യുകെയിലെ പുതിയ ശമ്പള വർധനവിൽ നഴ്സുമാരില്ല. 900,000 പൊതുമേഖലാ ജീവനക്കാർക്ക് ശമ്പള വർദ്ധനവ് പ്രഖ്യാപിച്ച് ചാൻസലർ റിഷി സുനക്. ഡോക്ടർമാർ, പോലീസ്, അധ്യാപകർ തുടങ്ങിയവരുടെ ശമ്പളം വർധിക്കും.

യുകെയിലെ പുതിയ ശമ്പള വർധനവിൽ നഴ്സുമാരില്ല. 900,000 പൊതുമേഖലാ ജീവനക്കാർക്ക് ശമ്പള വർദ്ധനവ് പ്രഖ്യാപിച്ച് ചാൻസലർ റിഷി സുനക്. ഡോക്ടർമാർ, പോലീസ്, അധ്യാപകർ തുടങ്ങിയവരുടെ ശമ്പളം വർധിക്കും.
July 21 15:57 2020 Print This Article

സ്വന്തം ലേഖകൻ

ലണ്ടൻ : പൊതുമേഖലാ തൊഴിലാളികൾക്ക് ശമ്പള വർദ്ധനവ് പ്രഖ്യാപിച്ചു ചാൻസലർ റിഷി സുനക്. ഡോക്ടർമാർ, പോലീസ്, അധ്യാപകർ, മറ്റ് ചില പൊതുമേഖലാ ജീവനക്കാർ എന്നിവർക്ക് പുതിയ ശമ്പള വർദ്ധനവ് ലഭിക്കും. എന്നാൽ നഴ്‌സുമാർ, ഹോസ്പിറ്റൽ പോർട്ടർമാർ, മറ്റ് എൻഎച്ച്എസ് ഉദ്യോഗസ്ഥർ എന്നിവരെ വേതന വർധനവിൽ ഉൾപ്പെടുത്തിയിട്ടില്ല. ഭൂരിപക്ഷം മലയാളികളും നേഴിസിങ് അനുബന്ധ ജോലി ചെയ്യുന്നവരാകയാൽ ശമ്പള വർദ്ധനവ് കിട്ടില്ലെന്നുള്ളത് മലയാളികൾക്ക് വൻ തിരിച്ചടിയാണ്. യുകെയിൽ കൊറോണയെ പിടിച്ച് കെട്ടാൻ മുന്നിൽ നിന്ന് പ്രവർത്തിച്ചത് മലയാളികൾ ഉൾപ്പെടെയുള്ള നേഴ്‌സുമാരാണ് അതിനാൽ തന്നെ നേഴ്‌സിംഗ് മേഖലയെ ശമ്പളവർദ്ധനവിൽ നിന്ന് ഒഴിവാക്കിയത് ആ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് തികഞ്ഞ അസംതൃപ്തിയാണ് ഉളവാക്കിയിരിക്കുന്നത്.

ട്രഷറി പ്രഖ്യാപനം 900,000 തൊഴിലാളികൾക്ക് ഗുണം ചെയ്യും. ഡോക്ടർമാർക്കും ദന്തഡോക്ടർമാർക്കും 2.8 ശതമാനവും പോലീസ്, ജയിൽ ഉദ്യോഗസ്ഥർക്ക് 2.5 ശതമാനവും ശമ്പള വർധനവുണ്ടായി. അധ്യാപകർക്ക് 3.1 ശതമാനവും സായുധ സേനയ്ക്ക് 2 ശതമാനവും വർദ്ധനവ് ലഭിക്കും. 2% മുതൽ 3.1% വരെയുള്ള ശമ്പള വർദ്ധനവ് ഒരു സന്തോഷവാർത്തയാണെന്നും എന്നാൽ ഇത് കഴിഞ്ഞ പൊതുമേഖല ശമ്പള മരവിപ്പിക്കലിലൂടെ നഷ്ടപ്പെട്ട വരുമാനം നികത്തുന്നില്ലെന്നും തൊഴിലാളി യൂണിയനുകൾ പറഞ്ഞു.

