ന്യൂസ് ഡെസ്ക് , മലയാളം യുകെ

യു കെ :- യുകെയിൽ വ്യാഴാഴ്ച മുതൽ ഡിസംബർ 2 വരെ നീണ്ടു നിൽക്കുന്ന ലോക്ക്ഡൗണിന് നിർദേശങ്ങൾ പ്രഖ്യാപിച്ചിരിക്കുകയാണ് സർക്കാർ.നാല് ആഴ്ചകൾ നീണ്ടു നിൽക്കുന്ന ഈ ലോക്ക്ഡൗണിൽ, ആളുകൾ പരമാവധി വീട്ടിൽ തന്നെ ഇരിക്കണം എന്ന നിർദ്ദേശമാണ് നൽകിയിരിക്കുന്നത്. പബ്ബുകൾ, റസ്റ്റോറന്റുകൾ, ബാറുകൾ മുതലായവ അടച്ചു തന്നെ ഇടണം എന്നാണ് നിർദേശം. ലോക്ക് ഡൗൺ ചട്ടങ്ങളെ സംബന്ധിച്ച് എംപിമാർക്കിടയിൽ ബുധനാഴ്ച വോട്ടെടുപ്പ് നടക്കും. ഇതിനു ശേഷമായിരിക്കും അന്തിമ തീരുമാനം ഉണ്ടാവുക. എന്നാൽ ചില ബിസിനസ് സ്ഥാപനങ്ങൾക്കും, കടകൾക്കും തുറക്കാനുള്ള അനുമതി ഗവൺമെന്റ് നിർദ്ദേശങ്ങളിൽ ഉണ്ട്. സൂപ്പർമാർക്കറ്റുകൾ, അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ, ലൈസൻസ് ഉള്ള മദ്യശാലകൾ,ഫാർമസികൾ,ഹാർഡ് വെയർ സ്റ്റോറുകൾ, പെട്രോൾ പമ്പുകൾ, ബാങ്കുകൾ, കാർ റിപ്പയർ സ്ഥാപനങ്ങൾ മുതലായവയ്ക്ക് തുറക്കാനുള്ള അനുമതി ഉണ്ട്.


യുകെയിൽ രണ്ടാം പ്രാവശ്യമാണ് ലോക്ക്ഡൗൺ ഏർപ്പെടുത്താൻ തീരുമാനിക്കുന്നത്. വിവാഹങ്ങൾക്ക് അനുമതി ഉണ്ടെങ്കിലും, ആറ് പേർക്ക് മാത്രമാണ് ചടങ്ങിൽ പങ്കെടുക്കാൻ ഉള്ള അനുമതി നൽകിയിരിക്കുന്നത്. 30 പേർക്ക് വരെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാൻ ഉള്ള അനുമതിയുണ്ട്. സ്കൂളുകൾ തുടർന്നും തുറന്നു പ്രവർത്തിക്കാൻ തന്നെയാണ് നിർദ്ദേശം.

ലോക്ക്ഡൗൺ ഏർപ്പെടുത്തുന്നതിന് എതിരെ ചില കൺസർവേറ്റീവ് എംപിമാർ തന്നെ രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ ലേബർ പാർട്ടി തങ്ങളുടെ പിന്തുണ അറിയിച്ചിട്ടുണ്ട്. ദിനംപ്രതി കൂടുന്ന കോവിഡ് കേസുകളുടെ എണ്ണം ആരോഗ്യ അധികൃതരെയും, ജനങ്ങളെയും ഒരുപോലെ ആശങ്കയിലാഴ്ത്തുന്നുണ്ട്.