കെ കെ രാമചന്ദ്രന്‍നായരുടെ നിര്യാണത്തെ തുടര്‍ന്ന്‍ ഒഴിവുവന്ന ചെങ്ങന്നൂര്‍ നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് സംസ്ഥാന രാഷ്ട്രീയത്തില്‍ നിര്‍ണ്ണായകമാകുമെന്നിരിക്കെ പതിവിന് വിപരീതമായി തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ മാസങ്ങള്‍ ബാക്കിയുണ്ടെങ്കിലും മുന്നണികള്‍ സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ ആരംഭിച്ചു.

കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി നിര്‍ണ്ണയം സംബന്ധിച്ച് നാളെ ഇന്ദിരാ ഭവനില്‍ ഉമ്മന്‍ചാണ്ടി, എം എം ഹസ്സന്‍, രമേശ്‌ ചെന്നിത്തല എന്നിവര്‍ തമ്മില്‍ ചര്‍ച്ച നടത്തും. യു ഡി എഫില്‍ ഈ സീറ്റ് കോണ്‍ഗ്രസിനാണെന്നതിനാല്‍ മുന്നണിയില്‍ ഇത് സംബന്ധിച്ച് അറിയിപ്പ് മാത്രം മതിയാകും.

കോണ്‍ഗ്രസില്‍ ‘എ’ ഗ്രൂപ്പിന്റെ മണ്ഡലമാണിത്. കോണ്‍ഗ്രസിലെ ശ്രദ്ധേയനായ നേതാവ് പി സി വിഷ്ണുനാഥ്‌ തന്നെ ഇവിടെ സ്ഥാനാര്‍ഥിയാകാനാണ് സാധ്യത. ഇക്കാര്യത്തില്‍ വിഷ്ണുനാഥിന് താല്പര്യക്കുറവുണ്ടെങ്കില്‍ മാത്രമേ മറിച്ചുള്ള ചര്‍ച്ചകള്‍ക്ക് പ്രസക്തിയുള്ളൂ. അങ്ങനെ വന്നാല്‍ മുന്‍ മാവേലിക്കര എം എല്‍ എ എം മുരളിയുടെ പേരിനായിരിക്കും മുന്‍തൂക്കം.

വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ടെസ്റ്റ്‌ റണ്ണായി കണക്കാക്കപ്പെടുന്ന ഉപതെരഞ്ഞെടുപ്പില്‍ ശക്തനായ സ്ഥാനാര്‍ഥിയെ രംഗത്തിറക്കി പോരാടണമെന്ന ഉറച്ച നിലപാടാണ് കോണ്‍ഗ്രസിലെ ഗ്രൂപ്പുകള്‍ക്കുള്ളത്. അതിനാല്‍ തന്നെ തര്‍ക്കത്തിനില്ലാതെ ഒന്നിച്ചു നീങ്ങാന്‍ തന്നെയാണ് കോണ്‍ഗ്രസിന്റെ നീക്ക൦.

അതേസമയം, ചെങ്ങന്നൂരില്‍ വീണ്ടും മത്സരിക്കുന്ന കാര്യത്തില്‍ എ ഐ സി സി സെക്രട്ടറി കൂടിയായി പി സി വിഷ്ണുനാഥ്‌ അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. കര്‍ണ്ണാടക തെരഞ്ഞെടുപ്പിന്റെ കൂടി ചുമതലയുള്ള എ ഐ സി സി സെക്രട്ടറിയാണ് വിഷ്ണുനാഥ്‌.

ഇടത് മുന്നണിയെ സംബന്ധിച്ചിടത്തോളം ഉപതെരഞ്ഞെടുപ്പ് വെല്ലുവിളിയാണ്. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളിലുള്ള വിലയിരുത്തല്‍ എന്ന പതിവ് മാനദണ്ഡങ്ങള്‍ക്കപ്പുറം അടുത്ത വര്‍ഷം നടക്കേണ്ട ലോക്സഭാ തെരഞ്ഞെടുപ്പിന്റെ രിഹേഴ്സലായി ജനം ഇത് കണക്കാക്കും എന്നതാണ് പ്രശ്നം.

കെ കെ രാമചന്ദ്രന്‍ നായരുടെ ജനകീയതയായിരുന്നു 1991 മുതല്‍ തുടര്‍ച്ചയായി യു ഡി എഫ് അടക്കിവാണിരുന്ന ചെങ്ങന്നൂര്‍ പിടിച്ചടക്കാന്‍ കഴിഞ്ഞ തവണ സഹായകമായത്. ഒപ്പം ഐ ഗ്രൂപ്പിന്റെ സഹകരണവും എന്‍ എസ് എസിന്റെ പിന്തുണയും ലഭിച്ചിരുന്നു. ഈ 3 ഘടകങ്ങളും ഇത്തവണ എല്‍ ഡി എഫിനില്ല.

