മിനിസ്‌ക്രീനിലെ കോമഡി പരിപാടികളിലൂടെ മലയാളികളെ പൊട്ടിച്ചിരിപ്പിക്കുന്ന കലാകാരനാണ് ശശാങ്കന്‍ മയ്യനാട്. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന കോമഡി സ്റ്റാര്‍സ് എന്ന ഹാസ്യ റിയാലിറ്റി ഷോയിലൂടെയാണ് ശശാങ്കന്‍ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരമായി മാറുന്നത്. താരത്തിന്റെ ആദ്യരാത്രി എന്ന സ്‌കിറ്റി ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാണ്. യൂട്യൂബിലടക്കം നിരവധി കാഴ്ച്ചക്കാരാണ് ഉള്ളത്. ഇപ്പോള്‍ ഫ്‌ളവേഴ്‌സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാര്‍ മാജിക് എന്ന പരിപാടിയിലൂടെയാണ് അദ്ദേഹം ശ്രദ്ധ നേടുന്നത്. നിരവധി ആരാധകരാണ് താരത്തിനുള്ളത്. ഇപ്പോഴിതാ തന്റെ ജീവിതത്തെ കുറിച്ച് ശശാങ്കന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.

കൊല്ലം മയ്യനാടാണ് സ്വദേശം. ഒരു കലാകുടുംബമാണ്. അച്ഛന്‍ ശശിധരന്‍ ക്ളാസിക്കല്‍ ഡാന്‍സറാണ്. നൃത്തവിദ്യാലയവും ബാലെ ട്രൂപ്പുമുണ്ടായിരുന്നു. അമ്മ ശാരദ ശാസ്ത്രീയ സംഗീതമൊക്കെ പഠിച്ച ഗായികയും. ഞങ്ങള്‍ മൂന്നു ആണ്‍മക്കളാണ്. ഞാന്‍ രണ്ടാമനാണ്. ശരത്, സാള്‍ട്ടസ് എന്നാണ് മറ്റുള്ളവരുടെ പേര്. എന്റെ ശരിക്കുള്ള പേര് സംഗീത് എന്നാണ്. വീട്ടില്‍ വിളിക്കുന്ന പേരാണ് ശശാങ്കന്‍. വീട്ടില്‍ കലാമികവ് ഒന്നുമില്ലാത്തത് എനിക്കുമാത്രമായിരുന്നു. ചേട്ടനും അനിയനുമെല്ലാം സമ്മാനം വാങ്ങി വരുമ്പോള്‍ ഞാന്‍ ഇളിഭ്യനായി നില്‍ക്കും. അങ്ങനെ പിടിച്ചു നില്‍ക്കാന്‍ വേണ്ടിയാണു മിമിക്രി പരിശീലിച്ചു തുടങ്ങിയത്. അത് പിന്നീട് രക്ഷയായി.

കലാകുടുംബമാണെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ വളരെയുണ്ടായിരുന്നു. ഓടുമേഞ്ഞ, കുടുസുമുറികളുള്ള ഒരു ചെറിയ വീട്ടിലാണ് ജനിച്ചത്. മഴക്കാലത്തൊക്കെ ഭയങ്കര ബുദ്ധിമുട്ടായിരുന്നു. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷമാണു അച്ഛന്‍ വീട് പുതുക്കിപ്പണിതത്. അങ്ങനെ പെയിന്റ് അടിക്കാത്ത കോണ്‍ക്രീറ്റ് വീട്ടിലേക്ക് ജീവിതം മാറി. പത്താം ക്ളാസ് പാസായതോടെ പഠിത്തം നിര്‍ത്തി. അത് കഴിഞ്ഞു കൂലിപ്പണിക്ക് പോയിത്തുടങ്ങി. കൂടുതലും പെയിന്റിങ്, ആര്‍ട്- ഡിസൈന്‍ വര്‍ക്കുകള്‍, വീട്ടില്‍ അലങ്കാര ശില്‍പങ്ങള്‍ ഉണ്ടാക്കുക തുടങ്ങിയ പണികളായിരുന്നു. ഒപ്പം മിമിക്രി പരിപാടികളും കൊണ്ടുപോയി. മിമിക്രി സ്വയം പഠിച്ചെടുത്തതാണ്. പിന്നീട് പ്രൊഫഷനല്‍ ട്രൂപ്പുകളില്‍ അംഗമായി. കോമഡി സ്റ്റാര്‍സ് വഴിയാണ് മിനിസ്‌ക്രീനിലെത്തുന്നത്. അത് ജീവിതത്തില്‍ വഴിത്തിരിവായി. പിന്നീട് കൂടുതല്‍ പരിപാടികള്‍ ലഭിച്ചു. കൂലിപ്പണിക്ക് പോകാതെയും ജീവിക്കാമെന്നായി.

സ്‌കിറ്റുമായി നടക്കുന്ന സമയത്ത് കൊല്ലത്തെ ഒരു ബേക്കറിയിലെ ക്യാഷ് കൗണ്ടറില്‍ വച്ചാണ് ആനിയെ പരിചയപ്പെടുന്നത്. അത് പ്രണയമായി. അവളുടെ വീട്ടുകാര്‍ എതിര്‍ത്തു. പക്ഷേ ഒരു സ്റ്റേജ് ഷോയ്ക്കിടെ അവളെയും കൊണ്ട് ഒളിച്ചോടി വിവാഹം കഴിച്ചു. പിന്നീട് ഇരുവീട്ടുകാരും പിണക്കമെല്ലാം മറന്നു ബന്ധം അംഗീകരിച്ചു. ഇപ്പോള്‍ രണ്ടാം ക്ളാസുകാരി ശിവാനിയിലേക്ക് ഞങ്ങളുടെ കൊച്ചു കുടുംബം വികസിച്ചു. വിവാഹശേഷം ഞങ്ങള്‍ വാടകവീട്ടിലേക്ക് താമസം മാറി.

