ധ്രപ്രദേശ് സ്വദേശിനിയും യുഎസ് നോർത്ത് ഈസ്റ്റേൺ യൂണിവേഴ്‌സിറ്റി ക്യാമ്പസ് വിദ്യാർത്ഥിനിയുമായ ജാൻവി കൻന്ദുല (23) ആണ് മരിച്ചത്. കഴഞ്ഞദിവസം രാത്രി യുഎസ് പോലീസിന്റെ പെട്രോളിംഗ് വാഹനം ഇടിച്ച് തെറിപ്പിച്ച ജാൻവിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തോമസ് സ്ട്രീറ്റിന് സമീപത്തായി റോഡ് ക്രോസ് ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഇടിയുടെ ആഘാതത്തിൽ ജാൻവിക്ക് ഗുരുതരമായി പരിക്കേറ്റതായി പോലീസ് പറഞ്ഞു. ഒന്നിലധീകം മാരകമായ മുറിവുകളാണ് മരണത്തിന് കാരണമായതെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം അരമഭിച്ചു.
മൈക്കിൾ ജാക്‌സന്റെ മുൻ ഭാര്യ ലിസ മേരി പ്രെസ്ലി (54) അന്തരിച്ചു.ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ജനുവരി 12ന് ലോസ് ഏഞ്ചൽസിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
‘റോക്ക് ആൻഡ് റോൾ’ ഇതിഹാസം എൽവിസ് പ്രെസ്ലിയുടെ മകളാണ് ലിസ മേരി പ്രെസ്ലി. 1968ലായിരുന്നു പ്രെസ്ലിയുടെ ജനനം. 9 വയസ് പ്രായമുള്ളപ്പോൾ പ്രെസ്ലിയുടെ പിതാവായ എൽവിസ് മരിച്ചു. പിന്നീടങ്ങോട്ട് അമ്മ പ്രിസില്ലയാണ് പ്രെസ്ലിയുടെ എല്ലാ കാര്യങ്ങളും നോക്കിയത്. 2003ൽ പുറത്തിറങ്ങിയ ‘ടു ഹും ഇറ്റ് മെ കൺസേൺ’ എന്ന ആൽബത്തിലൂടെ പ്രെസ്ലി സംഗീത ലോകത്ത് അരങ്ങേറ്റം കുറിച്ചു. 2005ൽ പുറത്തിറങ്ങിയ ‘നൗ വാട്ട്’ എന്ന ആൽബം വലിയ ഹിറ്റായി മാറി.
വലിയ വിവാദങ്ങൾ നിറഞ്ഞതായിരുന്നു പ്രെസ്ലിയുടെ വ്യക്തി ജീവിതം. നാല് തവണയാണ് പ്രെസ്ലി വിവാഹിതയായത്. ഇവയിൽ ഒരെണ്ണം പോലും വിജയിച്ചില്ലെന്നതാണ് യാഥാർത്ഥ്യം. 1988ലായിരുന്നു പ്രെസ്ലി മൈക്കിൾ ജാക്‌സനെ വിവാഹം കഴിച്ചത്. 6 വർഷം മാത്രമാണ് ഇരുവരും ഒരുമിച്ച് ജീവിച്ചത്. പിന്നീട് 1994ൽ സംഗീതജ്ഞനായ ഡാനി കിയോയെ വിവാഹം കഴിച്ചെങ്കിലും രണ്ട് വർഷത്തിനിപ്പുറം ഇരുവരും വേർപിരിഞ്ഞു.
2002ൽ നടൻ നിക്കോളാസ് കെയ്ജിനെ വിവാഹം ചെയ്‌തെങ്കിലും 2004ൽ ആ ബന്ധവും അവസാനിച്ചു. 2006ലാണ് പ്രെസ്ലി നാലം തവണ വിവാഹിതയായത്. മ്യൂസിക് പ്രൊഡ്യൂസർ മൈക്കിൾ ലോക്ക്‌വുഡായിരുന്നു വരൻ. 15 വർഷം നീണ്ട ഇരുവരുടെയും വിവാഹ ജീവിതം 2021ൽ അവസാനിക്കുകയും ചെയ്തു. ജനുവരി 10ന് നടന്ന ഗോൾഡൻ ഗ്ലോബ് പുരസ്‌കാരദാന ചടങ്ങിൽ ലിസ മേരി പ്രെസ്ലിയും അമ്മ പ്രിസില്ല പ്രെസ്ലിയും പങ്കെടുത്തിരുന്നു.
