USA

പഠിച്ചത് സർക്കാർ സ്‌കൂളിൽ വിദ്യാഭ്യാസത്തിനായി പണം കണ്ടെത്തിയത് ഹോട്ടലിൽ പത്രം കഴുകിയും മണ്ണ് ചുമെന്നും ബീഡി തെറുത്തും. പക്ഷേ കഷ്ടപ്പെട്ടത് വെറുതെ ആയില്ല. അമേരിക്കയില്‍ ജില്ലാ ജഡ്ജിയായ സുരേന്ദ്രന്‍ കെ.പട്ടേലിന്റെ വൈകാരികപ്രസംഗത്തില്‍ അഭിഭാഷകരുടെ കണ്ണുകള്‍ ഈറനണിഞ്ഞു. അമേരിക്കയിലെ ടെക്‌സാസ് സംസ്ഥാനത്തെ 240-ാം ജില്ലാ കോടതിയിലെ ജഡ്ജിയായി നിയമനം ലഭിച്ചശേഷം നാട്ടിലെത്തിയ അദ്ദേഹത്തിന് ഹൊസ്ദുര്‍ഗ് ബാര്‍ അസോസിയേഷന്‍ നല്‍കിയ സ്വീകരണത്തിലാണ് തന്റെ ജീവിതാനുഭവം വിവരിച്ചത്.

സര്‍ക്കാര്‍ സ്‌കൂളില്‍ പഠിച്ചും മരച്ചുവട്ടിലിരുന്ന് വായിച്ചും കഴിഞ്ഞ നാളുകള്‍. ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ബീഡിതെറുക്കാന്‍ തുടങ്ങിയത്. പത്താംതരം കഷ്ടിപ്പാസ് ആയിരുന്നു. അടുത്തവര്‍ഷം പഠിക്കാന്‍ പോയില്ല. പൂര്‍ണസമയ ബീഡിതെറുപ്പുകാരനായി. പിന്നീട് എളേരിത്തട്ട് കോളേജില്‍ പ്രീഡിഗ്രിക്കും പയ്യന്നൂര്‍ കോളേജില്‍ ബിരുദത്തിനും പഠിക്കുന്ന കാലം നാടന്‍പണിക്കിറങ്ങി. എല്‍എല്‍.ബി.ക്ക് കോഴിക്കോട് ലോ കോളേജില്‍ പഠിക്കുമ്പോള്‍ ഹോട്ടല്‍ തൊഴിലാളിയായി. പാതിരാത്രിയോളം നീണ്ട പണി. പാത്രം കഴുകണം, ഹോട്ടല്‍ കഴുകണം.
എല്‍എല്‍.ബി. കഴിഞ്ഞെത്തിയത് കാഞ്ഞങ്ങാട്ടെ അപ്പുക്കുട്ടന്‍ വക്കീലിന്റെ ഓഫീസിലേക്ക്. അദ്ദേഹത്തിന്റെ ജൂനിയറായി പ്രവര്‍ത്തിക്കുന്നതിനിടെ കല്യാണം കഴിഞ്ഞു. ഭാര്യ ശുഭയ്ക്ക് ന്യൂഡല്‍ഹിയില്‍ നഴ്സായി ജോലി കിട്ടിയപ്പോള്‍ അഭിഭാഷകജീവിതം തലസ്ഥാനത്തേക്കു മാറ്റി.

സുപ്രീം കോടതിയില്‍ പ്രാക്ടീസ് ചെയ്തു. ഭാര്യക്ക് അമേരിക്കയില്‍ ജോലികിട്ടിയപ്പോള്‍ അങ്ങോട്ട് പോയി. അവിടെ പലചരക്കുകടയില്‍ ജോലിക്കാരനായി. അതിനിടയില്‍ അഭിഭാഷക ലൈസന്‍സിങ് പരീക്ഷയെഴുതി. പിന്നീട് എല്‍എല്‍.എം. ജയിച്ചു. ജില്ലാ ജഡ്ജിയാകാന്‍ അവിടെ ജനകീയ വോട്ടെടുപ്പാണ്.
ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ മത്സരിച്ച് പ്രാഥമിക റൗണ്ടില്‍ സിറ്റിങ് ജഡ്ജിയെ തോല്‍പ്പിച്ചു. തുടര്‍ തിരഞ്ഞെടുപ്പിലും വിജയിച്ചതോടെ ജില്ലാ ജഡ്ജിയായി…’ ആ പദവിയിലെത്തുന്ന ഏക മലയാളിയാണ് താനെന്നും സുരേന്ദ്രന്‍ പറഞ്ഞു.

 

കടുത്ത ശാരീരിക പീഡനത്തിന്റേയും മാനസീക പിരിമുറുക്കത്തിന്റെയും അന്‍പതോളം വര്‍ഷങ്ങള്‍ക്കിപ്പുറം തന്റെ യഥാര്‍ത്ഥ മാതാപിതാക്കളെ കണ്ടെത്തിയ 53കാരിയാണ് സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ താരം. അമേരിക്കയിലെ ടെക്സാസ് സ്വദേശിനിയായ മെലീസ ഹൈസ്മിത്ത് ആണ് വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ യഥാര്‍ത്ഥ അച്ഛനമ്മമാരെ കണ്ടെത്തി വാര്‍ത്തകളില്‍ ഇടം നേടിയത്.