2018 ൽ എൻ‌എച്ച്‌എസ് ഇംഗ്ലണ്ട് സ്റ്റാഫിനെ പ്രതിനിധീകരിക്കുന്ന യൂണിയനുകളുമായി ഉണ്ടാക്കിയ കരാർ വ്യവസ്ഥകൾ പ്രകാരം അന്ന് മുതൽ മൂന്ന് വർഷത്തിനിടെ അവരുടെ ശമ്പളം കുറഞ്ഞത് 6.5% എങ്കിലും ഉയരുമെന്നതിനാലാണ് പുതിയ വർധനവിൽ നഴ്സുമാരെ ഉൾപ്പെടുത്താഞ്ഞത്. എന്നാൽ കൊറോണ വൈറസിനോട് പടപൊരുതുന്ന എൻ എച്ച് എസ് മുൻനിര ജീവനക്കാർക്കും സാമൂഹ്യ പരിപാലന തൊഴിലാളികൾക്കും ശമ്പള വർദ്ധനവ് ലഭിക്കണമെന്ന് ടി.യു.സി ആവശ്യപ്പെട്ടു. “ഈ മഹാമാരിയുടെ സമയത്ത് മറ്റുള്ളവരെ പരിപാലിക്കുന്നതിനായി ജീവൻ പണയം വെച്ച സാമൂഹ്യ പരിപാലന തൊഴിലാളികൾക്ക് ശമ്പള വർദ്ധനവ് സർക്കാർ അടിയന്തിരമായി പ്രഖ്യാപിക്കണം.” ടി.യു.സി ജനറൽ സെക്രട്ടറി ഫ്രാൻസെസ് ഒ ഗ്രേഡി അറിയിച്ചു.

“ സാമൂഹ്യ പരിപാലനത്തിൽ മുൻ‌നിരയിൽ പ്രവർത്തിക്കുന്നവർ ഉൾപ്പെടെ മറ്റ് പല പൊതുമേഖലാ ജീവനക്കാർക്കും ഇതിൽ നിന്ന് ശമ്പള വർദ്ധനവ് ലഭിക്കില്ല. കാരണം പ്രാദേശിക അതോറിറ്റി ഫണ്ടിംഗ് വർദ്ധിപ്പിക്കുമെന്ന് ടോറികൾ നൽകിയ വാഗ്ദാനങ്ങൾ പാലിച്ചിട്ടില്ല.” ലേബർ എംപി പറഞ്ഞു. കൊറോണ വൈറസ് ബാധിച്ച് ഇംഗ്ലണ്ടിൽ മാത്രം മുന്നൂറിലധികം എൻ എച്ച് എസ് ജീവനക്കാർ മരണപ്പെട്ടിരുന്നു. സാമൂഹ്യ പരിപാലന തൊഴിലാളികളിൽ ബഹുഭൂരിപക്ഷവും സ്വകാര്യമേഖലയിലാണ് ജോലി ചെയ്യുന്നതെന്നും അതിനാൽ ശമ്പള നിരക്കിനെ സ്വാധീനിക്കാനുള്ള സർക്കാറിന്റെ കഴിവ് പരിമിതമാണെന്നും ക്രൈം ആൻഡ് പോളിസിംഗ് മന്ത്രി കിറ്റ് മാൽത്തൗസ് അഭിപ്രായപ്പെട്ടു. ഡോക്ടർമാർക്കും ദന്തഡോക്ടർമാർക്കും ജയിൽ ഉദ്യോഗസ്ഥർക്കും സായുധ സേനയ്ക്കും സിവിൽ സർവീസുകൾക്കും ജുഡീഷ്യറിയ്ക്കുമുള്ള പേ അവാർഡുകൾ ഈ വർഷം ഏപ്രിലിൽ കാലഹരണപ്പെട്ടു. പോലീസും അധ്യാപകരും മറ്റൊരു ശമ്പള വർഷത്തിലാണ് പ്രവർത്തിക്കുന്നതിനാൽ അവരുടെ വർദ്ധനവ് സെപ്റ്റംബറിൽ മാത്രമേ ആരംഭിക്കൂ.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles