കോണ്‍ഗ്രസില്‍ സീറ്റ് വിഭജനം സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കവെ മൂവാറ്റുപുഴ ചങ്ങനാശേരി സീറ്റുകള്‍ തമ്മില്‍ വെച്ചുമാറ്റം. ചങ്ങനാശേരി സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുത്ത് പകരം മൂവാറ്റുപുഴ സീറ്റ് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിനു നല്‍കാനാണ് തീരുമാനം. ഇതോടെ, മൂവാറ്റുപുഴയില്‍ കഴിഞ്ഞ തവണ എല്‍ദോ ഏബ്രാഹാമിനോടു തോറ്റ ജോസഫ് വാഴയ്ക്കന്‍ ചങ്ങനാശേരിയില്‍നിന്ന് വോട്ടുതേടും. അതേസമയം, 12 സീറ്റുകള്‍ വേണമെന്ന ജോസഫ് വിഭാഗത്തിന്റെ ആവശ്യം ഉഭയകക്ഷി ചര്‍ച്ചയില്‍ കോണ്‍ഗ്രസ് നേതൃത്വം തള്ളി. കോട്ടയത്ത് ജോസഫ് വിഭാഗത്തിന് കൂടുതല്‍ സീറ്റ് നല്‍കാനാവില്ലെന്നുമാണ് കോണ്‍ഗ്രസ് അറിയിച്ചിരിക്കുന്നത്.
ചങ്ങനാശേരി സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുത്ത് പകരം മൂവാറ്റുപുഴ ജോസഫ് വിഭാഗത്തിനുള്ള നല്‍കാനുള്ള തീരുമാനം ഐ ഗ്രൂപ്പിന്റെ നിര്‍ണായക നീക്കമായാണ് വിലയിരുത്തുന്നത്. മൂവാറ്റുപുഴയില്‍ കഴിഞ്ഞ തവണ എല്‍ദോ ഏബ്രാഹാമിനോട് പരാജയപ്പെട്ട ജോസഫ് വാഴയ്ക്കന്‍ ഇക്കുറിയും അവിടെ മത്സരിച്ചാല്‍ പരാജയപ്പെടുമെന്ന ഐഐസിസിയുടെ സര്‍വേ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ മാറ്റം. വാഴയ്ക്കന്‍ ചങ്ങനാശേരിയില്‍ മത്സരിച്ചാല്‍ കോണ്‍ഗ്രസിന് ജയസാധ്യതയുണ്ടെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. ഈ പശ്ചാത്തലത്തില്‍ രമേശ് ചെന്നിത്തല നേരിട്ടിറങ്ങിയാണ് തന്റെ വിശ്വസ്തനായ വാഴയ്ക്കനുവേണ്ടി വാദിക്കുന്നതെന്നുമാണ് ഇതുമായി ബന്ധപ്പെട്ടവര്‍ നല്‍കുന്ന വിവരം.
അതിനിടെ, കോതമംഗലം, മൂവാറ്റുപുഴ, ഇടുക്കി, തൊടുപുഴ സീറ്റുകള്‍ കേരള കോണ്‍ഗ്രസിന് വിട്ടുനല്‍കുന്നതില്‍ കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വത്തിനും യൂത്ത് കോണ്‍ഗ്രസിനുമുള്ള എതിര്‍പ്പ് പരസ്യമായിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പില്‍, മൂവാറ്റുപുഴയില്‍ പന്തീരായിരത്തിലധികം വോട്ടിന്റെ മേല്‍ക്കൈ യുഡിഎഫിനുണ്ടായിരുന്നു. കോണ്‍ഗ്രസ് വലിയ നേട്ടമുണ്ടാക്കിയ മണ്ഡലം കൂടിയാണ് മൂവാറ്റുപുഴ. കൂടാതെ, എല്‍ദോ ഏബ്രഹാമിന്റെ മോശം പ്രതിച്ഛായയും യുഡിഎഫിനു നേട്ടമാകുമെന്നാണ് ഇവരുടെ കണക്കുക്കൂട്ടല്‍. കോണ്‍ഗ്രസില്‍നിന്ന് മികച്ച സ്ഥാനാര്‍ഥിയെ കണ്ടെത്തിയാല്‍ വിജയിക്കാമെന്നിരിക്കെ മൂവാറ്റുപുഴ ജോസഫ് വിഭാഗത്തിന് നല്‍കുന്നതിനെയാണ് പ്രാദേശിക നേതൃത്വം എതിര്‍ക്കുന്നത്.