ടെക്സാസിലെ ഫോര്‍ട്ട് വര്‍ത്തിലെ താമസക്കാരിയായിരുന്നു മെലീസ. 1971 ഓഗസ്റ്റ് 23നാണ് മെലീസയെ ഒരു സ്ത്രീ തട്ടിക്കൊണ്ടുപോയത്. അന്ന് 21 മാസമായിരുന്നു മെലീസയുടെ പ്രായം. ഇവരുടെ അമ്മയായ അള്‍ട്ട അപ്പാന്‍ടെന്‍കോ ഭര്‍ത്തായ ജെഫ്രി ഹൈസ്മിത്തില്‍ നിന്നും വിവാഹ മോചനം നേടിയ ശേഷം കുഞ്ഞായിരുന്ന മെലീസയെ നോക്കാനായി റൂത്ത് ജോണ്‍സണ്‍ എന്ന ഒരു ആയയെ നിയമിച്ചിരുന്നു. ഇവരാണ് മെലീസയെ തട്ടിക്കൊണ്ടുപോയത്.

പിന്നീട് മെലാനിയ വാള്‍ഡന്‍ എന്ന പേരിലാണ് മെലീസ വളരാന്‍ തുടങ്ങിയത്. എന്നാല്‍ റൂത്ത് ജോണ്‍സണും അവരുടെ ഭര്‍ത്താവും ചേര്‍ന്ന് തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നുവെന്ന് മെലീസ തുറന്നുപറയുന്നു. കടുത്ത ലൈംഗികാതിക്രമം താന്‍ അനുഭവിച്ചിരുന്നതായും പീഡനം സഹിക്കാനാവാതെ 15 വയസ്സുള്ളപ്പോള്‍ ആ വീട്ടില്‍ നിന്നും ഓടിപ്പോയി, തെരുവുകളില്‍ ജോലി ചെയ്തും മറ്റുമാണ് ജീവിച്ചിരുന്നതെന്നും മെലീസ പറഞ്ഞു.

മാതാപിതാക്കളുടെ മുഖം പോലും മെലീസയ്ക്ക് ഓര്‍മ്മയില്ലായിരുന്നു. ഇപ്പോള്‍ വര്‍ഷങ്ങള്‍ക്കിപ്പുറമാണ് മെലീസ തന്റെ മാതാപിതാക്കളെ ആദ്യമായി കാണുന്നത്. മെലീസയ്ക്ക് ഇപ്പോള്‍ 53 വയസ്സുണ്ട്. 51 വര്‍ഷത്തിന് ശേഷമാണ് തന്റെ മാതാപിതാക്കളെ അവര്‍ ആദ്യമായി കാണുന്നത്.

മെലീസ ടെക്സാസിലെ ഫോര്‍ട്ട് വര്‍ത്തില്‍ തന്നെയാണ് താമസിച്ചിരുന്നതെന്ന കാര്യം അവരുടെ യഥാര്‍ത്ഥ മാതാപിതാക്കള്‍ക്കും അറിയില്ലായിരുന്നു. ഇരുവര്‍ക്കുമിടയില്‍ ഏകദേശം 20 മിനിറ്റ് ദൂരം യാത്ര മാത്രമെ ഉണ്ടായിരുന്നുള്ളു. എന്നിട്ടും പരസ്പരം അറിയാന്‍ ഏകദേശം 51 വര്‍ഷം കാത്തരിക്കേണ്ടി വന്നു.

ഖത്തര്‍ ലോകകപ്പ് മത്സരങ്ങള്‍ക്കിടെ ‘മഴവില്‍’ ടീഷര്‍ട്ട് ധരിച്ചെത്തിയതിലൂടെ വാര്‍ത്തകളില്‍ ഇടം പിടിച്ച അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകന്‍ ഗ്രാന്റ് വാല്‍ (48) കുഴഞ്ഞുവീണുമരിച്ചു. ഇന്നു പുലര്‍ച്ചെ നടന്ന അര്‍ജന്റീന-നെതര്‍ലന്‍ഡ്‌സ് മത്സരം റിപോര്‍ട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

നവംബര്‍ 21ന് മഴവില്‍ ടീഷര്‍ട്ട് ധരിച്ച് ലോകകപ്പ് മത്സരം റിപ്പോര്‍ട്ട് ചെയ്യാനെത്തിയതോടെയാണ് ഗ്രാന്റ് വാല്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചത്. സ്വവര്‍ഗാനുരാഗത്തിന് നിരോധനമുള്ള ഖത്തറില്‍ എല്‍ജിബിടിക്യു കമ്മ്യൂണിറ്റിയെ പിന്തുണച്ച് മഴവില്‍ ടീഷര്‍ട്ട് ധരിച്ചെത്തിയ തന്നെ സ്‌റ്റേഡിയത്തില്‍ പ്രവേശിക്കുന്നതില്‍നിന്നു തടഞ്ഞതായി സ്‌പോര്‍ട്‌സ് ജേണലിസ്റ്റായ ഗ്രാന്റ് വാല്‍തന്നെയാണ് അറിയിച്ചത്.

