ന്യൂസ് ഡെസ്ക് മലയാളം യുകെ

ചങ്ങനാശ്ശേരി അതിരൂപതയിലെ പള്ളികളിൽ ഞായറാഴ്ച വായിച്ച ഇടയ ലേഖനത്തിൽ വിദേശരാജ്യങ്ങളിലേക്കുള്ള കുടിയേറ്റം രാജ്യ പുരോഗതിയെ സാരമായി ബാധിക്കുമെന്ന  പരാമർശം വൻ ചർച്ചയ്ക്കാണ് വഴി വച്ചിരിക്കുന്നത്. അതിരൂപതയിലെ മാതൃ- പിതൃ വേദി സംഘടനയുടെ 40-ാം വാർഷികത്തോടനുബന്ധിച്ച് നടക്കുന്ന പരിപാടിയായിരുന്നു മാർ ജോസഫ് പെരുന്തോട്ടം എഴുതിയ ഇടയ ലേഖനത്തിലെ മുഖ്യവിഷയം. അമിതമായ വിദേശ ഭ്രമം നാടിനാപത്താണെന്നും അത് രാജ്യ പുരോഗതിയെ പിന്നോട്ട് വലിക്കും എന്നാണ് മാർ ജോസഫ് പെരുന്തോട്ടം ഇടയ ലേഖനത്തിൽ അഭിപ്രായപ്പെട്ടത്.

 


പ്രതിവർഷം ലക്ഷക്കണക്കിന് വിദ്യാർത്ഥികളും യുവജനങ്ങളുമാണ് കേരളത്തിൽനിന്ന് വിദേശരാജ്യങ്ങളിലേയ്ക്ക് കുടിയേറുന്നത് . ഉന്നത വിദ്യാഭ്യാസത്തിൻറെ പേരിലും ജോലിക്കായും യുകെ ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങളിലേയ്ക്ക് കുടിയേറുന്നവർ അവിടെത്തന്നെ സ്ഥിരതാമസമായി ജീവിക്കാനാണ് താല്പര്യപ്പെടുന്നത്. 70 – പതുകളിലും മറ്റും കേരളത്തിൽനിന്ന് ഗൾഫ് നാടുകളിലേക്കുള്ള കുടിയേറ്റത്തിന്റെ ചരിത്രം വ്യത്യസ്തമായിരുന്നു. എന്നെങ്കിലും കേരളത്തിൽ തിരിച്ചെത്താനായിരുന്നു മലയാളികൾ ഗൾഫിലേക്ക് ജോലിക്കായി പോയിരുന്നത്. എന്നാൽ രണ്ടായിരത്തിൽ ആരംഭിച്ച യുകെ, കാനഡ ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം വ്യത്യസ്തമായിരുന്നു. ഈ ഘട്ടത്തിൽ ആരംഭിച്ച കുടിയേറ്റത്തിന്റെ ഭാഗമായി പോകുന്നവർ പിന്നീട് കേരളത്തിലേക്ക് ഒരു തിരിച്ചുവരവിനെ കുറിച്ച് ചിന്തിക്കുന്നതേയില്ല. ഒരുപക്ഷേ മാതാപിതാക്കൾക്ക് താല്പര്യമുണ്ടെങ്കിലും മക്കൾ അതിന് താല്പര്യപ്പെടുന്നില്ല എന്നുള്ളതാണ് വസ്തുത.

ഇങ്ങനെ പഠനത്തിനായും ജോലിക്കായും കുടിയേറുന്നവരിൽ ഏറ്റവും കൂടുതൽ ഉള്ളത് ക്രിസ്തീയ മത വിഭാഗത്തിൽപ്പെട്ടവരാണ്. കേരളത്തിലെ ഉന്നത വിദ്യാഭ്യാസം മേഖലയിലെ പ്രശസ്തമായ നിലയിലായിരുന്ന ക്രിസ്ത്യൻ മാനേജ്മെന്റിന്റെ കീഴിലുള്ള പല കോളേജുകളിലും ഭൂരിഭാഗം ബിരുദ ബിരുദാനന്തര കോഴ്സുകൾക്കും കുട്ടികളില്ലാത്ത അവസ്ഥയാണ്. എയ്ഡഡ് അൺഎയ്ഡഡ് മേഖലകളിലെ പല കോളേജുകളും നേരിടുന്നത് കടുത്ത പ്രതിസന്ധിയാണ്.  പഠനത്തിനായി പോകുകയും അവിടെ സ്ഥിരതാമസമക്കു കയും എന്നതാണ് ഭൂരിപക്ഷം വിദേശത്തേക്ക് പോകുന്ന വിദ്യാർത്ഥികളുടെയും ജീവിത ലക്ഷ്യം .