അമേരിക്കയില്‍ വിമാനങ്ങള്‍ അടിയന്തരമായി നിലത്തിറക്കി. കമ്പ്യൂട്ടര്‍ ശൃംഖലയിലെ തകരാറാണ് കാരണമെന്ന് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ (എഫ്എഎ) അറിയിച്ചു. ഇതോടെ ആയിരക്കണക്കിന് ആളുകളാണ് വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുന്നത്. 93 സര്‍വീസുകള്‍ റദ്ദാക്കി. 1200 വിമാനങ്ങള്‍ വൈകുകയാണ്.
കംപ്യൂട്ടര്‍ തകരാറിലായതിനാല്‍ യുഎസിലുടനീളമുള്ള എല്ലാ വിമാനങ്ങളും നിര്‍ത്തിവച്ചതായി യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ദേശീയ എയര്‍സ്‌പേസ് സിസ്റ്റത്തിലുടനീളമുള്ള പ്രവര്‍ത്തനങ്ങളെ ഇത് ബാധിച്ചിരിക്കുന്നതായാണ് ലഭ്യമാകുന്ന വിവരം. എയര്‍ മിഷന്‍ സിസ്റ്റം പുനഃസ്ഥാപിക്കുന്നതിനായുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
യുഎസിലെ ടെക്സസ് സംസ്ഥാനത്തുള്ള ഫോർട്ട് ബെൻഡ് കൗണ്ടിയിൽ ജഡ്ജിമാരായി മലയാളികളായ ജൂലി എ. മാത്യു, കെ.പി.ജോർജ്, സുരേന്ദ്രൻ കെ.പട്ടേൽ എന്നിവർ സ്ഥാനമേറ്റു. ജൂലിയും ജോർജും രണ്ടാം വട്ടമാണു തിരഞ്ഞെടുക്കപ്പെടുന്നത്. തിരുവല്ല വെണ്ണിക്കുളം സ്വദേശിയായ ജൂലിയുടെ ശ്രമഫലമായാണു മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ പ്രശ്നപരിഹാരത്തിനായി കൗണ്ടിയിൽ പ്രത്യേക കോടതി ആരംഭിച്ചത്. 15 വർഷം അറ്റോർണിയായിരുന്നു.
കോന്നി കൊക്കാത്തോട് സ്വദേശിയായ കെ.പി.ജോർജ് ഫിനാൻഷ്യൽ കൺസൽറ്റന്റായി പ്രവർത്തിച്ചിട്ടുണ്ട്. കാസർകോട് ബളാൽ സ്വദേശിയായ സുരേന്ദ്രൻ ടെക്സസിൽ 25 വർഷം അറ്റോർണിയായിരുന്നു. ഗ്രേറ്റർ ഹൂസ്റ്റൺ മലയാളി അസോസിയേഷൻ പ്രസിഡന്റായും സേവനമനുഷ്ഠിച്ചു. നവംബറില്‍ നടന്ന തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥികളായാണ് 3 പേരും ജയിച്ചത്.
യുഎസ് കൗണ്ടി ജഡ്ജിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട് മലയാളിയായ ജൂലി എ. മാത്യു. കാസര്‍കോട് വീട്ടില്‍ വച്ചായിരുന്നു ജൂലിയുടെ സത്യപ്രതിജ്ഞ.രണ്ടാംതവണയാണ് ജൂലി എ. മാത്യു യുഎസ് കൗണ്ടി ജഡ്ജിയാവുന്നത്. സത്യപ്രതിജ്ഞ ചടങ്ങ് ഓണ്‍ലൈനായിട്ടായിരുന്നു നടത്തിയിരുന്നത്. കാസര്‍കോട് ഭീമനടിയില്‍ ഭര്‍ത്താവിന്റെ വീട്ടില്‍ വച്ചായിരുന്നു സത്യപ്രതിജ്ഞ ചെയ്തത്. 15 വര്‍ഷം അറ്റോര്‍ണിയായിരുന്നു ജൂലി.