ഉഭയകക്ഷി ചര്‍ച്ചയില്‍ ജോസഫ് വിഭാഗം 12 സീറ്റുകള്‍ ചോദിച്ചെങ്കിലും ഒമ്പത് സീറ്റില്‍ ഒതുക്കാനാണ് കോണ്‍ഗ്രസ് ശ്രമം. എന്നാല്‍ ജോസഫ് വിഭാഗം വഴങ്ങുന്നില്ല. മൂവാറ്റുപുഴ ഏറ്റെടുത്ത് ചങ്ങനാശ്ശേരി വിട്ടു കൊടുക്കാന്‍ ജോസഫ് പക്ഷം തത്വത്തില്‍ ധാരണയായിട്ടുണ്ട്. കാഞ്ഞിരപ്പള്ളിയും പൂഞ്ഞാറും വേണമെന്നും ജോസഫ് വിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, കോട്ടയത്ത് കൂടുതല്‍ സീറ്റ് നല്‍കാനാവില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി.
ആര്‍എസ്പിക്ക് അഞ്ച് സീറ്റുകളാണ് ലഭിക്കുന്നത്. മുന്‍ മന്ത്രിമാരായ ഷിബുബേബി ജോണ്‍ ചവറയിലും ബാബു ദിവാകരന്‍ ഇരവിപുരത്തും യുഡിഎഫ് സ്ഥാനാര്‍ത്ഥികളാകും. കുന്നത്തൂരില്‍ ഉല്ലാസ് കോവൂര്‍ തന്നെയാവും മത്സരിക്കുക. ആറ്റിങ്ങല്‍, കയ്പമംഗലം സീറ്റുകളില്‍ ആരെ മത്സരിപ്പിക്കണമെന്ന് പിന്നീട് തീരുമാനിക്കും. കയ്പമംഗലത്തിന് പകരം കുണ്ടറ ചോദിച്ചെങ്കിലും സീറ്റ് വെച്ചുമാറാന്‍ കോണ്‍ഗ്രസ് തയ്യാറായില്ല. കുന്ദംകുളം കോണ്‍ഗ്രസ് ഏറ്റെടുത്ത് പകരം സിഎംപിക്ക് നെന്മാറ കൊടുക്കാനും നീക്കമുണ്ട്. മുതിര്‍ന്ന നേതാവായ സിപി ജോണിന് സുരക്ഷിതമണ്ഡലം എന്ന നിലക്ക് തിരുവമ്പാടി ലീഗ് അക്കൗണ്ടില്‍ കൊടുക്കാന്‍ നീക്കമുണ്ടായെങ്കിലും തീരുമാനമായില്ല.
പുതിയ പാര്‍ട്ടിയുമായി യുഡിഎഫിലേക്ക് എത്തിയ മാണി സി കാപ്പന്‍ മൂന്ന് സീറ്റുകളാണ് ചര്‍ച്ചയില്‍ ആവശ്യപ്പെട്ടത്. ഇക്കാര്യം അടുത്ത യുഡിഎഫ് യോഗത്തില്‍ ചര്‍ച്ച ചെയ്തു തീരുമാനിക്കാമെന്നാണ് കോണ്‍ഗ്രസ് അറിയിച്ചിരിക്കുന്നത്. അഭിപ്രായ ഭിന്നതകളെല്ലാം പരിഹരിച്ച് സീറ്റ് വിഭജനം സംബന്ധിച്ച ചര്‍ച്ചകള്‍ ബുധനാഴ്ചത്തെ മുന്നണി യോഗത്തോടെ അവസാനിപ്പിക്കാമെന്നാണ് കോണ്‍ഗ്രസ് കണക്കുക്കൂട്ടല്‍.
Leave a Reply