പിന്നീട് വര്‍ഷങ്ങള്‍ വാടകവീടായിരുന്നു ഞങ്ങളുടെ സ്വര്‍ഗം. കുടുംബവീട്ടില്‍ സഹോദരനും അച്ഛനും അമ്മയും കുടുംബവുമാണ് ഇപ്പോള്‍ താമസിക്കുന്നത്. പണ്ടൊക്കെ ബന്ധുക്കളും സുഹൃത്തുക്കളും വീട്ടില്‍ വരുമ്പോള്‍ അവരോട് ഇന്ന് വീട്ടില്‍ താമസിച്ചിട്ട് പോകാം എന്ന് പറയാന്‍ ആഗ്രഹമുണ്ടെങ്കിലും നടക്കില്ലായിരുന്നു. കാരണം ഉള്ള മുറികളിലെല്ലാം അന്തേവാസികള്‍ ഉണ്ടായിരുന്നു. അതിനുള്ള സൗകര്യമില്ല. ഭാവിയില്‍ ഒരു വീട് പണിയാന്‍ ഏറ്റവും ആഗ്രഹം തോന്നിച്ചത് ഈ വേദനയാണ് എന്നും താരം പറയുന്നു. കഴിഞ്ഞ ജനുവരിയിലാണ് താരം സ്വന്തമായി ഒരു വീട് പണിഞ്ഞത്. അതിന്റെ ചിത്രങ്ങളും സന്തോഷവും എല്ലാാ താരം പങ്കുവെച്ചിരുന്നു.

കുറച്ച് നാളുകള്‍ക്ക് മുമ്പ് ഏഷ്യാനെറ്റിലെ കോമഡി സ്റ്റാര്‍സിലെ സഹതാരമായിരുന്ന ഷാബുരാജിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ച് എത്തിയിരുന്നു. എത്രയോ വേദികളില്‍ ഒന്നിച്ചു പ്രകടനം നടത്തി. എത്രയോ ഓര്‍മകള്‍ സമ്മാനിച്ചാണ് ഷാബു മടങ്ങുന്നത് എന്നും ശശാങ്കന്‍ പറയുന്നു. ‘കൊല്ലത്തെ ആശുപത്രിയിലേക്ക് ഷാബുവിനെ മാറ്റിയപ്പോള്‍ ഞാനും അവിടെ എത്തിയിരുന്നു. ഷാബു അപ്പോള്‍ ഐസിയുവില്‍ ആയിരുന്നു. കുഴപ്പമൊന്നുമുണ്ടാവില്ല, അവന്‍ തിരിച്ചുവരും എന്നു തന്നെയായിരുന്നു വിശ്വാസം. പക്ഷേ, പ്രതീക്ഷകള്‍ തകര്‍ത്ത് അവന്‍ പോയി. യാതാെരു അസുഖവുമുള്ളതായി അറിവില്ലായിരുന്നു. മുന്‍പ് ഒരു സൈലന്റ് അറ്റാക്ക് കഴിഞ്ഞിട്ടുണ്ടെന്നു ഡോക്ടര്‍ പറഞ്ഞപ്പോഴാണ് എല്ലാവരും അറിയുന്നത്.

വര്‍ഷങ്ങളായുള്ള പരിചയവും അതില്‍ നിന്നു രൂപപ്പെട്ട ആത്മബന്ധവുമാണ് ഞങ്ങള്‍ തമ്മിലുള്ളത്. ‘കലാഭാവന’ എന്ന ട്രൂപ്പിലാണ് ആദ്യമായി ഒന്നിച്ചത്. എന്നെ പ്രശ്‌സതിയിലേക്ക് ഉയര്‍ത്തിയ ‘ആദ്യരാത്രി’ എന്ന സ്‌കിറ്റ് ആദ്യം വേദികളിലാണ് അവതരിപ്പിച്ചത്. അന്ന് ഷാബുവായിരുന്നു എന്റെ അമ്മ വേഷം ചെയ്തത്. ഒരുപാട് വേദികളില്‍ ഷാബു അമ്മയായി കയ്യടി നേടി. ‘മാഗ്നറ്റോ’ എന്ന സമതിയിലായിരുന്നു ഞങ്ങള്‍ അവസാനമായി ഒന്നിച്ചത്. കഴിഞ്ഞ വര്‍ഷത്തെ ഞങ്ങളുടെ പ്രോഗ്രാം സൂപ്പര്‍ ഹിറ്റ് ആയിരുന്നു.

ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഈ വര്‍ഷം പ്രോഗ്രാം അധികം വേദികളില്‍ അവതരിപ്പിക്കാനായില്ല. അതുകൊണ്ട് അടുത്ത വര്‍ഷവും ഇതേ പ്രോഗ്രാം തുടരാനും ഈ ടീമിനെ നിലനിര്‍ത്താനും മാഗ്നറ്റോ തീരുമാനിച്ചു. പക്ഷേ ഇനി ആ പ്രോഗ്രാമിന് ഷാബു ഉണ്ടാവില്ല. എത്ര ശ്രമിച്ചിട്ടും ഇക്കാര്യം ഉള്‍കൊള്ളാനാവുന്നില്ല. എത്ര അപ്രതീക്ഷിതമായ വിയോഗമാണിത്. പകര്‍ന്നാടാന്‍ എത്രയോ വേഷങ്ങള്‍ ബാക്കിയാക്കിയാണ് അവന്‍ പോയത്.