തിരുവല്ല സ്വദേശിയാണ് ജൂലി. ഭര്‍ത്താവ് ജിമ്മി മാത്യു യുഎസില്‍ ഇന്റീരിയര്‍ ഡിസൈനിങ് കമ്പനി നടത്തുകയാണ്. കഴിഞ്ഞ ദിവസമാണ് ഇരുവരും നാട്ടിലെത്തിയത് ജൂലിക്ക് പുറമെ കാസര്‍കോട് ബളാല്‍ സ്വദേശി സുരേന്ദ്രന്‍ കെ.പട്ടേല്‍, കോന്നി കൊക്കാത്തോട് സ്വദേശി കെ.പി.ജോര്‍ജ് എന്നിവരും ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടിയില്‍ ജഡ്ജിമാരായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
യുഎസിൽ ശൈത്യം പിടിമുറുക്കുന്ന വേളയിൽ മരണങ്ങളും കൂടി വരികയാണ്. ഏകദേശം 60ഓളം മനുഷ്യ ജീവനുകളാണ് ഇതുവരെ കൊടുംതണുപ്പിൽ ഇല്ലാതായത്. കഴിഞ്ഞ ദിവസമാണ് തണുത്തുറഞ്ഞ തടാകത്തിൽ വീണ് ഇന്ത്യൻ ദമ്പതികൾ മരണപ്പെട്ടത്. ഇവരുടെ വിയോഗത്തിന് പിന്നാലെ ദമ്പതികളുടെ പ്രായപൂർത്തിയാകാത്ത 2 പെൺകുട്ടികളുടെ ചുമതല സർക്കാർ ഏറ്റെടുത്തു.
അരിസോന സംസ്ഥാനത്തിലെ ബാല സുരക്ഷാ വകുപ്പ് ആണ് പന്ത്രണ്ടും ഏഴും വയസ്സുള്ള കുട്ടികളുടെ സംരക്ഷണം ഏറ്റെടുത്തത്. ചാൻഡ്ലറിൽ താമസിച്ചിരുന്ന ആന്ധ്രപ്രദേശ് സ്വദേശികളായ നാരായണ മുദ്ദാന (49), ഭാര്യ ഹരിത (47), കുടുംബ സുഹൃത്ത് ഗോകുൽ മെദിസെറ്റി (47) എന്നിവരാണ് അരിസോനയിലെ വുഡ്‌സ് കാന്യോൻ തടാകത്തിലെ മഞ്ഞുപാളികൾക്കിടയിൽ വീണു മരിച്ചത്. ക്രിസ്മസിന് തലേന്ന് ചിത്രങ്ങളെടുക്കാൻ തടാകത്തിന് സമീപത്തെത്തിയപ്പോഴായിരുന്നു അപ്രതീക്ഷിത അപകടം സംഭവിച്ചത്.
ആറു മുതിർന്നവരും അഞ്ചു കുട്ടികളുമുള്ള സംഘം മഞ്ഞിലെ കാഴ്ചകൾ കാണാനാണ് ഇവിടെയെത്തിയത്. സംഘത്തിലുണ്ടായിരുന്ന നാരായണ മുദ്ദാന, ഹരിത, ഗോകുൽ മെദിസെറ്റി എന്നിവർ തണുത്തുറഞ്ഞ തടാകത്തിലിറങ്ങി നടന്ന് ചിത്രങ്ങളെടുക്കുമ്പോഴായിരുന്നു മഞ്ഞുപാളികൾ തകർന്ന് തടാകത്തിലേയ്ക്ക് പതിച്ചത്. ഹരിതയെ അപ്പോൾതന്നെ വെള്ളത്തിൽനിന്നു പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചിരുന്നില്ല. മൈനസ് 30 ഡിഗ്രിയായിരുന്നു ഈ സമയത്ത് തടാകത്തിലെ തണുപ്പെന്നാണ് റിപ്പോർട്ട്.
