ജില്ലയില്‍ നാല് പോലീസുകാര്‍ക്ക് ഗുണ്ടാബന്ധമെന്ന് ഐ.ജിയുടെ റിപ്പോര്‍ട്ട്. ചങ്ങനാശേരി ഡി.വൈ.എസ്.പി, സൈബര്‍ സെല്ലിലെ ഒരു ഓഫീസര്‍, രണ്ട് സിവില്‍ പോലീസുകാര്‍ എന്നിവര്‍ക്കെതിരെയാണ് വകുപ്പുതല നടപടി ശിപാര്‍ശ ചെയ്ത് ഐ.ജി പി.പ്രകാശ് റിപ്പോര്‍ട്ട് നല്‍കിയത്. കോട്ടയത്തെ സ്ഥിരം കുറ്റവാളിയായ അരുണ്‍ ഗോപനുമാണ് ഇവര്‍ക്ക് ബന്ധം. ഏതാനും മാസം മുന്‍പ് ഒരു യവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി പോലീസ് സ്‌റ്റേഷനു മുന്നില്‍ തള്ളിയ സംഘത്തിലുള്ളയാളാണ് അരുണ്‍ ഗോപനെന്ന് റിപ്പോര്‍ട്ടുണ്ട്.

രണ്ടാഴ്ച മുന്‍പ് ഹണി ട്രാപ്പുമായി ബന്ധപ്പെട്ട് വെസ്റ്റ് പോലീസ് അരുണിനെ അറസ്റ്റു ചെയ്തിരുന്നു. അന്ന് രാത്രി സ്‌റ്റേഷനിലെത്തിയ ഡിവൈഎസ്പി അരുണിനെ തന്റെ പേര് പുറത്തുപറഞ്ഞാല്‍ വകവരുത്തുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. ഇക്കാര്യം സ്‌പെഷ്യല്‍ ബ്രാഞ്ച് കോട്ടയം എസ്.പിക്ക് റിപ്പോര്‍ട്ട് ചെയ്തിരുന്നു. എസ്.പി ഈ റിപ്പോര്‍ട്ട് ഐ.ജിക്ക് കൈമാറുകയും ഐ.ജി നടത്തിയ അന്വേഷണത്തിന് ശേഷമാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതും മൂന്നു പേര്‍ക്കെതിരെ വകുപ്പ്തല നടപടിക്ക് പാലാ എ.എസ്.പിക്ക് നിര്‍ദേശം നല്‍കി. ഡിവൈഎസ്പിക്കെതിരായ നടപടിക്ക് ഡിജിപിക്കും റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.