ഐഎന്‍എക്‌സ് മീഡിയ കേസില്‍ മുൻ കേന്ദ്രമന്ത്രി പി. ചിദംബരത്തെ സിബിഐ അറസ്റ്റു ചെയ്തത് നാടകീയമായി. ഡൽഹി ജോർബാഗിലെ വസതിയിലെത്തിയാണ് സിബിഐ സംഘം അദ്ദേഹത്തെ അറസ്റ്റു ചെയ്തത്. മതിൽ ചാടിക്കടന്നാണ് സിബിഐ സംഘം ചിദംബരത്തിന്റെ വീട്ടുവളപ്പിലെത്തിയത്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരും ചിദംബരത്തിന്റെ വസതിയിലെത്തിയിരുന്നു. മുൻകൂർ ജാമ്യാപേക്ഷ വെള്ളിയാഴ്ച പരിഗണിക്കാനിരിക്കെയാണ് ചിദംബരത്തിന്റെ അറസ്റ്റ്. സിബിഐ ആസ്ഥാനത്തെത്തിച്ച ചിദംബരത്തെ ചോദ്യം ചെയ്യുകയാണ്. വ്യാഴാഴ്ച സിബിഐ കോടതിയിൽ ഹാജരാക്കും.

അറസ്റ്റ് ചെയ്തു കൊണ്ടുപോകുന്ന സമയത്ത് കോൺഗ്രസ് പ്രവർത്തകരിൽ ചിലർ സിബിഐയുടെ കാറിനു മുന്നിലേക്കു ചാടിയത് അൽപസമയത്തെ സംഘർഷത്തിനിടയാക്കി. ചിലർ കാറിനു മുകളിലേക്കും കയറി. എന്നാൽ ഇവരെയെല്ലാം കാറിനു സമീപത്തു നിന്നു മാറ്റി വാഹനവുമായി സിബിഐ പോവുകയായിരുന്നു.

‘ഒളിച്ചിരുന്ന്’ ഇതെല്ലാം കാണുന്ന ആരുടെയൊക്കെയോ സന്തോഷത്തിനു വേണ്ടിയും വിഷയം സെന്‍സേഷനാക്കുന്നതിനു വേണ്ടിയുമാണ് സിബിഐ ഈ നാടകം കളിക്കുന്നതെന്ന് കാർത്തി ചിദംബരം ട്വീറ്റ് ചെയ്തു. പിന്നാലെ, ചെന്നൈയിലെ വസതിക്കു മുന്നിൽ കാർത്തി ചിദംബരം മാധ്യമങ്ങളെ കണ്ടു. പത്തു വർഷത്തോളം പഴക്കമുള്ള കേസ് ഇപ്പോൾ രാഷ്ട്രീയ താൽപര്യത്തിനു വേണ്ടി ഉപയോഗപ്പെടുത്തുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. രാഷ്ട്രീയ പ്രേരിതമായ വേട്ടയാടലാണിതെന്നും കാർത്തി പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നേരത്തെ, അപ്രതീക്ഷിതമായി വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയ ചിദംബരത്തെ തേടി സിബിഐ സംഘം എഐസിസി ആസ്ഥാനത്ത് എത്തിയിരുന്നു. എന്നാൽ അപ്പോഴേക്കും എഴുതി തയ്യാറാക്കിയ പ്രസ്താവന വായിച്ച ശേഷം അവിടെ നിന്നു മടങ്ങിയ ചിദംബരം ജോർബാഗിലെ വീട്ടിലെത്തി. ഇതോടെ സിബിഐ സംഘം ജോർബാഗിലെ വീട്ടിലെത്തിയെങ്കിലും ഗേറ്റ് അടച്ചിട്ടിരിക്കുകയായിരുന്നു. അതോടെ മതിൽ ചാടിക്കടന്നാണ് സിബിഐ സംഘം ചിദംബരത്തിന്റെ വസതിയിലെത്തിയത്. പിന്നാലെ കൂടുതൽ സിബിഐ ഉദ്യോഗസ്ഥർ അദ്ദേഹത്തിന്റെ വസതിയിലെത്തി.

കോൺഗ്രസ് നേതാക്കളും മുതിര്‍ന്ന അഭിഭാഷകരുമായ കപിൽ സിബൽ, അഭിഷേക് സിങ്‍വി എന്നിവർക്കൊപ്പമാണ് ചിദംബരം എഐസിസി ആസ്ഥാനത്ത് വാർത്താസമ്മേളനത്തിനെത്തിയത്. ഐഎൻഎക്സ് മീഡിയ കേസിൽ തനിക്കെതിരെ സിബിഐ കുറ്റപത്രം നല്‍കിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ‘കള്ളങ്ങളാണു പ്രചരിപ്പിക്കുന്നത്. ശരിയായ കൈകളിലല്ലെങ്കിലും നിയമത്തെ മാനിക്കുന്നു. ‍ഞാന്‍ ഒളിവിലായിരുന്നില്ല, നിയമത്തിന്‍റെ പരിരക്ഷയിലായിരുന്നു. ജീവനേക്കാള്‍ പ്രിയപ്പെട്ടതാണ് സ്വാതന്ത്ര്യം. വെള്ളിയാഴ്ച വരെ സ്വാതന്ത്ര്യത്തിന്‍റെ ദീപം ജ്വലിക്കുമെന്ന് പ്രതീക്ഷിക്കുന്നു’ – ചിദംബരം പറഞ്ഞു. ഇതിനു പിന്നാലെ കപിൽ സിബലിനൊപ്പം അദ്ദേഹം മടങ്ങുകയായിരുന്നു. സിബിഐ സംഘം എത്തിയതോടെ ചിദംബരത്തെ അനുകൂലിച്ച് മുദ്രവാക്യം വിളികളുമായി കോൺഗ്രസ് പ്രവർത്തകരും എഐസിസി ആസ്ഥാനത്തിനു മുൻപില്‍ തമ്പടിച്ചു.