ടീ ഷര്‍ട്ട് ഊരാന്‍ സംഘാടകര്‍ തന്നോട് ആവശ്യപ്പെട്ടെന്നും എന്നാല്‍ തനിക്ക് പ്രശ്‌നമൊന്നും ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. സംഭവത്തിന് പിന്നാലെ മറ്റൊരു സുരക്ഷാ ജീവനക്കാരന്‍ തന്നെ സമീപിച്ച് ക്ഷമാപണം നടത്തുകയും അകത്തേക്ക് പ്രവേശിക്കാന്‍ അനുമതി നല്‍കുകയും ഫിഫയുടെ പ്രതിനിധി ക്ഷമ ചോദിക്കുകയും ചെയ്തതായി ഗ്രാന്റ് വാല്‍ ട്വിറ്ററില്‍ കുറിച്ചിരുന്നു. തന്റെ കരിയറിലെ എട്ടാമത്തെ ലോകകപ്പ് മത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനാണ് ഗ്രാന്റ് വാല്‍ ഖത്തറിലെത്തിയത്. വാലിന്റെ മരണം ഹൃദയഭേദകമാണെന്ന് യുഎസ് സോക്കര്‍ ട്വീറ്റ് ചെയ്തു.

ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ഖത്തറില്‍ താന്‍ ചികിത്സ തേടിയതായി കഴിഞ്ഞ ദിവസം ഗ്രാന്റ് വാല്‍ ട്വിറ്ററില്‍ കുറിച്ചിരുന്നതായി ഇഎസ്പിഎന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഉറക്കക്കുറവ്, സമ്മര്‍ദ്ദം, സ്ട്രസ്സ്, ജോലിഭാരം തുടങ്ങിയവ തന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്നായിരുന്നു വാല്‍ കുറിച്ചത്. കൊവിഡ് പരിശോധന നടത്തിയെങ്കിലും നെഗറ്റീവായിരുന്നു. തുടര്‍ന്ന് പ്രധാന മീഡിയ സെന്ററിലുള്ള മെഡിക്കല്‍ ക്ലിനിക്കിലെത്തി. പരിശോധനയ്ക്ക് ശേഷം ആന്റിബയോട്ടിക്കുകളും ചുമയ്ക്കുള്ള മരുന്നും നല്‍കിയതാതും ഇപ്പോള്‍ ഭേദം തോന്നുന്നുവെന്നും വാല്‍ അറിയിച്ചിരുന്നു.

ലോകത്തെ വലിയ സജീവ അഗ്നിപർവതമായ മൗന ലോവ പൊട്ടിത്തെറിച്ചു. യു.എസിലെ ഹവായ് ദ്വീപിൽ സ്ഥിതിചെയ്യുന്ന മൗന ലോവ 38 വർഷത്തിന് ശേഷമാണ് പൊട്ടിത്തെറിക്കുന്നത്. മുമ്പ് 1984ലാണ് അവസാനമായി മൗന ലോവ പൊട്ടിത്തെറിച്ചത്.

അഗ്നിപർവതത്തിൽ നിന്ന് ജ്വാലകൾ പ്രവഹിക്കുന്നതിന്‍റെയും ചുവന്ന ലാവ ഒഴുകിപ്പരക്കുന്നതിന്‍റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. ഇന്നലെ ഇന്ത്യൻ സമയം വൈകിട്ട് മൂന്നിനാണ് പൊട്ടിത്തെറിയുണ്ടായത്.

ഞായറാഴ്ച മേഖലയിൽ ഭൂചലനങ്ങളും പ്രകമ്പനങ്ങളും അനുഭവപ്പെട്ടിരുന്നു. അഗ്നിപർവതം ഏതുസമയവും പൊട്ടിത്തെറിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നതിനാൽ അപകടാവസ്ഥയുണ്ടായില്ല.

1984ൽ മൗന ലോവ പൊട്ടിത്തെറിച്ചപ്പോൾ എട്ട് കിലോമീറ്റർ അകലെയുള്ള ഹിലോ നഗരത്തിൽ വരെ ലാവ ഒഴുകിയെത്തിയിരുന്നു. ഇത്തവണ ജനവാസ മേഖലകളിലേക്ക് ലാവ എത്തില്ലെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ.

മൂന്ന് വയസുകാരനെ ക്രൂരമായി കൊലപ്പെടുത്തിയ ആളുടെ വധശിക്ഷ 63ാം ജന്മദിനത്തിൽ നടപ്പാക്കി. കാമുകിയുടെ കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ നടപ്പാക്കിയത്. അമേരിക്കയിലെ ഒക്കലഹോമയിലാണ് സംഭവം.

മുൻ നാവികസേനാ ഉദ്യോ​ഗസ്ഥനായ റിച്ചാര്‍ഡ് ഫെയര്‍ ചെല്‍ഡ് എന്നയാളുടെ വധശിക്ഷയാണ് വ്യാഴാഴ്ച നടപ്പാക്കിയത്. 1993ൽ 34ാം വയസിലാണ് ഇയാൾ ക്രൂരമായ കൊലപാതകം നടത്തിയത്. കൊലപാതകത്തിനുള്ള ജയില്‍ ശിക്ഷ അനുഭവിച്ച ഇയാളുടെ 63ാം പിറന്നാള്‍ ദിനത്തിൽ വധശിക്ഷ നടപ്പാക്കുകയായിരുന്നു. വിഷം കുത്തിവച്ചായിരുന്നു വധശിക്ഷ.

ആദം ബ്രൂംഹാൽ എന്ന മൂന്ന് വയസുകാരനാണ് ദാരുണമായി കൊല്ലപ്പെട്ടത്. ആദമിന് നീതി ലഭിച്ച ദിവസമെന്നാണ് അവസാനമായി റിച്ചാര്‍ഡ് പ്രതികരിച്ചത്. വധശിക്ഷ നടപ്പാക്കുന്നതിനെതിരെ ബോധവല്‍ക്കരണം നടത്തുന്നവര്‍ റിച്ചാര്‍ഡിന് വേണ്ടി പിറന്നാള്‍ കേക്ക് തയ്യാറാക്കിയിരുന്നു.

