ലോറി ഓട്ടോറിക്ഷയുടെ മുകളിലേക്ക് മറിഞ്ഞ് ഓട്ടോ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. അപകടത്തില്‍ രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഓട്ടോ ഡ്രൈവര്‍ ഉതിമൂട് മാമ്പാറവീട്ടില്‍ ഷൈജു കമലാസനന്‍ (40) ആണ് മരിച്ചത്. ഉതിമൂട് കോഴിക്കോട്ടില്‍ വീട്ടില്‍ രാജേഷ്(40), കുമ്പഴ തറയില്‍ വീട്ടില്‍ ജയന്‍(41) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

മേക്കൊഴൂരില്‍ ശനിയാഴ്ച വൈകീട്ട് ആറരയോടെയായിരുന്നു അപകടം. ലോറിക്കടിയില്‍പ്പെട്ടവരെ രണ്ടര മണിക്കൂറിന് ശേഷമാണ് പുറത്തെടുക്കാനായത്. മേക്കൊഴൂരില്‍നിന്ന് തടികയറ്റിവന്ന ലോറി പുതുവേലിപ്പടി ഇറക്കത്തില്‍ എതിരേ ഓട്ടോറിക്ഷ വരുന്നതുകണ്ട് ബ്രേക്ക് ചെയ്‌തെങ്കിലും നിയന്ത്രണം വിടുകയായിരുന്നു. തുടര്‍ന്ന് ഓട്ടോറിക്ഷയുടെ മുകളിലേക്ക് മറിയുകയായിരുന്നു. ലോറിക്കും സമീപത്തെ മതിലിനും ഇടയില്‍ ഓട്ടോറിക്ഷ അമര്‍ന്നുപോയി. മുകളിലേക്ക് തടിയും വീണു. ഇതോടെ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായി.

തടിയുടെ കെട്ട് അയഞ്ഞുപോയതിനാല്‍ അഗ്‌നിരക്ഷാസേനയെത്തിയിട്ടും തുടര്‍പ്രവര്‍ത്തനങ്ങള്‍ ദുഷ്‌കരമായി. പത്തനംതിട്ടയില്‍നിന്ന് രണ്ട് ക്രെയിനുകള്‍ എത്തിച്ച് ലോറി ഉയര്‍ത്തിനിര്‍ത്തി അഗ്‌നിരക്ഷാസേനയുടെ കട്ടര്‍ ഉപയോഗിച്ച് ഓട്ടോ വെട്ടിപ്പൊളിച്ചാണ് മൂന്നുപേരെയും പുറത്തെടുക്കാന്‍ സാധിച്ചത്. തടിക്കടിയില്‍പ്പെട്ട് ഞെരിഞ്ഞുപോയ ഷൈജു കമലാസനനെ ഒടുവിലാണ് പുറത്തെടുക്കാനായത്.