അമേരിക്കയിലെ അരിസോണ സംസ്ഥാനത്തിലെ തണുത്തുറഞ്ഞ തടാകത്തിലൂടെ നടക്കുന്നതിനിടെ മഞ്ഞുപാളിയിൽ വീണ ഒരു സ്ത്രീ ഉൾപ്പെടെ മൂന്ന് ഇന്ത്യൻ പൗരന്മാർ മുങ്ങിമരിച്ചു.
ആന്ധ്രപ്രദേശ് സ്വദേശികളായ നാരായണ മുദ്ദാന (49), ഭാര്യ ഹരിത മുദ്ദാന, കുടുംബസുഹൃത്ത് ഗോകുൽ മെദിസെറ്റി (47) എന്നിവരാണു മരിച്ചത്. തണുത്തുറഞ്ഞ വുഡ്സ് കാന്യൻ തടാകത്തിലൂടെ നടക്കുമ്പോൾ തെന്നി വീണായിരുന്നു അപകടം.
ഡിസംബർ 26ന് ഉച്ചകഴിഞ്ഞു മൂന്നരയോടെയാണ് അപകടമുണ്ടായതെന്നു വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു. ചാൻഡ്‍ലർ എന്ന സ്ഥലത്തായിരുന്നു ഇവർ താമസിച്ചിരുന്നത്. ഹരിതയെ വെള്ളത്തിൽ നിന്നു പുറത്തെടുത്തു ജീവൻ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും മരിക്കുകയായിരുന്നു. നാരായണ, ഗോകുൽ എന്നിവരെ മരിച്ച നിലയാണു കണ്ടെത്തിയതെന്നും പ്രവിശ്യ ഷെരീഫ് വ്യക്തമാക്കി.
വൻ ശീതകാല കൊടുങ്കാറ്റ് വടക്കേ അമേരിക്കയെ ആഞ്ഞടിക്കുന്നത് തുടരുന്നതിനാൽ പത്ത് ദശലക്ഷത്തിലധികം അമേരിക്കക്കാരും കാനഡക്കാരും പ്രശ്നങ്ങൾ നേരിടുകയാണ്. സൈക്ലോൺ ബോംബ് എന്ന ശീതക്കൊടുങ്കാറ്റാണ് അടിക്കുന്നത്. യുഎസ്. 3,000 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ 25 കോടിയോളം ജനങ്ങളെ ശൈത്യബോംബ് ബാധിച്ചു. യുഎസിലാകെ 62 പേർ മരിച്ചതായാണഅ വിവരം.
മധ്യരേഖാ പ്രദേശത്തെ ചൂടേറിയ വായു മുകളിലേക്ക് ഉയർന്ന് രൂപപ്പെടുന്ന വായുരഹിത പ്രദേശത്തേക്ക് ആർട്ടിക് ധ്രുവമേഖലയിൽ നിന്നുള്ള അതിശൈത്യക്കാറ്റ് പെട്ടെന്നു വന്നുനിറഞ്ഞാണു ബോംബ് ചുഴലി രൂപപ്പെടുന്നത്. യുഎസിൽ ചിലയിടങ്ങളിൽ താപനില മൈനസ് 50 ഡിഗ്രി സെൽഷ്യസും കടന്നു കുത്തനെ താഴേക്കു പോയി.
യുഎസിൽ 45 വർഷത്തിനിടയിൽ ഉണ്ടായ ഏറ്റവും വലിയ ശീതക്കാറ്റാണ്. തെക്കൻ ന്യൂയോർക്കിലെ ബഫലോ നയാഗ്ര രാജ്യാന്തര വിമാനത്താവളത്തിൽ ഞായറാഴ്ച 109 സെന്റിമീറ്റർ ഹിമപാതമുണ്ടായി. വിമാനത്താവളം അടച്ചു. കാറുകളുടെയും വീടുകളുടെയും മുകളിൽ ആറടിയോളം ഉയരത്തിൽ മഞ്ഞുവീണ് കിടക്കുകയാണ്.