ഉപതെരഞ്ഞെടുപ്പിലെ വിജയം യു ഡി എഫിനെ നയിക്കുന്ന പാര്‍ട്ടിയുടെ നേതാവെന്ന നിലയില്‍ രമേശ്‌ ചെന്നിത്തലയുടെ പ്രകടനത്തിനുള്ള അംഗീകാരം കൂടിയാണ്. അതിനാല്‍ സ്ഥാനാര്‍ഥി ആരായിരുന്നാലും ഐ ഗ്രൂപ്പ് യു ഡി എഫിന്റെ വിജയത്തിനായി പണിയെടുക്കും.

ഈ സാഹചര്യത്തില്‍ ശരിക്കും രാഷ്ട്രീയമായ ഏറ്റുമുട്ടലിന് ഒരുങ്ങുകയാണ് ഇടത് മുന്നണിയുടെ മുമ്പിലുള്ള മാര്‍ഗം. അതിന് ശക്തനായ സ്ഥാനാര്‍ഥിയെ കണ്ടെത്തണം. തല്‍ക്കാലം അങ്ങനൊരു മുഖം സി പി എമ്മിന് മുമ്പിലില്ല. അതിനാല്‍ തന്നെ അപ്രതീക്ഷിത സ്ഥാനാര്‍ഥിയാകും ഇടത് മുന്നണിയില്‍ നിന്നുണ്ടാകുക എന്നതാണ് പറഞ്ഞുകേള്‍ക്കുന്നത്. അത് നടി മഞ്ജുവാര്യര്‍ ആയിരിക്കുമെന്ന അഭ്യൂഹവും ശക്തമാണ്.

എൽഡിഫ് പാളയത്തിൽ മഞ്ജു തന്നെ പോരിനിറങ്ങുമോ , മഞ്ജുവിന്റെ ഇമേജ് ഗുണമാകുമോ മോശമാകുമോ ?

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എന്നാല്‍ മഞ്ജുവിനെ രംഗത്തിറക്കുന്നത് നെഗറ്റീവായ തരംഗം സൃഷ്ടിക്കുമോ എന്ന ആശങ്ക സി പി എമ്മില്‍ തന്നെ പലര്‍ക്കുമുണ്ട്. ചില സാമൂഹ്യ ഇടപെടലുകളിലൂടെയും പി ആര്‍ പ്രവര്‍ത്തനങ്ങളുടെയും മറവില്‍ ഉണ്ടാക്കിയെടുത്ത മഞ്ജുവാര്യരുടെ ഇമേജ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് കാലെടുത്ത് വച്ചാല്‍ എങ്ങനെയാകും എന്ന ആശങ്ക നേതാക്കള്‍ക്കുണ്ട്.

സിനിമയെ സിനിമയായും രാഷ്ട്രീയത്തെ രാഷ്ട്രീയമായും കാണുന്നതാണ് കേരളത്തിന്റെ ശൈലി. അങ്ങനെ വന്നാല്‍ മഞ്ജുവിന്റെ വ്യക്തി ജീവിതവും കുടുംബ ജീവിതവുമൊക്കെ സമഗ്രമായ അവലോകനത്തിന് വിധേയമാക്കപ്പെടുമ്പോള്‍ ജനം എന്ത് വിധിയെഴുതും എന്ന ആശങ്ക പലര്‍ക്കുമുണ്ട്.

ഏതെങ്കിലും ഒരു പാര്‍ട്ടിയുടെ പുള്ള് മണ്ഡലം കമ്മിറ്റി ചികയാനിറങ്ങിയാല്‍ തകരാവുന്ന ഇമേജൊക്കെയെ താരത്തിനുള്ളൂ എന്ന്‍ വിലയിരുത്തുന്നവര്‍ ഏറെയുണ്ട്.

പക്ഷെ നടി ആക്രമിക്കപ്പെട്ട സംഭവത്തിനു ശേഷം മഞ്ജുവും കൂട്ടരും സ്വീകരിച്ച സ്ത്രീപക്ഷ നിലപാടുകളും മറ്റും മഞ്ജുവിന്റെ ജനപ്രീതി വലിയ തോതില്‍ വര്‍ധിപ്പിച്ചിട്ടുണ്ടെന്നും ഇത് സ്ത്രീ വോട്ടര്‍മാരെ ഉള്‍പ്പെടെ സ്വാധീനിക്കാന്‍ ഇടയാക്കുമെന്നുമാണ് പലരും കാണുന്നത്. നിലവില്‍ അത്തരമൊരു പ്രതിശ്ചായ താരത്തിനുണ്ടെന്നതും അനുകൂല ഘടകമാണ്.

