ന്യൂസ് ഡെസ്ക്.

ബ്രിട്ടീഷ് ഹോം സെക്രട്ടറി സാജിദ് ജാവേദ് സ്ഥാനമേറ്റിട്ട് ദിവസങ്ങൾ മാത്രമേ ആയിട്ടുള്ളൂ എങ്കിലും ആദ്യം തന്നെ വിവാദത്തിൽ കുടുങ്ങി. പ്രതിപക്ഷ എംപിമാർ ആദ്യ ദിനങ്ങളിൽ അങ്കിൾ ടോമെന്നും കോക്കനട്ടെന്നും വിളിച്ച് കളിയാക്കിയാണ് വരവേറ്റതെങ്കിൽ ഇത്തവണ പെട്ടിരിക്കുന്നത് വിസാ വിവാദത്തിലാണ്. സാജിദ് ജാവേദിന്റെ അമ്മാവൻ പാക്കിസ്ഥാനിൽ  പണം വാങ്ങി വിസ വിറ്റിരുന്നു എന്നാണ് ആരോപണം. അമ്മാവൻ അബ്ദുൾ മജീദ് പാക്കിസ്ഥാനിൽ നിന്ന് ബ്രിട്ടണിലേയ്ക്ക് വരാൻ താത്പര്യമുള്ളവർക്ക് പണം വാങ്ങി വിസകൾ തരപ്പെടുത്തിയിരുന്നു എന്നാണ് ഡെയ്ലി മെയിൽ ന്യൂസ് വെളിപ്പെടുത്തിയിരിക്കുന്നത്. പണം നല്കി കബളിപ്പിക്കപ്പെട്ട ആളുകളുടെ ഫോട്ടോയും വിവരങ്ങളും സഹിതമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.

1990 മുതൽ അമ്മാവന്മാരായ അബ്ദുൾ മജീദിന്റെയും അബ്ദുൾ ഹമീദിന്റെയും നേതൃത്വത്തിലാണ് വിസാ റാക്കറ്റ് പ്രവർത്തിച്ചു കൊണ്ടിരുന്നത്. അബ്ദുൾ മജീദ് ഏഴ് വർഷം മുമ്പ് മരണമടഞ്ഞിരുന്നു. അബ്ദുൾ ഹമീദ് ബ്രിസ്റ്റോളിലാണ് താമസം. കുറച്ച് സ്റ്റുഡൻറ് വിസകൾ വിദ്യാർത്ഥികൾക്കായി തങ്ങളുടെ റിക്രൂട്ട്മെൻറ് സ്ഥാപനം വഴി ശരിയാക്കി നല്കിയിരുന്നെന്നും ആരോപണങ്ങൾ തികച്ചും അടിസ്ഥാമില്ലാത്തതും പച്ചക്കള്ളമാണെന്നും അബ്ദുൾ ഹമീദ് പറയുന്നു. ഹോം സെക്രട്ടറിയായി ചുമതലയേറ്റ സാജിദ് ജാവേദിന്റെ പ്രതിഛായ തകർക്കാനുള്ള ശ്രമമാണ് ഇതെന്നും ഇവർ പറഞ്ഞു. വിൻഡ് റഷ് കുടിയേറ്റ വിവാദത്തെത്തുടർന്ന് ആംബർ റൂഡ് രാജിവച്ച ഒഴിവിലാണ് സാജിദ് ജാവേദ് ഹോം സെകട്ടറിയായത്.