മണിക്കൂറിൽ 64 കിലോമീറ്ററിലേറെ വേഗത്തിൽ വീശുന്ന ശീതക്കൊടുങ്കാറ്റു മൂലം ഞായറാഴ്ച മാത്രം 1,707 ആഭ്യന്തര-രാജ്യാന്തര വിമാനസർവീസുകൾ യുഎസിൽ റദ്ദാക്കി. ജപ്പാനിൽ അതിശൈത്യം കാരണം 17 പേർ മരിച്ചു. വരും ദിവസങ്ങളിൽ സ്ഥിതി രൂക്ഷമാകും എന്നാണ് മുന്നറിയിപ്പ്. നൂറുകണക്കിനു പേർക്ക് ഹിമപാതത്തിൽ പരുക്കേറ്റിട്ടുണ്ട്.
കാനഡയ്ക്കു സമീപം ഗ്രേറ്റ് തടാകം മുതൽ മെക്സിക്കോ അതിർത്തിയിലെ റിയോ ഗ്രാൻഡെ വരെ വീശുന്ന ശീതക്കാറ്റ് യുഎസിലെ 60% പേരെയും ബാധിച്ചതായാണ് വിവരം. ഈ മേഖലയിൽ അന്തരീക്ഷമർദം വീണ്ടും കുറയുന്നത് കൊടുങ്കാറ്റു ശക്തിപ്പെടാനുള്ള സൂചനയാണെന്നാണ് വിവരം.
പഠിച്ചത് സർക്കാർ സ്‌കൂളിൽ വിദ്യാഭ്യാസത്തിനായി പണം കണ്ടെത്തിയത് ഹോട്ടലിൽ പത്രം കഴുകിയും മണ്ണ് ചുമെന്നും ബീഡി തെറുത്തും. പക്ഷേ കഷ്ടപ്പെട്ടത് വെറുതെ ആയില്ല. അമേരിക്കയില്‍ ജില്ലാ ജഡ്ജിയായ സുരേന്ദ്രന്‍ കെ.പട്ടേലിന്റെ വൈകാരികപ്രസംഗത്തില്‍ അഭിഭാഷകരുടെ കണ്ണുകള്‍ ഈറനണിഞ്ഞു. അമേരിക്കയിലെ ടെക്‌സാസ് സംസ്ഥാനത്തെ 240-ാം ജില്ലാ കോടതിയിലെ ജഡ്ജിയായി നിയമനം ലഭിച്ചശേഷം നാട്ടിലെത്തിയ അദ്ദേഹത്തിന് ഹൊസ്ദുര്‍ഗ് ബാര്‍ അസോസിയേഷന്‍ നല്‍കിയ സ്വീകരണത്തിലാണ് തന്റെ ജീവിതാനുഭവം വിവരിച്ചത്.
സര്‍ക്കാര്‍ സ്‌കൂളില്‍ പഠിച്ചും മരച്ചുവട്ടിലിരുന്ന് വായിച്ചും കഴിഞ്ഞ നാളുകള്‍. ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ബീഡിതെറുക്കാന്‍ തുടങ്ങിയത്. പത്താംതരം കഷ്ടിപ്പാസ് ആയിരുന്നു. അടുത്തവര്‍ഷം പഠിക്കാന്‍ പോയില്ല. പൂര്‍ണസമയ ബീഡിതെറുപ്പുകാരനായി. പിന്നീട് എളേരിത്തട്ട് കോളേജില്‍ പ്രീഡിഗ്രിക്കും പയ്യന്നൂര്‍ കോളേജില്‍ ബിരുദത്തിനും പഠിക്കുന്ന കാലം നാടന്‍പണിക്കിറങ്ങി. എല്‍എല്‍.ബി.ക്ക് കോഴിക്കോട് ലോ കോളേജില്‍ പഠിക്കുമ്പോള്‍ ഹോട്ടല്‍ തൊഴിലാളിയായി. പാതിരാത്രിയോളം നീണ്ട പണി. പാത്രം കഴുകണം, ഹോട്ടല്‍ കഴുകണം.