കിടക്കയില്‍ മൂത്രമൊഴിച്ച ശേഷം കരഞ്ഞതിനായിരുന്നു കാമുകിയുടെ മകനെ റിച്ചാര്‍ഡ് ക്രൂരമായി കൊലപ്പെടുത്തിയത്. കാമുകിയുമായി എല്ലാ രാത്രിയും മദ്യപിക്കാറുണ്ടായിരുന്ന പ്രതി സംഭവദിവസം അവരുടെ വീട്ടിൽ കിടന്നുറങ്ങിയപ്പോഴായിരുന്നു കുഞ്ഞിനെ വകവരുത്തിയത്.

ചുട്ടുപഴുത്ത ചിമ്മിനി അടുപ്പിലേക്ക് ആദമിന്‍റെ ശരീരം പിടിച്ച ശേഷമായിരുന്നു മേശയിലേക്ക് എറിഞ്ഞത്. ശരീരത്തിന്റെ ഇരു വശത്തും ഗുരുതര പൊള്ളലാണ് മൂന്ന് വയസുകാരനേറ്റത്. മേശയില്‍ തലയിടിച്ച് അബോധാവസ്ഥയിലായ കുഞ്ഞ് പിന്നാലെ മരണത്തിനു കീഴടങ്ങുകയായിരുന്നു.

2021 ഒക്ടോബറിലാണ് ഒക്കലഹോമ അധികാരികൾ വധശിക്ഷ പുനരാരംഭിക്കാനുള്ള തീരുമാമെടുക്കുന്നത്. ഇതിനു ശേഷം ഏഴു പേരുടെ വധശിക്ഷയാണ് നടപ്പാക്കിയത്. അമേരിക്കയില്‍ ഈ വര്‍ഷം നടക്കുന്ന 16ാമത്തെ വധശിക്ഷയാണ് റിച്ചാര്‍ഡിന്‍റേത്. രണ്ട് ദിവസത്തിനുള്ളിൽ നാല് വധശിക്ഷകളാണ് യു.എസിൽ നടപ്പാക്കിയത്.

നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും പ്രായം കുറഞ്ഞ ഫ്‌ളൈറ്റ് ഇന്‍സ്ട്രക്ടര്‍ എന്ന സ്ഥാനം സ്വന്തമാക്കി പ്രവാസി മലയാളി. 19-ാം വയസില്‍ ട്രാന്‍സ്‌പോര്‍ട്ട് കാനഡയില്‍ നിന്ന് ഫ്‌ളൈറ്റ് ഇന്‍സ്ട്രക്ടര്‍ റേറ്റിംഗ് ലൈസന്‍സ് കരസ്ഥമാക്കിയാണ് കാനഡ കാല്‍ഗറിയില്‍ നിന്നുമുള്ള മലയാളി ഗോഡ്‌ലി മേബിള്‍ തന്റെ സ്വപ്‌നത്തിലേക്ക് കുതിച്ചുര്‍ന്നത്.

2022 മാര്‍ച്ചില്‍ കൊമേര്‍ഷ്യല്‍ പൈലറ്റ് ലൈസന്‍സ് ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ വനിത, ഇന്ത്യന്‍ വംശജയായ ഏറ്റവും പ്രായം കുറഞ്ഞ ഫ്‌ളൈറ്റ് ഇന്‍സ്ട്രക്ടര്‍, ഏറ്റവും പ്രായം കുറഞ്ഞ മലയാളി ഫ്‌ലൈറ്റ് ഇന്‍സ്ട്രക്ടര്‍ എന്നീ റെക്കോര്‍ഡുകള്‍ മേബിളിന് സ്വന്തമാണ്.

എയര്‍ ലൈന്‍ ക്യാപ്റ്റന്‍ ആകാനുള്ള തന്റെ യാത്രയിലെ ഒരു പ്രധാന നാഴികക്കല്ലാണ് ഈ നേട്ടത്തോടുകൂടി മേബിള്‍ പിന്നിട്ടിരിക്കുന്നത്. എന്നാല്‍ എയര്‍ലൈന്‍ പൈലറ്റ് ആകണമെങ്കില്‍ 21 വയസ് ആയിരിക്കണമെന്ന ട്രാന്‍സ്‌പോര്‍ട്ട് കാനഡയുടെ നിബന്ധനയുള്ളതിനാല്‍ കുട്ടിക്കാലം മുതലുള്ള തന്റെ ആഗ്രഹവുമായി ഇനിയും രണ്ടു വര്‍ഷം കാത്തിരിക്കണം.

കാല്‍ഗറി ബിഷപ്പ് മക്‌നാലി ഹൈസ്‌കൂളിന്‍ നിന്ന് ഹൈസ്‌കൂള്‍ ഡിപ്ലോമ കഴിഞ്ഞതിനുശേഷം സ്പ്രിംഗ് ബാങ്ക് എയര്‍ ട്രൈനിംഗ് കോളേജില്‍ നിന്ന് പ്രൈവറ്റ് പൈലറ്റ് ലൈസന്‍സ്, കാല്‍ഗറി ഫ്‌ളയിംഗ് ക്ലബില്‍ നിന്ന് കൊമേര്‍ഷ്യല്‍ പൈലറ്റ് ലൈസന്‍സും, മള്‍ട്ടി-എന്‍ജിന്‍ ഐഎഫ്ആര്‍ റേറ്റിംഗ്, കാണാട്ട ഏവിയേഷന്‍ കോളേജില്‍ നിന്ന് ഫ്‌ലൈറ്റ് ഇന്‍സ്ട്രക്ടര്‍ ലൈസന്‍സും കരസ്ഥമാക്കിയ മേബിള്‍ എയര്‍ ലൈന്‍ പൈലറ്റ് അകാനുള്ള തന്റെ സ്വപ്‌നത്തിന് തൊട്ട് അരികെയാണിപ്പോള്‍.

