കൊച്ചി ചെറായി ബീച്ചില്‍ യുവതിയെ യുവാവ് കുത്തിക്കൊന്നതിന്റെ കാരണം പുറത്തായി. ഇന്നു രാവിലെ പത്തരയോടെയാണു വരാപ്പുഴ സ്വദേശി ശീതള്‍ എന്ന മുപ്പതുകാരിയ്ക്കു ചെറായി ബീച്ചില്‍ വച്ചു കുത്തേറ്റത്.

കഴുത്തില്‍ കുത്തേറ്റ യുവതി പ്രാണരക്ഷാര്‍ത്ഥം സമീപത്തേ റിസോര്‍ട്ടിലേയ്ക്കു ഓടിക്കയറി. റിസോര്‍ട്ട് ജീവനക്കാര്‍ ആദ്യം സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചിരുന്നു എങ്കിലും സ്ഥിതി വഷളായതിനെ തുടര്‍ന്നു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേയ്ക്കു കൊണ്ടു പോകുകയായിരുന്നു. എന്നാല്‍ അവിടെ എത്തും മുമ്പ് പെണ്‍കുട്ടി മരിച്ചു.

യുവതിയും താനും പ്രണയത്തിലായിരുന്നു എന്നു കസ്റ്റഡിയിലെടുത്ത നെടുംങ്കണ്ടം സ്വദേശി പ്രശാന്ത് പറഞ്ഞു. ഏറെ നാളായി ശീതളിന്റെ വരാപ്പുഴയിലെ വീടിന്റെ മുകളിലെ നിലയിലായിരുന്നു യുവാവു താമസിച്ചിരുന്നത്. അടുത്ത കാലത്തായി താനും യുവതിയും തമ്മില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടായെന്നും പ്രശാന്ത് വ്യക്തമാക്കി. താനുമായി പ്രണയത്തിലായിരുന്ന യുവതി തന്നെ അവഗണിക്കുന്നു എന്ന തോന്നലാണു കൃത്യം ചെയ്യാന്‍ പ്രരിപ്പിച്ചത് എന്നു പ്രശാന്ത് പോലീസിനോടു പറഞ്ഞു.

ഇരുവരും ഒരുമിച്ച് ബീച്ചിലേക്ക് വരുന്നതിനിടെ തര്‍ക്കമുണ്ടാകുകയും തുടര്‍ന്ന് കുത്തുകയുമായിരുന്നു. ക്ഷേത്രദര്‍ശനത്തിന് ശേഷം സൗഹാര്‍ദപരമായാണ് ഇരുവരും ബീച്ചിലേക്ക് എത്തിയത്. കണ്ണടച്ച് നിന്നാല്‍ ഒരു സമ്മാനം തരാമെന്ന് ശീതളിനോട് പ്രശാന്ത് പറഞ്ഞിരുന്നു. ഇതുപ്രകാരം കണ്ണടച്ച് നിന്ന ശീതളിനെ ഇയാള്‍ കുത്തുകയായിരുന്നു.