എല്‍എല്‍.ബി. കഴിഞ്ഞെത്തിയത് കാഞ്ഞങ്ങാട്ടെ അപ്പുക്കുട്ടന്‍ വക്കീലിന്റെ ഓഫീസിലേക്ക്. അദ്ദേഹത്തിന്റെ ജൂനിയറായി പ്രവര്‍ത്തിക്കുന്നതിനിടെ കല്യാണം കഴിഞ്ഞു. ഭാര്യ ശുഭയ്ക്ക് ന്യൂഡല്‍ഹിയില്‍ നഴ്സായി ജോലി കിട്ടിയപ്പോള്‍ അഭിഭാഷകജീവിതം തലസ്ഥാനത്തേക്കു മാറ്റി.
സുപ്രീം കോടതിയില്‍ പ്രാക്ടീസ് ചെയ്തു. ഭാര്യക്ക് അമേരിക്കയില്‍ ജോലികിട്ടിയപ്പോള്‍ അങ്ങോട്ട് പോയി. അവിടെ പലചരക്കുകടയില്‍ ജോലിക്കാരനായി. അതിനിടയില്‍ അഭിഭാഷക ലൈസന്‍സിങ് പരീക്ഷയെഴുതി. പിന്നീട് എല്‍എല്‍.എം. ജയിച്ചു. ജില്ലാ ജഡ്ജിയാകാന്‍ അവിടെ ജനകീയ വോട്ടെടുപ്പാണ്.
ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ മത്സരിച്ച് പ്രാഥമിക റൗണ്ടില്‍ സിറ്റിങ് ജഡ്ജിയെ തോല്‍പ്പിച്ചു. തുടര്‍ തിരഞ്ഞെടുപ്പിലും വിജയിച്ചതോടെ ജില്ലാ ജഡ്ജിയായി…’ ആ പദവിയിലെത്തുന്ന ഏക മലയാളിയാണ് താനെന്നും സുരേന്ദ്രന്‍ പറഞ്ഞു.
കടുത്ത ശാരീരിക പീഡനത്തിന്റേയും മാനസീക പിരിമുറുക്കത്തിന്റെയും അന്‍പതോളം വര്‍ഷങ്ങള്‍ക്കിപ്പുറം തന്റെ യഥാര്‍ത്ഥ മാതാപിതാക്കളെ കണ്ടെത്തിയ 53കാരിയാണ് സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ താരം. അമേരിക്കയിലെ ടെക്സാസ് സ്വദേശിനിയായ മെലീസ ഹൈസ്മിത്ത് ആണ് വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ യഥാര്‍ത്ഥ അച്ഛനമ്മമാരെ കണ്ടെത്തി വാര്‍ത്തകളില്‍ ഇടം നേടിയത്.
ടെക്സാസിലെ ഫോര്‍ട്ട് വര്‍ത്തിലെ താമസക്കാരിയായിരുന്നു മെലീസ. 1971 ഓഗസ്റ്റ് 23നാണ് മെലീസയെ ഒരു സ്ത്രീ തട്ടിക്കൊണ്ടുപോയത്. അന്ന് 21 മാസമായിരുന്നു മെലീസയുടെ പ്രായം. ഇവരുടെ അമ്മയായ അള്‍ട്ട അപ്പാന്‍ടെന്‍കോ ഭര്‍ത്തായ ജെഫ്രി ഹൈസ്മിത്തില്‍ നിന്നും വിവാഹ മോചനം നേടിയ ശേഷം കുഞ്ഞായിരുന്ന മെലീസയെ നോക്കാനായി റൂത്ത് ജോണ്‍സണ്‍ എന്ന ഒരു ആയയെ നിയമിച്ചിരുന്നു. ഇവരാണ് മെലീസയെ തട്ടിക്കൊണ്ടുപോയത്.
