പതിനഞ്ചാം നിയമസഭയിലെ പ്രതിപക്ഷ നേതാവിനെ ഇന്ന് പ്രഖ്യാപിച്ചേക്കും. ഇന്ന് രാത്രിയ്‌ക്ക് മുമ്പായി സംസ്ഥാനത്തെ പ്രതിപക്ഷ നേതാവിനെ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം എ ഐ സി സിയിൽ നിന്നുണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്. യു.ഡി.എഫ് എംഎൽഎമാരിൽ ഭൂരിപക്ഷവും വിഡി സതീശനെ പിന്തുണച്ചെങ്കിലും ഉമ്മൻ ചാണ്ടിയടക്കം ചില നേതാക്കൾ രമേശ് ചെന്നിത്തലക്കായി നിൽക്കുന്നതാണ് ഹൈക്കമാന്റിനെ ആശയക്കുഴപ്പത്തിലാക്കുന്നത്.

കോൺഗ്രസിലെ യുവ എം.എൽ.എ.മാരിൽ നിന്ന് ഗ്രൂപ്പിനതീതമായ പിന്തുണ സതീശനുണ്ട് എന്നാണ് റിപ്പോർട്ട്. രമേശ് ചെന്നിത്തല തന്നെ പ്രതിപക്ഷനേതാവായി തുടരുന്നതാണ് പാർട്ടിക്ക് ഗുണകരമെന്നാണ് ഉമ്മൻചാണ്ടിയുടേതടക്കം ചിലരുടെ നിലപാട്. എന്നാൽ ചെന്നിത്തലയുടെ വാക്കുകൾ ജനം വിശ്വാസത്തിലെടുക്കുന്നില്ലെന്നും, അടിമുടി അഴിച്ചുപണി നടത്തിയില്ലെങ്കിൽ ജനപിന്തുണ നഷ്ടപ്പെടുമെന്നുമാണ് സതീശനെ അനുകൂലിക്കുന്നവരുടെ നിലപാട്.

പറവൂരിൽനിന്ന് അഞ്ചാംതവണയും മികച്ച ജയം സ്വന്തമാക്കിയ സതീശൻ, നിയമസഭയ്ക്കകത്തും പുറത്തും സി പി എമ്മിന് വെല്ലുവിളി ഉയർത്തുന്ന നേതാവിന്. തെളിവുകൾ സഹിതം ഭരണപക്ഷത്തിനെതിരെ ആരോപണങ്ങൾ ഉന്നയിക്കുകയും അത് സംശയങ്ങൾക്കിടയില്ലാത്ത വിധം വ്യക്തമായി അവതരിപ്പിക്കുകയും ചെയ്യുന്നതാണ് സതീശന്‍റെ പതിവ് ശൈലി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഹൈക്കമാൻഡിന്റെ ഹിതപരിശോധനയിൽ എറണാകുളം ജില്ലയിൽനിന്നുള്ള രണ്ട് ഐ ഗ്രൂപ്പ് എം.എൽ.എമാർ മാത്രമാണ് സതീശനെതിരെ നിലപാട് സ്വീകരിച്ചത്. എ ഗ്രൂപ്പ് നേതാവായ ഒരു എം.എൽ.എ. സ്വന്തംപേരാണ് നിർദേശിച്ചത്. രമേശ് ചെന്നിത്തല തന്നെ പ്രതിപക്ഷ നേതാവായി തുടരട്ടെ എന്ന തീരുമാനമാണ് എ ഗ്രൂപ്പ് നേതൃത്വം അവസാനഘട്ടത്തിൽ എടുത്തത്.

എന്നാൽ, ഗ്രൂപ്പിലെ മുഴുവൻപേരും തീരുമാനത്തെ പിന്തുണച്ചില്ല. ഹൈക്കമാൻഡ് പ്രതിനിധികൾ അംഗങ്ങളെ ഒറ്റയ്ക്ക് കണ്ടപ്പോൾ എ വിഭാഗത്തിലെ മൂന്ന് എം.എൽ.എമാർ സതീശനെ പിന്തുണച്ചു. അവരുടെകൂടി പിന്തുണയോടെ 12 പേരുടെ പിന്തുണ സതീശനുണ്ടെന്നാണ് അദ്ദേഹത്തെ പിന്തുണയ്ക്കുന്നവർ അവകാശപ്പെടുന്നത്.

എഐസിസി നിരീക്ഷകരായ മല്ലികാർജുൻ ഖാർഗെ, വൈത്തിലിംഗം എന്നിവർ നൽകിയ റിപ്പോർട്ടിൻമേൽ തുടർചർച്ചകൾ നടക്കും. പ്രതിപക്ഷ നേതാവായി ഒരു വട്ടം കൂടി അവസരം കിട്ടാൻ രമേശ് ചെന്നിത്തലയും ഹൈക്കമാൻഡിൽ കടുത്ത സമ്മർദ്ദം ചെലുത്തുന്നുണ്ട്. ഘടക കക്ഷികളുടെ നിലപാട് അനുകൂലമെന്ന് ചെന്നിത്തല വാദിക്കുമ്പോൾ ഹൈക്കമാന്റ് സ്വീകരിക്കുന്ന നിലപാടിനൊപ്പമെന്നാണ് ഘടക കക്ഷികളുടെ പ്രതികരണം.