മഴക്കെടുതി ഏറ്റവും രൂക്ഷമായ കേരളത്തിന് മാത്രം കേന്ദ്ര സര്‍ക്കാറിന്റെ പ്രത്യേക സഹായമില്ല. പ്രകൃതി ദുരന്തം നേരിടുന്ന സംസ്ഥാനങ്ങള്‍ക്ക് 4432 കോടി രൂപയുടെ അടിയന്തര ധനസഹായം പ്രഖ്യാപിച്ചപ്പോള്‍ കേരളത്തിന് പ്രത്യേകം സഹായം നല്‍കിയില്ല. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് നടപടി. 24 സംസ്ഥാനങ്ങള്‍ക്കായി 6104 കോടി രൂപയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
മഴക്കെടുതി നേരിട്ട സംസ്ഥാനങ്ങള്‍ക്ക് ദുരിതാശ്വാസത്തിന് പണം വകയിരുത്തുന്നതുമായി ബന്ധപ്പെട്ട് പ്രത്യേക സമിതിയെ നിയോഗിച്ചിരുന്നു. പ്രളയം നേരിട്ട സംസ്ഥാനങ്ങളില്‍ സമിതി സന്ദര്‍ശനം നടത്തും. അതിന് ശേഷമാണ് പണം ഏതൊക്കെ സംസ്ഥാനത്തിന് നല്‍കണമെന്ന കാര്യത്തില്‍ തീരുമാനം ഉണ്ടാകുകയുള്ളൂ. അസം, മേഘാലയ, ത്രിപുര, ബിഹാര്‍, ഉത്തരാഖണ്ഡ്, ഹിമാചല്‍പ്രദേശ്, ഗുജറാത്ത്, രാജസ്ഥാന്‍, മഹാരാഷ്ട്ര, കര്‍ണാടക, കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലാകും സന്ദര്‍ശനം നടത്തുക.
നേരത്തേ അമിത് ഷായുടെ നേതൃത്വത്തില്‍ കര്‍ണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങില്‍ വ്യോമ നിരീക്ഷണം നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇരു സംസ്ഥാനങ്ങള്‍ക്കും അടിയന്തര ധനസഹായം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. പ്രളയം ദുരന്തം വിതച്ച കേരളത്തില്‍ അമിത് ഷാ സന്ദര്‍ശനം നടത്താത്തത് മനപൂര്‍വമാണെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു.
കേന്ദ്ര സര്‍ക്കാറിന്റെ കേരളത്തോടുള്ള വിവേചനത്തിനെതിരെ ധനകാര്യ മന്ത്രി തോമസ് ഐസക്ക് ട്വിറ്ററില്‍ പ്രതിഷേധിച്ചു.പ്രളയബാധിത സംസ്ഥാനങ്ങള്‍ക്കായി ദേശീയ ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് 4432 കോടി രൂപ ആഭ്യന്തര മന്ത്രാലയം അംഗീകരിച്ചു. ഏറ്റവും കൂടുതല്‍ ബാധിച്ച കേരളത്തിന്റെ പങ്ക് പൂജ്യം..! മന്ത്രി ട്വീറ്റ് ചെയ്തു.
Leave a Reply