പിന്നീട് മെലാനിയ വാള്‍ഡന്‍ എന്ന പേരിലാണ് മെലീസ വളരാന്‍ തുടങ്ങിയത്. എന്നാല്‍ റൂത്ത് ജോണ്‍സണും അവരുടെ ഭര്‍ത്താവും ചേര്‍ന്ന് തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നുവെന്ന് മെലീസ തുറന്നുപറയുന്നു. കടുത്ത ലൈംഗികാതിക്രമം താന്‍ അനുഭവിച്ചിരുന്നതായും പീഡനം സഹിക്കാനാവാതെ 15 വയസ്സുള്ളപ്പോള്‍ ആ വീട്ടില്‍ നിന്നും ഓടിപ്പോയി, തെരുവുകളില്‍ ജോലി ചെയ്തും മറ്റുമാണ് ജീവിച്ചിരുന്നതെന്നും മെലീസ പറഞ്ഞു.
മാതാപിതാക്കളുടെ മുഖം പോലും മെലീസയ്ക്ക് ഓര്‍മ്മയില്ലായിരുന്നു. ഇപ്പോള്‍ വര്‍ഷങ്ങള്‍ക്കിപ്പുറമാണ് മെലീസ തന്റെ മാതാപിതാക്കളെ ആദ്യമായി കാണുന്നത്. മെലീസയ്ക്ക് ഇപ്പോള്‍ 53 വയസ്സുണ്ട്. 51 വര്‍ഷത്തിന് ശേഷമാണ് തന്റെ മാതാപിതാക്കളെ അവര്‍ ആദ്യമായി കാണുന്നത്.
മെലീസ ടെക്സാസിലെ ഫോര്‍ട്ട് വര്‍ത്തില്‍ തന്നെയാണ് താമസിച്ചിരുന്നതെന്ന കാര്യം അവരുടെ യഥാര്‍ത്ഥ മാതാപിതാക്കള്‍ക്കും അറിയില്ലായിരുന്നു. ഇരുവര്‍ക്കുമിടയില്‍ ഏകദേശം 20 മിനിറ്റ് ദൂരം യാത്ര മാത്രമെ ഉണ്ടായിരുന്നുള്ളു. എന്നിട്ടും പരസ്പരം അറിയാന്‍ ഏകദേശം 51 വര്‍ഷം കാത്തരിക്കേണ്ടി വന്നു.
ഖത്തര്‍ ലോകകപ്പ് മത്സരങ്ങള്‍ക്കിടെ ‘മഴവില്‍’ ടീഷര്‍ട്ട് ധരിച്ചെത്തിയതിലൂടെ വാര്‍ത്തകളില്‍ ഇടം പിടിച്ച അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകന്‍ ഗ്രാന്റ് വാല്‍ (48) കുഴഞ്ഞുവീണുമരിച്ചു. ഇന്നു പുലര്‍ച്ചെ നടന്ന അര്‍ജന്റീന-നെതര്‍ലന്‍ഡ്‌സ് മത്സരം റിപോര്‍ട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
നവംബര്‍ 21ന് മഴവില്‍ ടീഷര്‍ട്ട് ധരിച്ച് ലോകകപ്പ് മത്സരം റിപ്പോര്‍ട്ട് ചെയ്യാനെത്തിയതോടെയാണ് ഗ്രാന്റ് വാല്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചത്. സ്വവര്‍ഗാനുരാഗത്തിന് നിരോധനമുള്ള ഖത്തറില്‍ എല്‍ജിബിടിക്യു കമ്മ്യൂണിറ്റിയെ പിന്തുണച്ച് മഴവില്‍ ടീഷര്‍ട്ട് ധരിച്ചെത്തിയ തന്നെ സ്‌റ്റേഡിയത്തില്‍ പ്രവേശിക്കുന്നതില്‍നിന്നു തടഞ്ഞതായി സ്‌പോര്‍ട്‌സ് ജേണലിസ്റ്റായ ഗ്രാന്റ് വാല്‍തന്നെയാണ് അറിയിച്ചത്.
