ന്യൂസ് ഡെസ്ക് മലയാളം യുകെ

ബർമിംഗ്ഹാം : ഈ വാരാന്ത്യത്തിൽ ബർമിംഗ്ഹാമിലും വെസ്റ്റ് മിഡ്‌ലാന്റിലും മണിക്കൂറുകളോളം നീണ്ടുനിൽക്കുന്ന മഞ്ഞുവീഴ്ച ഉണ്ടായേക്കാമെന്ന് മെറ്റ് ഓഫീസ് പ്രവചനം. താപനില വീണ്ടും കുറയുമെന്നും കനത്ത തണുപ്പ് അനുഭവപ്പെടുമെന്നും കാലാവസ്ഥ നിരീക്ഷകർ അറിയിച്ചു. 2019 ജനുവരി അവസാനത്തോടെ യുകെയിൽ മഞ്ഞുവീഴ്ച അനുഭവപ്പെട്ടിരുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതിനുസമാനമായി ഉണ്ടാകുന്ന മഞ്ഞുവീഴ്ച, വോർസെസ്റ്റർഷയർ ഉൾപ്പെടെയുള്ള പ്രദേശങ്ങളെ വ്യാപകമായി ബാധിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റിപ്പോർട്ട് ചെയ്തു.

പരിസ്ഥിതി ഏജൻസി വ്യാഴാഴ്ച പുലർച്ചെ മിഡ്‌ലാന്റ്സ് മുതൽ നോർത്ത് ഈസ്റ്റ് വരെ നീളുന്ന 25 വെള്ളപ്പൊക്ക മുന്നറിയിപ്പുകൾ നൽകിയിരുന്നു. അടിയന്തര നടപടി ആവശ്യമാണെന്ന് അവർ വ്യക്തമാക്കിയിരുന്നു. അതുപോലെ വെയിൽസിൽ 10 ഫ്ലഡ് അലേർട്ടുകളും നൽകിയിരുന്നു. രാജ്യത്തിന്റെ വടക്കുകിഴക്കൻ പ്രദേശങ്ങളിൽ കനത്ത മഴ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് നോർത്ത് വെയിൽസ് പോലീസ് ട്വീറ്റ് ചെയ്തു. രാവിലെ 6 മണിയോടെ ലങ്കാഷെയറിന്റെ ചില ഭാഗങ്ങളിൽ കുറഞ്ഞത് 16 മില്ലിമീറ്റർ മഴ ലഭിച്ചതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഈ വാരാന്ത്യത്തിൽ കനത്ത മഞ്ഞുവീഴ്ച ഉണ്ടാകുന്നതിനോടൊപ്പം താപനില -4° സെൽഷ്യസ് പോലെ അനുഭവപ്പെടുമെന്ന് മെറ്റ് ഓഫീസ് വ്യക്തമാക്കി.