സ്വന്തം ലേഖകൻ

ലണ്ടൻ : കൊറോണ വൈറസ് പ്രതിസന്ധി മൂലം അവധിയിലുള്ള തൊഴിലാളികൾക്ക് വേതനം നൽകാനുള്ള പദ്ധതി, ഫർലോ സ്കീം നാല് മാസത്തേക്ക് കൂടി നീട്ടിയതായി ചാൻസലർ റിഷി സുനക് അറിയിച്ചു. ലോക്ക്ഡൗണിൽ നിന്ന് പുറത്തുവരുന്ന തൊഴിലാളികളെയും കമ്പനികളെയും സർക്കാർ പിന്തുണയ്ക്കുന്നുണ്ടെന്നും സുനക് അറിയിച്ചു. ജീവനക്കാരുടെ പ്രതിമാസ വേതനത്തിന്റെ 80%, അതായത് 2,500 പൗണ്ട് വരെ തുടർന്നും ലഭിക്കുമെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. 7.5 ദശലക്ഷം തൊഴിലാളികളെ ഇപ്പോൾ ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞയാഴ്ച ഇത് 6.3 ദശലക്ഷമായിരുന്നു. ആരംഭത്തിൽ ജോബ് റീട്ടെൻഷൻ സ്‌കീം മെയ്‌ മാസം വരെ നൽകാൻ സർക്കാർ പദ്ധതിയിട്ടിരുന്നെങ്കിലും കോവിഡ് പ്രതിസന്ധി തുടരുന്നതിനാൽ ഭൂരിഭാഗം തൊഴിലാളികൾക്കും തങ്ങളുടെ ജോലിയിലേക്ക് മടങ്ങിവരാൻ സാധിക്കാത്തതിനാലാണ് ഇത് ഒക്ടോബർ വരെ നീട്ടുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ജൂലൈ അവസാനം മുതൽ ജോബ് റീട്ടെൻഷൻ പദ്ധതിയുടെ ചെലവ് തൊഴിലുടമകളുമായി കൂടുതൽ പങ്കിടുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനുള്ള നടപടികളുണ്ടാകും. ഓഗസ്റ്റ് മുതൽ ഒക്ടോബർ വരെ, യുകെയിലെ എല്ലാ മേഖലകൾക്കും പ്രദേശങ്ങൾക്കുമായി ഈ പദ്ധതി തുടരും. എന്നാൽ ചെലവ് പങ്കിടുമ്പോൾ തൊഴിലുടമകൾക്ക് പാർട്ട് ടൈം ജീവനക്കാരെ തിരികെ കൊണ്ടുവരാൻ കഴിയും. ലേബർ പാർട്ടിയിൽ നിന്നുള്ള അടിയന്തിര ചോദ്യത്തിന് മറുപടിയായി സുനക് പറഞ്ഞു: “ഞാൻ ഈ പദ്ധതി വിപുലീകരിക്കുകയാണ്. കാരണം ഇതിനെ ആശ്രയിച്ചു കഴിയുന്ന ആളുകളെ ഉപേക്ഷിക്കാൻ ഞാൻ ഒരുക്കമല്ല.” ഇതിനായി ഫണ്ട് കണ്ടെത്തുന്നതിൽ പ്രയാസമുണ്ടെങ്കിലും നിലവിലെ സാഹചര്യത്തിൽ സ്‌കീം ദീർഘിപ്പിക്കാൻ ട്രഷറി നിർബന്ധിതമായതിനാലാണ് നാല് മാസത്തേക്ക് കൂടി നീട്ടുന്നത്.