കേന്ദ്രമന്ത്രിസഭ പുനഃസംഘടിപ്പിക്കുന്നതിനുള്ള നീക്കങ്ങള്‍ പുരോഗമിക്കവെ ഇതിന് കളമൊരുക്കുന്നതിനായി കേന്ദ്രമന്ത്രിസഭയില്‍ നിന്ന് അഞ്ച് മന്ത്രിമാര്‍ രാജിവെച്ചു. ഇനിയും നിരവധി പേര്‍ രാജിവയ്ക്കുമെന്നും ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ചൈനയില്‍ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി ഞായറാഴ്ച്ച ചൈനയ്ക്ക് തിരിക്കും. ഇതിനകം കേന്ദ്രമന്ത്രിസഭയില്‍ പുനസംഘടനയുണ്ടാവും എന്നാണ് കരുതുന്നത്.

ജലവിഭവമന്ത്രി ഉമാ ഭാരതി, നൈപുണ്യവികസന വകുപ്പ് മന്ത്രി രാജീവ് പ്രതാപ് റൂഡി, കൃഷിമന്ത്രി രാധാമോഹന്‍ സിംഗ്, ജലവിഭവസഹമന്ത്രി സജ്ഞീവ് ബല്യന്‍, ചെറുകിട സംരഭ വകുപ്പ് മന്ത്രി കല്‍രാജ് മിശ്ര, സഹമന്ത്രി ഗിരിരാജ് സിംഗ് തുടങ്ങിയവര്‍ ഇതിനോടകം രാജിവയ്ക്കുകയോ ഇന്ന് രാജിവയ്ക്കുകയോ ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നിലവില്‍ പ്രതിരോധ വകുപ്പിന്റെ അധികചുമതല വഹിക്കുന്ന ധനമന്ത്രി അരുണ്‍ ജെയ്റ്റലിയില്‍ നിന്ന് ഒരു വകുപ്പ് എടുത്തു മാറ്റും എന്നുറപ്പാണ്. വനംപരിസ്ഥിതി വകുപ്പ് മന്ത്രിയായിരുന്ന അനില്‍ ദാവെ അന്തരിച്ച ശേഷം ഈ വകുപ്പിന്റെ അധികചുമതല ഹര്‍ഷവര്‍ധനാണ് നല്‍കിയിരിക്കുന്നത്.

രാജീവ് പ്രതാപ് റൂഡ് രാജിവച്ചതായി സ്ഥിരീകരിച്ചു. തനിക്ക് പാര്‍ട്ടിയില്‍ ചുമതലകള്‍ ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. ആരോഗ്യപ്രശ്‌നങ്ങള്‍ കാരണമാണ് ഉമാഭാരതി രാജിസന്നദ്ധത അറിയിച്ചത്. കല്‍രാജ് മിശ്രയെ ഗവര്‍ണര്‍ സ്ഥാനത്തേക്ക് പാര്‍ട്ടി പരിഗണിക്കും എന്നാണ് സൂചന. ഉത്തര്‍പ്രദേശ് ബിജെപി അധ്യക്ഷനായി നിയമിക്കപ്പെട്ട കേന്ദ്രമാനവവിഭവ സഹമന്ത്രി മഹേന്ദ്രനാഥ് പാണ്ഡേ ഇന്ന് രാജിവച്ചേക്കും. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ ഇന്നലെ ഡല്‍ഹിയില്‍ എട്ടോളം കേന്ദ്രമന്ത്രിമാരെ നേരില്‍ കണ്ട് ചര്‍ച്ച നടത്തിയിരുന്നു. വൈകുന്നേരം പ്രധാനമന്ത്രിയും അമിത് ഷായും കൂടിക്കാഴ്ച്ച നടത്തി പുനഃസംഘടനയ്ക്കുള്ള അന്തിമരൂപം നല്‍കി. ഇതിന് പിന്നാലെയാണ് മന്ത്രിമാരുടെ കൂട്ടരാജി.

അടിക്കടിയുണ്ടാവുന്ന ട്രെയിനപകടങ്ങളുടെ പശ്ചാത്തലത്തില്‍ റെയില്‍വെ മന്ത്രി സുരേഷ് പ്രഭു നേരത്തെ പ്രധാനമന്ത്രിയെ രാജി സന്നദ്ധത അറിയിച്ചിരുന്നുവെങ്കിലും കാത്തിരിക്കാനായിരുന്നു മോദിയുടെ നിര്‍ദേശം. പുനഃസംഘടനയിലൂടെ സുരേഷ് പ്രഭുവിനെ മറ്റൊരു മന്ത്രാലയത്തിലേക്ക് മാറ്റി പുതിയ റെയില്‍വെമന്ത്രിയെ നിയമിക്കുമെന്നാണ് കരുതപ്പെടുന്നത്. റെയില്‍ വകുപ്പ് കൂടി ഉപരിതല ഗതാഗതതുറമുഖ മന്ത്രി നിതിന്‍ ഗഡ്കരിക്ക് നല്‍കിയേക്കുമെന്നും സൂചനയുണ്ട്. ഈ വകുപ്പുകള്‍ കൂട്ടിച്ചേര്‍ത്ത് ഗതാഗതവകുപ്പ് സൃഷ്ടിച്ചേക്കുമെന്നാണ് അഭ്യൂഹങ്ങള്‍.

ബീഹാറില്‍ നിന്നുള്ള ജെഡിയു എന്‍ഡിഎയില്‍ എത്തിയ സാഹചര്യത്തില്‍ അവര്‍ക്കും മന്ത്രിസഭയില്‍ പ്രാതിനിധ്യം ലഭിച്ചേക്കും. എന്‍സിപി എന്‍ഡിഎയില്‍ ചേരും എന്നും അഭ്യൂഹമുണ്ട്. അങ്ങനെയെങ്കില്‍ അവര്‍ക്കും മന്ത്രിസഭയില്‍ സീറ്റുണ്ടാവും. അതേസമയം എഐഎഡിഎംകെ ഉടന്‍ എന്‍ഡിഎയില്‍ ചേരില്ലെന്നാണ് പുതിയ വിവരം. കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയില്‍ ഇക്കുറി കേരളത്തിന് പ്രാതിനിധ്യവുണ്ടാവുമോ എന്ന കാര്യം ഇനിയും വ്യക്തമല്ല. സുരേഷ് ഗോപിക്കും കുമ്മനം രാജശേഖരനും മന്ത്രിസഭയിലേക്ക് സാധ്യതയുണ്ടെങ്കിലും അങ്ങനെയൊരു നീക്കം അമിത്ഷാ നടത്തുമോ എന്ന് വ്യക്തമല്ല