ചവറ എംഎല്‍എ എന്‍. വിജയന്‍പിള്ള അന്തരിച്ചു. ഞായറാഴ്ച പുലര്‍ച്ചെ മൂന്നിനായിരുന്നു മരണം. അസുഖബാധിതനായി വിജയന്‍ പിള്ള ഏറെനാളായി ചികിത്സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രണ്ട് മാസമായി ഗുരുതരമായ കരൾ രോഗത്തിന് ചികിത്സയിൽ ആയിരുന്നു വിജയൻ പിള്ള.
നിയമസഭാ മണ്ഡലം രൂപീകരിച്ച ശേഷമുള്ള ആദ്യ ആർ എസ് പി ഇതര എം എൽ എ ആണ് എൻ. വിജയൻ പിള്ള. ചവറ മടപ്പള്ളി വിജയമന്ദിരത്തിൽ നാരായണപിള്ളയുടെയും ഭവാനിയമ്മയുടെയും മകനായി 1951ലാണ് വിജയൻപിള്ള ജനിച്ചത്. ആര്‍എസ്പി നേതാവായിരുന്ന അച്ഛന്റെ പാത പിന്‍തുടര്‍ന്ന് രാഷ്ട്രീയത്തിലെത്തി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇടതുസ്വതന്ത്രനായാണ് മത്സരിച്ച് ജയിച്ചത്. ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണിനെയാണ് വിജയന്‍ പിള്ള തോല്‍പ്പിച്ചത്. ഭാര്യ: സുമാദേവി, മൂന്നു മക്കള്‍.
1979 മുതല്‍ 2000 വരെ 21 വര്‍ഷം ചവറ പഞ്ചായത്ത് അംഗമായിരുന്നു. 2000-2005 കാലത്ത് കൊല്ലം ജില്ലാ പഞ്ചായത്ത് അംഗമായി. ആര്‍എസ്പി ബേബി ജോണ്‍ വിഭാഗ നേതാവായിരുന്നു വിജയന്‍ പിള്ള. ബേബി ജോണ്‍ മരിച്ചപ്പോള്‍ കെ കരുണാകരന്‍ രൂപീകരിച്ച ഡിഐസിയില്‍ ചേര്‍ന്നു. ഡിഐസി കോണ്‍ഗ്രസില്‍ ലയിച്ചപ്പോള്‍ ഒപ്പം പോകാന്‍ വിജയന്‍ പിള്ള ഒരുങ്ങിയില്ല. പിന്നീട് എകെ ആന്റണി ആവശ്യപ്പെട്ടതനുസരിച്ച് കോണ്‍ഗ്രസിലെത്തി ഡിസിസി സെക്രട്ടറിയായി. ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്‍റെ മദ്യനയത്തെ തുടര്‍ന്ന് വിജയന്‍പിള്ള യുഡിഎഫില്‍നിന്ന് അകന്നു. മദ്യവ്യവസായികള്‍ കോണ്‍ഗ്രസില്‍ വേണ്ടെന്ന കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍റെ പ്രസ്താവനയെ തുടര്‍ന്ന് ഡിസിസി സെക്രട്ടറി സ്ഥാനത്തുനിന്ന് പടിയിറങ്ങി. എല്‍ഡിഎഫ് പരിപാടിയില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ നിന്ന് പുറത്തായി. പിണറായി വിജയന്‍ നവകേരള മാര്‍ച്ച് നടത്തിയപ്പോള്‍ ചവറയിലും കുന്നത്തൂരിലും പിണറായിക്കൊപ്പം വേദി പങ്കിട്ടു. തുടര്‍ന്ന് എല്‍ഡിഎഫ് സഹയാത്രികനായി.
Leave a Reply