ലൈസന്‍സ് ലഭിച്ച ഉടന്‍ തന്നെ മേബിളിന് കാല്‍ഗറിയിലും പരിസര നഗരങ്ങളില്‍ നിന്നുമുള്ള നിരവധി ഫ്‌ളയിംഗ് സ്‌കൂളുകളില്‍ ഫ്‌ളൈറ്റ് ഇന്‍സ്ട്രക്ടര്‍ ആകുവാന്‍ അവസരങ്ങള്‍ ലഭിച്ചിരിക്കുകയാണ്. 2017 ല്‍ കാനഡയിലേക്ക് ചേക്കേറിയ പ്രവാസി മലയാളികളായ അബിയുടെയും റോസ് അബിയുടെയും മൂത്തമകളാണ് ഗോഡ്‌ലി മേബിള്‍. സഹോദരന്‍ റയാന്‍ അബി.

ആകാശത്തു നിന്ന് തീഗോളം പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ ഒരു വീട് പൊടുന്നനെ കത്തിയെരിഞ്ഞു. യുഎസിലെ കലിഫോര്‍ണിയയിലാണ് നടുക്കുന്ന സംഭവം. നെവാഡയിലുള്ള ഡസ്റ്റിന്‍ പ്രോസിറ്റയുടെ വീട്ടിലാണു സംഭവം നടന്നത്. ഇവിടെ
ഉല്‍ക്കാപതനമാണോ സംഭവിച്ചതെന്ന സംശയത്തിലാണ് അധികൃതര്‍.

വൈകീട്ട് ഏഴരയോടെയാണ് സംഭവം. എന്നാല്‍ ആര്‍ക്കും പരിക്കില്ല. എന്തോ ഒരു സാധനം വീട്ടിലിടിച്ച് തീ കത്താന്‍ തുടങ്ങിയതാണെന്ന് ഡസ്റ്റിന്‍ പറയുന്നു. അദ്ദേഹം അന്നേരം വീട്ടിലുണ്ടായിരുന്നു. താമസിയാതെ വീടിനെ അഗ്‌നിനാളങ്ങള്‍ വിഴുങ്ങി. തന്റെ വളര്‍ത്തുനായയുമായി ഡസ്റ്റിന്‍ ഉടനടി രക്ഷപ്പെട്ടു.

എന്നാല്‍ വീട്ടിലെ തീയണയ്ക്കാന്‍ ഡസ്റ്റിനു സാധിച്ചില്ല. അധികം താമസിയാതെ വീട് പൂര്‍ണമായി കത്തി നശിക്കുകയായിരുന്നു. അഗ്‌നിശമനസേനയും മറ്റ് ഉദ്യോഗസ്ഥരും എത്തിയാണ് തീയണച്ചത്. ഒരു തീഗോളം ആകാശത്തു പ്രത്യക്ഷപ്പെട്ടെന്നും അതു ഡസ്റ്റിന്റെ വീടിനെ ലക്ഷ്യമാക്കി നീങ്ങിയെന്നും അയല്‍വാസികള്‍ പറയുന്നു.

അതേസമയം, എന്താണ് ഈ തീപിടിത്തത്തിനു തുടക്കമിട്ടതെന്ന കാര്യത്തില്‍ ആര്‍ക്കും വ്യക്തതയില്ല. സംഭവത്തിന്റെ ഞെട്ടലിലാണ് ഡസ്റ്റിനും അയല്‍വാസികളും.

തെന്നിന്ത്യന്‍ നടി രംഭയും മക്കളും സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടു. കാനഡയില്‍വച്ചാണ് സംഭവം. സ്‌കൂളില്‍ നിന്നും കുട്ടികളെ തിരിച്ചുകൊണ്ടുപോകുന്ന വഴി രംഭയുടെ കാറില്‍ മറ്റൊരു കാര്‍ വന്ന് ഇടിക്കുകയായിരുന്നു. രംഭയും കുട്ടികളും അദ്ഭുതകരമായി രക്ഷപ്പെട്ടു. മൂത്ത മകള്‍ സാഷയ്ക്ക് പരുക്കുണ്ട്. ആശുപത്രിയില്‍ കഴിയുന്ന സാഷയുടെ ചിത്രം പങ്കുവച്ചായിരുന്നു രംഭ ഈ വിവരം അറിയിച്ചത്.

