മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനോട് കൂറു പുലര്‍ത്തുന്ന ചെചന്‍ പ്രത്യേക ദൗത്യസംഘം സിറിയയിലെത്തി. ഐസിസ് നിയന്ത്രിത പ്രദേശങ്ങളില്‍ കടന്നുകയറി ഇന്റലിജന്‍സ് വിവരങ്ങള്‍ ശേഖരിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ചെചെന്‍ നേതാവ് റമസാന്‍ കദിറോവ് പറഞ്ഞു. റഷ്യന്‍ ഔദ്യോഗിക ടെലിവിഷനായ റഷ്യ വണ്‍ സംപ്രേഷണം ചെയ്യാനിരിക്കുന്ന ഒരു ഡോക്യുമെന്ററിയുടെ ടീസറില്‍ ചെചനിയയിലെ സൈനികപരിശീലന കേന്ദ്രത്തില്‍ കദിറോവ് നില്‍ക്കുന്ന ദൃശ്യങ്ങള്‍ കാട്ടിയിരുന്നു. ഈയാഴ്ച ഡോക്യുമെന്ററി സംപ്രേഷണം ചെയ്യും.
തങ്ങളുടെ മികച്ച പോരാളികളെ സിറിയയിലേക്ക് അയക്കുമെന്ന് കദിറോവ് ക്യാമറയെ നോക്ക്ി പറയുന്ന ദൃശ്യങ്ങളാണ് ടിവി സംപ്രേഷണം ചെയ്തത്. ഐസിസ് തീവ്രവാദികള്‍ക്കൊപ്പം ചേര്‍ന്ന് ഐസിസ് കേന്ദ്രങ്ങളില്‍ നുഴഞ്ഞ് കയറി അവിടെ നിന്ന് അവരുടെ ആക്രമണ പദ്ധതികളെക്കുറിച്ച് വിവരം ശേഖരിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഐസിസിനുളളില്‍ തന്നെ ഒരു ചാരസംഘം രൂപീകരിക്കും. സിറിയിയില്‍ റഷ്യ നടത്തുന്ന വ്യോമാക്രമണങ്ങള്‍ സ്വന്തം ജീവന്‍ ബലി നല്‍കിക്കൊണ്ട് വിജയിപ്പിക്കുന്നതിന് പിന്നില്‍ ആരാണെന്ന സൂചനയും ഈ ദൃശ്യങ്ങള്‍ നല്‍കുന്നുണ്ട്.
എന്നാല്‍ ഈ റിപ്പോര്‍ട്ടുകളെ ക്രെംലിന്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. പ്രസിഡന്റിന്റെ വക്താവ് ദിമിത്രി പെസ്‌കോവ് റിപ്പോര്‍ട്ട് സ്ഥിരീകരിക്കാന്‍ വിസമ്മതിച്ചു. സിറിയയില്‍ ആരെയൊക്കെയാണ് വിന്യസിച്ചിട്ടുളളതെന്ന കാര്യം നേരത്തെ തന്നെ പ്രതിരോധ മന്ത്രാലയം വെളിപ്പെടുത്തിയിട്ടുളളതാണെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അവര്‍ അവിടെ എത്രകാലം പ്രവര്‍ത്തിക്കും എന്നതും എന്ത് ചെയ്യുമെന്നതുമാണ് പ്രധാനം. ആരും ചെചന്‍ പ്രത്യേക ദൗത്യ സേനയെ കുറിച്ച് സംസാരിക്കേണ്ടതില്ല. മറിച്ച് ഫെഡറല്‍ യൂണിറ്റുകളെക്കുറിച്ച് സംസാരിക്കുന്നതാകും ഉചിതമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സിറിയയില്‍ തങ്ങളുടെ സൈനിക സാനിധ്യമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ റഷ്യ ആവര്‍ത്തിച്ച് നിഷേധിക്കുന്നുമുണ്ട്. അതേസമയം പ്രത്യേക ദൗത്യസേനയുടെ കാര്യത്തില്‍ ഇവര്‍ മൗനത്തിലുമാണ്. പുടിന് വേണ്ടി സ്വയം സൈനിക സേവനം നടത്തുന്ന ആളാണ് കദിറോവ്. 2007ല്‍ അധികാരമേറ്റതുമുതല്‍ ഇദ്ദേഹത്തിന് രാജ്യത്ത് വ്യക്തമായ മേല്‍ക്കോയ്മയുമുണ്ട്. എന്നാല്‍ കദിറോവ് വലിയ തോതില്‍ മനുഷ്യാവകാശ ലംഘനം നടത്തുന്നുവെന്ന് രാജ്യാന്തര സമൂഹം ആരോപിക്കുന്നു. ആയിരക്കണക്കിന് അര്‍ദ്ധസൈനികര്‍ ഇദ്ദേഹത്തിന്റെ നിയന്ത്രണത്തിലാണ്. ക
ദിരോവ്‌സ്‌കി എന്നപേരിലാണ് ഇവര്‍ അറിയപ്പെടുന്നത്. ക്രെംലിന് വേണ്ടി സേവനം നടത്തുന്നുവെന്നാണ് നാട്യമെങ്കിലും ഇവര്‍ ശരിക്കും ചെചന്‍ നേതാവിനോട് കൂറ് പുലര്‍ത്തുന്നു. അനുവാദമില്ലാതെ എത്തുന്ന റഷ്യയുടെ മറ്റു ഭാഗങ്ങളില്‍ നിന്നുള്ള സൈനികരെ മുന്നറിയിപ്പില്ലാതെ വെടിവെക്കാന്‍ കഴിഞ്ഞ ഏപ്രിലില്‍ കദിറോവ് ചെചന്‍ പൊലീസിന് അധികാരം നല്‍കിയിരുന്നു. ചെചനിലെ ഒരു കുറ്റവാളിയെ തൊട്ടടുത്തുളള സ്റ്റാവ്‌റോപോളില്‍ വച്ച് പൊലീസ് വെടിവച്ച് കൊന്നതിനെ തുടര്‍ന്നാണ് കദിറോവ് ചെചന്‍ പൊലീസിന് ഈ അധികാരം നല്‍കിയത്.