സ്വന്തം ലേഖകൻ

ഹൃദയാഘാതത്തെ തുടർന്ന് സൗദിയിൽ മരിച്ച ചങ്ങനാശേരി സ്വദേശി രാജേഷിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. രാവിലെ തന്നെ നെടുമ്പശേരി വിമാനത്താവളത്തിൽ എത്തിക്കുമെന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം.

സൗദി അറേബ്യയിൽ അൽഹസ്സയിൽ അൽ മോഹസൽ കമ്പനിയിൽ ജീവനക്കാരനായിരുന്നു മരിച്ച രാജേഷ് തങ്കപ്പൻ (46 ). താമസ സ്ഥലത്തുവച്ചുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ മാർച്ച് ഒൻപതിനാണ് ചങ്ങനാശേരി മാമ്മൂട് സ്വദേശിയായ ഗൃഹനാഥൻ മരിച്ചത്.
മരണത്തെ തുടർന്ന് മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള രേഖകളുമായി പല വാതിലുകളും മുട്ടിനോക്കിയെങ്കിലും പകച്ചുനിൽക്കുകയായിരുന്നു രാജേഷിന്റെ നിർധനരായ ഭാര്യയും മക്കളും. തുടർന്ന് ജനപ്രധിനിധികളായ കൊടിക്കുന്നിൽ സുരേഷ് എംപിയുടെയും എംഎൽഎ ആയ സിഫ് തോമസിന്റെയും ശ്രദ്ധയിൽപ്പെടുകയും അവർ വിഷയത്തിൽ ഇടപ്പെടുകയും ചെയ്യുകയായിരുന്നു. നോർക്ക ഓഫീസുമായും എംബസിയുമായും ബന്ധപ്പെട്ടതിന്റെ ശ്രമഫലം ആയി മൃതദേഹം വിട്ടുകിട്ടുകയായിരുന്നു.

ഭാര്യയും രണ്ടു മക്കളുമടങ്ങിയ കുടുബത്തിന്റെ ഏക ആശ്രയമായിരുന്നു മരിച്ച രാജേഷ്. സ്വന്തമായി കിടപ്പാടമില്ലാത്ത ഈ കുടുംബം ഭാര്യയായ രേണുകയുടെ കുട്ടനാട്ടിലുള്ള വീടിന്റെ അടുത്തു വാടകയ്ക്ക് താമസിക്കുകയായിരുന്നു. നീണ്ട 20 വർഷമായി സൗദിയിൽ ജോലിചെയ്തിരുന്ന രാജേഷ് കഴിഞ്ഞ ജനുവരിയിൽ ലീവിന് വന്നു മടങ്ങിയിരുന്നു.

മൃതദേഹം താമസിച്ചെങ്കിലും നാട്ടിലെത്തിയതിൽ ആ കുടുംബത്തിന് തെല്ലൊരു ആശ്വാസം ഉണ്ടെങ്കിലും, മുന്നോട്ടു എന്ത് ചെയ്യും എന്നറിയാതെ പകച്ചു നിൽകുകയാണ് ആ കുടുംബം. രാജേഷിന്റെ സംസ്‍കാരം മാമ്മൂട് സഹോദരന്റെ വീട്ടുവളപ്പിൽ നാളെ നടത്തും