ടീ ഷര്‍ട്ട് ഊരാന്‍ സംഘാടകര്‍ തന്നോട് ആവശ്യപ്പെട്ടെന്നും എന്നാല്‍ തനിക്ക് പ്രശ്‌നമൊന്നും ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. സംഭവത്തിന് പിന്നാലെ മറ്റൊരു സുരക്ഷാ ജീവനക്കാരന്‍ തന്നെ സമീപിച്ച് ക്ഷമാപണം നടത്തുകയും അകത്തേക്ക് പ്രവേശിക്കാന്‍ അനുമതി നല്‍കുകയും ഫിഫയുടെ പ്രതിനിധി ക്ഷമ ചോദിക്കുകയും ചെയ്തതായി ഗ്രാന്റ് വാല്‍ ട്വിറ്ററില്‍ കുറിച്ചിരുന്നു. തന്റെ കരിയറിലെ എട്ടാമത്തെ ലോകകപ്പ് മത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനാണ് ഗ്രാന്റ് വാല്‍ ഖത്തറിലെത്തിയത്. വാലിന്റെ മരണം ഹൃദയഭേദകമാണെന്ന് യുഎസ് സോക്കര്‍ ട്വീറ്റ് ചെയ്തു.
ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ഖത്തറില്‍ താന്‍ ചികിത്സ തേടിയതായി കഴിഞ്ഞ ദിവസം ഗ്രാന്റ് വാല്‍ ട്വിറ്ററില്‍ കുറിച്ചിരുന്നതായി ഇഎസ്പിഎന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഉറക്കക്കുറവ്, സമ്മര്‍ദ്ദം, സ്ട്രസ്സ്, ജോലിഭാരം തുടങ്ങിയവ തന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്നായിരുന്നു വാല്‍ കുറിച്ചത്. കൊവിഡ് പരിശോധന നടത്തിയെങ്കിലും നെഗറ്റീവായിരുന്നു. തുടര്‍ന്ന് പ്രധാന മീഡിയ സെന്ററിലുള്ള മെഡിക്കല്‍ ക്ലിനിക്കിലെത്തി. പരിശോധനയ്ക്ക് ശേഷം ആന്റിബയോട്ടിക്കുകളും ചുമയ്ക്കുള്ള മരുന്നും നല്‍കിയതാതും ഇപ്പോള്‍ ഭേദം തോന്നുന്നുവെന്നും വാല്‍ അറിയിച്ചിരുന്നു.
ലോകത്തെ വലിയ സജീവ അഗ്നിപർവതമായ മൗന ലോവ പൊട്ടിത്തെറിച്ചു. യു.എസിലെ ഹവായ് ദ്വീപിൽ സ്ഥിതിചെയ്യുന്ന മൗന ലോവ 38 വർഷത്തിന് ശേഷമാണ് പൊട്ടിത്തെറിക്കുന്നത്. മുമ്പ് 1984ലാണ് അവസാനമായി മൗന ലോവ പൊട്ടിത്തെറിച്ചത്.
അഗ്നിപർവതത്തിൽ നിന്ന് ജ്വാലകൾ പ്രവഹിക്കുന്നതിന്‍റെയും ചുവന്ന ലാവ ഒഴുകിപ്പരക്കുന്നതിന്‍റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. ഇന്നലെ ഇന്ത്യൻ സമയം വൈകിട്ട് മൂന്നിനാണ് പൊട്ടിത്തെറിയുണ്ടായത്.
ഞായറാഴ്ച മേഖലയിൽ ഭൂചലനങ്ങളും പ്രകമ്പനങ്ങളും അനുഭവപ്പെട്ടിരുന്നു. അഗ്നിപർവതം ഏതുസമയവും പൊട്ടിത്തെറിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നതിനാൽ അപകടാവസ്ഥയുണ്ടായില്ല.
1984ൽ മൗന ലോവ പൊട്ടിത്തെറിച്ചപ്പോൾ എട്ട് കിലോമീറ്റർ അകലെയുള്ള ഹിലോ നഗരത്തിൽ വരെ ലാവ ഒഴുകിയെത്തിയിരുന്നു. ഇത്തവണ ജനവാസ മേഖലകളിലേക്ക് ലാവ എത്തില്ലെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ.
Mauna Loa, the largest volcano on the planet, is erupting now on the Big Island of Hawai’i after being dormant for 38 years. Follow along to see footage captured by our team 🌋 pic.twitter.com/6busmUpXJr
— Paradise Helicopters (@Paradisecopters) November 29, 2022