റഷ്യന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിനു തിരുവനന്തപുരത്ത് ബൂത്ത്. പൊന്ന് ഉരുക്കുന്നിടത്ത് പൂച്ചക്കെന്താ കാര്യം എന്ന് കരുതിയാല്‍ തെറ്റി. റഷ്യയില്‍ നിന്ന് കേരളത്തിലേക്ക് വിനോദസഞ്ചാരികളായി എത്തിയവരും മലയാളികളെ വിവാഹം ചെയ്ത് ഇവിടെ താമസമാക്കിയവരുമായ റഷ്യന്‍ പൗരത്വമുള്ളവരാണ് വോട്ടെടുപ്പില്‍ പങ്കെടുത്തത്. ഇന്നലെ രാവിലെ 10 മുതല്‍ 12 വരെയായിരുന്നു വോട്ടെടുപ്പ്. സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ താമസിക്കുന്ന 26 റഷ്യന്‍ പൗരന്മാരെത്തി വോട്ടു രേഖപ്പെടുത്തി.

റഷ്യന്‍ പാസ്‌പോര്‍ട്ട് ഉള്ളവര്‍ക്കാണ് വോട്ട് ചെയ്യാന്‍ അനുമതിയുളളത്. 8102-ാം നമ്പര്‍ ബൂത്തായിരുന്നു തിരുവനന്തപുരത്തേത്. ചെന്നൈയിലെ റഷ്യന്‍ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരായ ദിമിത്രി അനന്യോവ്, യൂലിയ ഗെലൂബ്റ്റിന എന്നിവര്‍ക്കൊപ്പം തിരുവനന്തപുരത്തെ ഓണററി കോണ്‍സുലര്‍ രതീഷ് സി.നായരും വോട്ടെടുപ്പ് നിയന്ത്രിച്ചു. ബാലറ്റുകളും മറ്റ് തെരഞ്ഞെടുപ്പു സാമഗ്രികളും റഷ്യയില്‍ നിന്നു ചെന്നൈ കോണ്‍സുലേറ്റു വഴിയാണ് കേരളത്തില്‍ എത്തിച്ചത്.

കൂടംകുളം ആണവനിലയത്തില്‍ നിരവധി റഷ്യന്‍ ശാസ്ത്രജ്ഞര്‍ ജോലി ചെയ്യുന്നതിനാല്‍ അവിടെയും പോളിങ് ബൂത്ത് അനുവദിച്ചിട്ടുണ്ട്. ഇന്നാണു കൂടംകുളത്തെ വോട്ടെടുപ്പ്. റഷ്യയില്‍ തെരഞ്ഞെടുപ്പു നടക്കുന്ന 18നു ചെന്നൈയിലും വോട്ടെടുപ്പു നടക്കും. രേഖപ്പെടുത്തിയ വോട്ടുകള്‍ ചെന്നൈയിലുള്ള റഷ്യന്‍ കോണ്‍സുലേറ്റില്‍ എത്തിച്ച് അവിടെനിന്ന് ഡിപ്ലോമാറ്റിക് ബാഗുവഴി മോസ്‌കോയിലേക്ക് അയക്കും.

ഇത് മൂന്നാം തവണയാണ് റഷ്യയിലെ തെരഞ്ഞെടുപ്പിനു തിരുവനന്തപുരത്ത് ബൂത്ത് ഒരുക്കുന്നത്. ആറുവര്‍ഷം മുന്‍പ് റഷ്യന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലും തുടര്‍ന്നു നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും കേരളത്തിലെ റഷ്യക്കാര്‍ തങ്ങളുടെ വോട്ടവകാശം വിനയോഗിച്ചിരുന്നു. നിലവിലെ പ്രസിഡന്റ് വ്ളാദിമര്‍ പുടിന്‍ ഉള്‍പ്പെടെ എട്ടു സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. റഷ്യയ്ക്ക് പുറത്ത് മറ്റ് രാജ്യങ്ങളിലായി 369 പോളിങ് സ്റ്റേഷനുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.