”സ്‌കൂളില്‍ നിന്ന് കുട്ടികളെ കൂട്ടിക്കൊണ്ടു പോകുന്ന വഴിയില്‍ വച്ച് ഞങ്ങളുടെ കാറില്‍ മറ്റൊരു കാര്‍ ഇടിക്കുകയായിരുന്നു. ഞാനും കുട്ടികളും എന്റെ മുത്തശ്ശിയുമായിരുന്നു കാറിലുണ്ടായിരുന്നത്. ഞങ്ങള്‍ എല്ലാവരും നിസ്സാര പരിക്കുകളോടെ സുരക്ഷിതരാണ്. എന്റെ കുഞ്ഞു സാഷ ഇപ്പോഴും ഹോസ്പിറ്റലിലാണെന്ന് രംഭ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

വിവാഹശേഷം കാനഡയിലെ ടോറോന്റോയിലാണ് രംഭയും കുടുംബവും. ബിസിനസുകാരനായ ഇന്ദ്രൻ പത്മാനന്തന്റെയും രംഭയുടെയും മൂന്നാമത്തെ കുട്ടിയാണ് സാഷ. സാംബ, ലാവണ്യ എന്നിവരാണ് മറ്റുമക്കൾ.

വിജയലക്ഷ്മി യീദി എന്ന രംഭ തൊണ്ണൂറുകളിൽ തെന്നിന്ത്യയിലെ പ്രധാനപ്പെട്ട നടിമാരിൽ ഒരാളായിരുന്നു. മലയാളത്തിൽ ‘സർഗം’ എന്ന ചിത്രത്തിലൂടെ പതിനഞ്ചാം വയസ്സിൽ അഭിനയം തുടങ്ങിയ രംഭ തമിഴിൽ രജനികാന്ത്, അജിത്, വിജയ്, എന്നിവരോടൊപ്പവും ഹിന്ദിയിൽ സൽമാൻ ഖാനോടൊപ്പവും മലയാളത്തിൽ മമ്മൂട്ടി, ദിലീപ്, ജയറാം എന്നിവരോടൊപ്പവും രംഭ അഭിനയിച്ചിട്ടുണ്ട്. 2010ലാണ് ബിസിനസുകാരനായ ഇന്ദ്രൻ പത്മാനന്തനെ വിവാഹം കഴിച്ച് രംഭ ടോറോന്റോയിലേക്ക് താമസം മാറിയത്.

അന്തരിച്ച പ്രമുഖ മാധ്യമപ്രവര്‍ത്തകനുംം സാമൂഹ്യ പ്രവർത്തകനും ആയിരുന്ന ഫ്രാന്‍സിസ് തടത്തിലിന്റെ കുടുംബത്തെ സഹായിക്കുന്നതിനായി ഫൊക്കാനയുടേയും ഫ്രാന്‍സിസ് തടത്തിലിന്റെ സുഹൃത്തുക്കളുടേയും നേതൃത്വത്തില്‍ ഒരു ‘ഗോ ഫണ്ട് മീ’ പേജ് ആരംഭിച്ചു. ഫ്രാന്‍സിസ് തടത്തിലിന്റെ അപ്രതീക്ഷിത മരണത്തില്‍ തകര്‍ന്നുപോയ കുടുംബാംഗങ്ങളെ സഹായിക്കുന്നതിനും അദ്ദേഹത്തിന്റെ കുട്ടികളുടെ വിദ്യാഭ്യാസത്തിനുമായാണ് പണം സമാഹരിക്കുന്നത്.

അദ്ദേഹത്തിന്റെ വേര്‍പാടില്‍ വേദനിക്കുന്ന പ്രിയ മക്കള്‍ ഐറിന്‍, ഐസക് എന്നിവര്‍ക്ക് ഇനിയും ജീവിതം തുടരുന്നതിന് അനുകമ്പയോടെ ഓരോരുത്തരും നല്‍കുന്ന സാമ്പത്തിക സഹായം തുണയാകും. വളരെ ചെറുപ്പത്തില്‍ തന്നെ പിതാവിന്റെ സ്‌നേഹവും സംരക്ഷണവും നഷ്ടമായ ഫ്രാന്‍സിസ് തടത്തിലിന്റെ കുഞ്ഞുങ്ങളുടെ ഭാവി സുരക്ഷിതമാക്കുക എന്ന ആഗ്രഹത്തോടെയാണ് സുഹൃത്തുക്കളുടെ സഹകരണത്തോടെ ഫൊക്കാനയുടെ നേതൃത്വത്തില്‍ ഗോഫണ്ട് മീ പേജ് ഓപ്പണ്‍ ചെയ്തിരിക്കുന്നത്.

രാവിലെ ഉണരാത്തതിനെത്തുടര്‍ന്ന് മക്കള്‍ വന്നു വിളിച്ചപ്പോള്‍ മരിച്ച നിലയില്‍ കാണുകയായിരുന്നു. ന്യൂജേഴ്സിയിലെ ഈസ്റ്റ് ഹാനോവര്‍ സ്വദേശിയായ ഫ്രാന്‍സിസ് കോഴിക്കോട് ദേവഗിരി കോളജിലെ ഇംഗ്ലീഷ് വിഭാഗം അദ്ധ്യാപകനായിരുന്ന പരേതനായ ടി.കെ. മാണിയുടെയും എലിസബത്ത് കരിംതുരുത്തേലിന്റെയും 11 മക്കളില്‍ പത്താമനാണ്. ഭാര്യ: നെസ്സി തടത്തില്‍ (അക്യൂട്ട് കെയര്‍ നേഴ്സ് പ്രാക്ടീഷണര്‍). മക്കള്‍: ഐറീന്‍ എലിസബത്ത് തടത്തില്‍, ഐസക്ക് ഇമ്മാനുവേല്‍ തടത്തില്‍.

