കോട്ടയം: മോഷണക്കുറ്റം ആരോപിച്ച് പോലീസ് ചോദ്യം ചെയ്ത് വിട്ടയച്ച ശേഷം ദമ്പതിമാര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. മോഷണക്കുറ്റം ചാര്‍ത്തി ജയിലിലടക്കുമെന്ന പോലീസ് ഭീഷണിയാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രഥമിക വിവരം. ചങ്ങനാശ്ശേരി പുഴവാത് ഇല്ലംപള്ളി വീട്ടില്‍ സുനില്‍, രേഷ്മ എന്നിവരെയാണ് ബുധനാഴ്ച സയനൈഡ് കഴിച്ച് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഇവര്‍ എഴുതിവെച്ച ആത്മഹത്യാക്കുറിപ്പ് ഇന്നാണ് പോലീസിന് ലഭിച്ചത്.
മോഷണക്കേസ് ഒതുക്കി തീര്‍ക്കാന്‍ ബുധനാഴ്ച വൈകുന്നേരം നാലിനു മുമ്പ് എട്ട് ലക്ഷം രൂപ സിപിഎം കൗണ്‍സിലറായി സജികുമാറിന് നല്‍കണമെന്ന് പോലീസ് ഭീഷണിപ്പെടുത്തിയതായി സുനില്‍ ജ്യേഷ്ഠനോട് പറഞ്ഞിരുന്നു. പണം കൈയ്യിലില്ലാത്തതിനാല്‍ ആത്മഹത്യ ചെയ്യുകയാണെന്നും സുനില്‍ ഫോണില്‍ വിളിച്ചറിയിച്ചു. സഹോദരനായ അനില്‍ മിനിറ്റുകള്‍ക്കുള്ളില്‍ സുനിലിന്റെ വീട്ടിലെത്തിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
സ്വര്‍ണപ്പണിക്കാരനായിരുന്ന സുനില്‍ ഇ.എ.സജികുമാറിന്റെ വീട്ടില്‍ കഴിഞ്ഞ പന്ത്രണ്ടുവര്‍ഷമായി ജോലി ചെയ്ത് വരികയാണ്. കഴിഞ്ഞ ദിവസം കണക്ക് പരിശോധിച്ചപ്പോള്‍ 400 ഗ്രാം സ്വര്‍ണ്ണത്തിന്റെ കുറവ് കണ്ടെത്തിയെന്നും ഇതെടുത്തത് സുനിലാണെന്നും സജി ആരോപിച്ചു. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. ഇന്നലെ ഭാര്യ രേഷ്മയോടപ്പം പോലീസ് സ്റ്റേഷനിലെത്തിയ സുനിലിനെ പോലീസുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചതായിട്ടാണ് റിപ്പോര്‍ട്ട്. വീട്ടിലെത്തിയ ഉടന്‍ ഇരുവരും സയനൈഡ് കഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു.
ആത്മഹത്യയ്ക്കു കാരണം ചങ്ങനാശ്ശേരി നഗരസഭാ സി പി എം കൗണ്‍സിലര്‍ സജികുമാറാണ്. നഷ്ടപ്പെട്ട സ്വര്‍ണം താന്‍ എടുത്തിട്ടില്ലെന്നും സജി പുതിയ വീട് പണിയാന്‍ വേണ്ടി അവ വിറ്റതാണെന്നും ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. ആത്മഹത്യയെ തുടര്‍ന്ന് കോട്ടയത്ത് പ്രതിപക്ഷ പാര്‍ട്ടികള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുകയാണ്. കടകള്‍ അടഞ്ഞു കിടക്കുകയാണ്. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടന്നു. ദീര്‍ഘദൂര കെഎസ്ആര്‍ടിസി ബസുകള്‍ മാത്രമാണ് നിരത്തിലിറങ്ങിയത്.
Leave a Reply