ബി ജെ പിയിലെത്തി പോരാടാനുറച്ച് ശോഭനാ ജോര്‍ജ്ജ്
അതേസമയം, ചെങ്ങന്നൂരിലെ കാര്യത്തില്‍ ബി ജെ പി സംസ്ഥാന ഘടകവും സമ്മര്‍ദ്ദത്തിലാണ്. ‘വിജയിച്ചേ തീരൂ’ എന്നാണു കുമ്മനം രാജശേഖരന് അമിത് ഷാ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ഇത് കുമ്മനത്തിനും നിര്‍ണ്ണായകമാണ്.

കഴിഞ്ഞ തവണ മത്സരിച്ച മുന്‍ സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി എസ് ശ്രീധരന്‍ പിള്ള തോറ്റത് വിജയിച്ച സ്ഥാനാര്‍ഥിയേക്കാള്‍ പതിനായിരത്തോളം വോട്ടിന് മാത്രമാണ്. ഒത്തുപിടിച്ചാല്‍ ആ മാര്‍ജിന്‍ മറികടക്കാമെന്നാണ് ബി ജെ പിയുടെ കണക്കുകൂട്ടല്‍. പക്ഷെ ശ്രീധരന്‍ പിള്ള അങ്ങനൊരു അഗ്നിപരീക്ഷണത്തിന് വീണ്ടും തുനിയുമോ എന്ന് സംശയമാണ്.

അതിനിടെ ചെങ്ങന്നൂരിലെ മുന്‍ എം എല്‍ എയും മണ്ഡലത്തില്‍ വ്യാപകമായി പേരുകളുമുള്ള ശോഭനാ ജോര്‍ജ്ജിനെ ഇടവക സ്ഥാനാര്‍ഥിയാക്കാനുള്ള ചര്‍ച്ചകള്‍ സജീവമാണ്. ബി ജെ പി സമ്മതിച്ചാല്‍ ഏത് ധാരണയിലും അതിന് നിന്നുകൊടുക്കാന്‍ ശോഭന ഒരുക്കമാണ്.

മുന്‍ കേരളാ കോണ്‍ഗ്രസുകാരിയായ ശോഭനയെ പി സി തോമസിന്റെ കേരളാ കോണ്‍ഗ്രസില്‍ ലയിപ്പിച്ച് എന്‍ ഡി എ സ്ഥാനാര്‍ഥിയാക്കാനാണ് നിലവിലെ നീക്കം. പക്ഷെ ബി ജെ പി മാറിനിന്ന് ഈ സീറ്റ് ഒരു ദുര്‍ബല ഘടകകക്ഷിക്ക് നല്‍കുന്നതിനോട് ബി ജെ പി നേതാക്കള്‍ക്ക് വിയോജിപ്പുണ്ട്.

അങ്ങനെയെങ്കില്‍ ശോഭനയെ നേരിട്ട് ബി ജെ പിയില്‍ എത്തിച്ച് സ്ഥാനാര്‍ഥിയാക്കാനും നീക്കമുണ്ട്. അതിനോടും ശോഭനയ്ക്ക് യോജിപ്പാണ്. ശോഭന മുന്നണി സ്ഥാനാര്‍ഥിയായി വന്നാല്‍ ചെങ്ങന്നൂരില്‍ ജനസാധ്യതയുണ്ടെന്ന വിലയിരുത്തലാണ് ബി ജെ പിയ്ക്കുള്ളത്.

അങ്ങനെയെങ്കില്‍ കോണ്‍ഗ്രസിന്റെ യുവ നേതാവും സി പി എമ്മിന്റെ ഗ്ലാമര്‍ താരവും ബി ജെ പിയുടെ ഗ്ലാമര്‍ വനിതയും അണിനിരക്കുന്ന തട്ടുപൊളിപ്പന്‍ ഗ്ലാമര്‍ തെരഞ്ഞെടുപ്പിനാകുമോ ചെങ്ങന്നൂര്‍ സാക്ഷ്യം വഹിക്കുകയെന്നതാണ് കാത്തിരുന്നു കാണേണ്ടത്. അങ്ങനെയെങ്കില്‍ ഈ തെരഞ്ഞെടുപ്പ് കേരളക്കരയാകെ ഇളക്കിമറിയ്ക്കും.