രക്താര്‍ബുധം പിടിപെട്ടതിനെത്തുടര്‍ന്ന് ദീര്‍ഘനാള്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന അദ്ദേഹം മനോധൈര്യം ഒന്നുകൊണ്ടു മാത്രം അസുഖത്തെ തോല്‍പ്പിച്ച് ജീവിതത്തിലേക്ക് തിരിച്ച് വന്ന വ്യക്തിയായിരുന്നു .28 വര്‍ഷത്തെ പത്രപ്രവര്‍ത്തന പരിചയമുള്ള ഫ്രാന്‍സിസ് തടത്തില്‍ പതിനൊന്നര വര്‍ഷത്തെ സജീവ പത്രപ്രവര്‍ത്തനത്തിനു ശേഷം 2006 ജനുവരിയിലാണ് അമേരിക്കയിലേക്കു കുടിയേറിയത്. അമേരിക്കയില്‍ എത്തിയതിനു ശേഷം നിരവധി പത്രങ്ങളില്‍ ഫ്രീലാന്‍സ് പത്രപ്രവര്‍ത്തനം നടത്തിയ ഫ്രാന്‍സിസ് നിലവില്‍ കേരളാ ടൈംസിന്റെ ചീഫ് എഡിറ്ററായി ജോലി ചെയ്ത് വരികയായിരുന്നു.

മലയാളികളുമായി ബന്ധപ്പെട്ട ഒട്ടേറെ വിഷയങ്ങളും,ഫൊക്കാനയുടെ നിരവധി വാർത്തകളും അദ്ദേഹത്തിലൂടെ അമേരിക്കൻ മലയാളികൾ എത്തി.ആരോഗ്യപരമായ പ്രതിസസന്ധികളിലൂടെ കടന്നുപോവുമ്പോഴും ഉത്തരവാദപ്പെട്ട പത്രപ്രവർത്തകനെന്ന നിലയിൽ എല്ലാ വിഷയങ്ങളിലും വ്യക്തമായ കാഴ്ചപ്പാടുകൾ ഉണ്ടായിരുന്നു അദ്ദേഹത്തിന് .രണ്ടര ദശാബ്ദത്തിലേറെ പത്രപ്രവർത്തന രംഗത്തു സജീവമായ ഫ്രാൻസിസ് തടത്തിൽ മാധ്യമ ജീവിതത്തിലെ മറക്കാത്ത ഓർമ്മകളാണ് ‘നാലാം തുണിനപ്പുറം’ .വിധിയുടെ നിഷ്ഠൂരത ജീവിതത്തെ ഗതി മാറ്റി വിട്ടപ്പോഴും പ്രത്യാശയുടെ ചിറകിൽ, ഉറ്റവരുടെ സ്നേഹത്തിന്റെ തണലിൽ പുതു ജീവിതം കെട്ടിപ്പടുത്ത വീറുറ്റ പോരാളിയുടെ അനുഭവ കഥനങ്ങളാണിത്. രോഗം ശരീരത്തെ തകർത്തു താറുമാറാക്കിയപ്പോഴും മനസുപതറാതെ ധീരമായ പോരാട്ടത്തിലൂടെ രക്താർബുദത്തെയും കീഴടക്കിയാണ് ഫ്രാൻസിസ് എഴുത്തിന്റെ ലോകത്ത് മുന്നേറിയത്.

മരണത്തെ മുഖാമുഖം കണ്ടതു ഒമ്പത് തവണയായിരുന്നു.ദൈവാനുഗ്രഹവും മനോധൈര്യവുമാണ് ഒരു തിരിച്ചുവരവിന് കാരണമായതെന്ന് അദ്ദേഹം തന്നെ പലപ്പോഴായി പറഞ്ഞിട്ടുണ്ട്.1994-97 കാലയളവിൽ ദീപികയിൽ ജേർണലിസം ട്രെയ്‌നിയായി തുടക്കം കുറിച്ച ഫ്രാൻസിസിന്റെ ആരംഭവും പരിശീലനക്കളരിയും തൃശൂർ തന്നെയായിരുന്നു. ഇക്കാലയളവിൽ പ്രഥമ പുഴങ്കര ബാലനാരായണൻ എൻഡോവ്‌മെന്റ്, പ്ലാറ്റൂൺ പുരസ്‌കാരം (1997) ആ വര്ഷത്തേ മികച്ച ലേഖകനുള്ള മാനേജിoഗ് എഡിറ്റർ പുരസ്‌കാരം എന്നിവ നേടി. കേരള കലാമണ്ഡലത്തെകുറിച്ച് എഴുതിയ ‘ മഹാകവീ മാപ്പ് ‘, പരിസ്ഥിതി പ്രശ്‌നങ്ങളെകുറിച്ചു തയാറാക്കിയ ‘രക്തരക്ഷസുകളുടെ മഹാനഗരം’ എന്നീ ലേഖന പരമ്പരകൾക്കായിരുന്നു അവാർഡുകൾ. പുസ്തകത്തിൽ തൃശൂർ ജീവിതത്തിൽ കണ്ടതും അനുഭവിച്ചതുമായ കാര്യങ്ങളാണ് പൂർണമായും ഉൾക്കൊള്ളിച്ചിട്ടുള്ളത്.1997-98 കാലത്ത് ദീപിക കൊച്ചി ബ്യൂറോ ചീഫ് ആയി സ്ഥാനക്കയറ്റം ലഭിച്ച അദ്ദേഹം 1998 ൽ ദീപിക തിരുവനന്തപുരം നിയമസഭാ റിപ്പോർട്ടിങ്, 1999ൽ ദീപിക പാലക്കാട് ബ്യൂറോ ചീഫ്, 2000 ൽ കോഴിക്കോടു രാഷ്ട്ര ദീപികയുടെ എഡിറ്റർ ഇൻ ചാർജ്, അതേവർഷം കോഴിക്കോട് ബ്യൂറോ ചീഫ് എന്നീ സ്ഥാനങ്ങൾ അലങ്കരിച്ചു.ഇക്കാലയളവിൽ മാറാട് കലാപത്തെക്കുറിച്ചും മുത്തങ്ങ വെടിവയ്പിനെക്കുറിച്ചും ഭീകരവാദ പ്രവർത്തനങ്ങളെക്കുറിച്ചും നടത്തിയ റിപ്പോർട്ടിംഗ് ഏറെ ശ്രദ്ധേയമായിരുന്നു.2006 ൽ അമേരിക്കയിൽഎത്തിയ അദ്ദേഹം നാളിതുവരെ അമേരിക്കയിൽ നിന്നിറങ്ങുന്ന മാധ്യമങ്ങളിൽ സജീവമായിരുന്നു.2017 ൽ അമേരിക്കയിലെ ഏറ്റവും മികച്ച പത്രപ്രവർത്തകനുള്ള ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (IPCNA)യുടെ അവാർഡ് ലഭിച്ചു . 2018 ലും 2022 ലും ഫൊക്കാനയുടെ മികച്ച മാധ്യമ പ്രവർത്തകനുള്ള അവാർഡും ലഭിച്ചിരുന്നു.

 

പ്രസവ വേദനയ്ക്കിടയിലും തലകീഴായി മറിഞ്ഞ കാറിലെ ഡ്രൈവറെ രക്ഷിച്ച അമേരിക്കൻ സ്വദേശിനിയായ യുവതിയാണ് സോഷ്യൽമീഡിയയുടെ കൈയ്യടി നേടുന്നത്. മുപ്പതുകാരിയായ മേഗൻ വാർഫീൽഡ് ആണ് പ്രസവ വേദനയ്ക്കിടയിലും ഒരു ജീവൻ രക്ഷിക്കാൻ ശ്രമം നടത്തിയത്. മേഗനും അമ്മയും കാറിൽ സഞ്ചരിക്കുന്നതിനിടയിലാണ് അവരുടെ വാഹനം മറ്റൊരു കാറുമായി കൂട്ടിയിടിച്ചത്. കാര്യമായ അപകടമൊന്നും പറ്റിയില്ലെങ്കിലും ഇടിയുടെ ആഘാതത്തിൽ മേഗന് പ്രസവ വേദന അനുഭവപ്പെടാൻ തുടങ്ങി.

എന്നാൽ അതൊന്നും കാര്യമാക്കാതെ അപകടത്തെ തുടർന്നുണ്ടായ ട്രാഫിക് നിയന്ത്രിക്കാൻ ഇറങ്ങുകയായിരുന്നു അഗ്‌നിശമന സേനാംഗം കൂടിയായ മേഗൻ. ഇതിനിടയിലാണ് ഒരു കാർ തലകീഴായി മറിഞ്ഞു കിടക്കുന്നത് അവർ കണ്ടത്. കാറിലെ ഡ്രൈവറായ സ്ത്രീ കാറിനുള്ളിൽ കുടുങ്ങിക്കിടക്കുന്ന നിലയിലായിരുന്നു. ഉടനടി മറുത്ത് ചിന്തിക്കാതെ മേഗൻ അപകടത്തിൽപ്പെട്ട കാറിനരികിലേയ്ക്ക് എത്തി.

കാറിന്റെ ഗ്ലാസിനുള്ളിലൂടെ അകത്തുകയറാൻ ശ്രമിച്ചു. എന്നാൽ ആ ശ്രമം വിജയിച്ചില്ല. തുടർന്ന് കാറിന് പുറത്ത് മുട്ടുകുത്തി ഇരുന്ന് മേഗൻ കുടുങ്ങിക്കിടക്കുന്ന ഡ്രൈവറെ സുരക്ഷിതമായി ഇരുത്തി. പരിക്ക് കൂടുതൽ വഷളാകാതെ അവർക്ക് ആത്മവിശ്വാസം പകർന്ന് മേഗൻ കൂടെത്തന്നെ നിന്നു. അധികം വൈകാതെ സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ഡ്രൈവറെ പുറത്തെടുത്തു. ഇതിന് പിന്നാലെ മേഗന് ശരീരം വിറയ്ക്കാൻ തുടങ്ങി.

പ്രസവ വേദന നിയന്ത്രിക്കാൻ കഴിയാതെ വന്നു. ഇതോടെ അവരെ ആശുപത്രിയിലേക്ക് മാറ്റി, മണിക്കൂറുകൾക്കുള്ളിൽ മേഗൻ പെൺകുഞ്ഞിന് ജന്മം നൽകുകയും ചെയ്തു. ഷാർലെറ്റ് എന്നാണ് മകൾക്ക് പേര് നൽകിയത്. ‘ഞാൻ പ്രസവവുമായി ബന്ധപ്പെട്ട് അവധിയിൽ ആയിരുന്നു. ആ സമയത്ത് ഒരു ജീവൻ രക്ഷിക്കുക എന്നത് മാത്രമാണ് ആലോചിച്ചത്. ആ വേദനയ്ക്കിടയിലും അതെല്ലാം എങ്ങനെയാണ് ചെയ്തതെന്ന് എനിക്കറിയില്ല.’ മേഗൻ പറയുന്നു

RECENT POSTS
Copyright © . All rights reserved