ന്യൂസ് ഡെസ്ക് , മലയാളം യുകെ
തിരുവല്ലയുടെ സാംസ്കാരിക സാമൂഹിക മേഖലയിലെ തിളങ്ങുന്ന വ്യക്തിത്വം ഷെവലിയാർ വർഗീസ് (87) അന്തരിച്ചു . സംസ്കാരം നാളെ (20 -12- 2020) ഞായറാഴ്ച 3 മണിക്ക് വേങ്ങൽ സെൻറ് മേരീസ് മലങ്കര കത്തോലിക്കാ ദേവാലയത്തിൽ കർദ്ധിനാൾ മോറോൻ മോർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവയുടെ മുഖ്യകാർമികത്വത്തിൽ നടത്തപ്പെടും.
59 വർഷത്തോളം അധ്യാപക ജീവിതത്തിൽ അനേകായിരം വിദ്യാർഥികൾക്ക് പ്രിയപ്പെട്ട ഗുരുനാഥൻ ആയിട്ടുള്ള വർഗീസ് കരിപ്പായി സാർ 45 വർഷം ഇരുവള്ളിപ്ര സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപകനായും പ്രഥമ അധ്യാപകനായും സേവനം അനുഷ്ഠിച്ചു. അതിനുശേഷം 1990 മുതൽ 2014 വരെ സെന്റ് ജോൺസ് കോളേജ് പ്രിൻസിപ്പലായും സേവനം അനുഷ്ഠിച്ചിരുന്നു.
കോളജ് പഠനകാലത്ത് ഐക്കഫിന്റെ മുൻരൂപമായിരുന്ന ഓൾ ഇന്ത്യ കാത്തലിക് സ്റ്റുഡന്റ്സ് യൂണിയനിലൂടെ ലഭിച്ച രൂപീകരണവും നേതൃത്വപരിശീലനവും മൂല്യാധിഷ്ടിത പൊതുപ്രവർത്തകനായി അദ്ദേഹത്തെ വളർത്തി. . രണ്ടാം വത്തിക്കാൻ സൂനഹദോസിന്റെ പഠനങ്ങൾ ഭാരതസഭയിലും രൂപതകളിലും നടപ്പാക്കുന്നത് സംബന്ധിച്ച് സംഘടിപ്പിച്ച സെമിനാറുകളിൽ മലങ്കര സഭയുടെയും അല്മായ സമൂഹത്തിന്റെയും ശബ്ദവും വക്താവുമായിരുന്നു അദ്ദേഹം. ദേശീയ സെമിനാറിൽ ഉയർന്നുവന്ന “ഏക റീത്ത്’ നിർദേശത്തിന്റെ വേരറുക്കുന്നതിനും വ്യക്തിഗതസഭകളുടെ തനിമ നിലനിർത്തി സഭയുടെ വൈവിദ്ധ്യത്തിലെ ഏകത്വത്തിന്റെ മനോഹാരിത സംരക്ഷിക്കുന്നതിനു നേതൃത്വം നല്കിയ ഒരാളായിരുന്നു അദ്ദേഹം. 1996 ൽ മലങ്കര കാത്തലിക് അസോസിയേഷൻ രൂപീകൃതമായപ്പോൾ അതിന്റെ പ്രഥമ ഗ്ലോബൽ പ്രസിഡന്റായി. കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ, കത്തോലിക്കാ കോണ്ഗ്രസ്, മലങ്കര കാത്തലിക് അസോസിയേഷൻ എന്നീ അല്മായ സംഘടനകളുടെ ഫെഡറേഷൻ ആയ കേരള കാത്തലിക് ഫെഡറേഷൻ രൂപീകൃതമായപ്പോൾ അതിന്റെ പ്രഥമ പ്രസിഡന്റുമായി.
കേരള കോണ്ഗ്രസിന്റെ രൂപീകരണത്തിൽ സജീവമായിരുന്ന അദ്ദേഹം തിരുവല്ലയിൽ നിന്ന് നിയമസഭയിലേക്ക് ജനവിധി തേടിയിട്ടുണ്ട്. സഭാ മക്കളുടെ ആത്മീയ വളർച്ചയ്ക്ക് അദ്ദേഹം നൽകിയ സേവനത്തിന് വത്തിക്കാൻ ഷെവലിയാർ സ്ഥാനം നൽകി അദ്ദേഹത്തെ ആദരിച്ചു. അല്മായനേതൃത്വം അധികാരം ആസ്വദിക്കാനല്ല, സേവനത്തിനും ശുശ്രൂഷയ്ക്കുമുള്ളതാണെന്നും വൈദികനേതൃത്വത്തോടു ചേർന്നു നിന്നുകൊണ്ടുള്ള പ്രവർത്തനങ്ങളാണ് വേണ്ടതെന്നും അദ്ദേഹം ഉറച്ച് വിശ്വസിച്ചിരുന്നു.
കത്തോലിക്ക സഭകളുടെ (സീറോ മലങ്കര, സീറോ മലബാർ, ലാറ്റിൻ) സംഘടനയായ കെസിഎഫിൻെറ പ്രഥമ പ്രസിഡന്റും തിരുവല്ല അതിരൂപതയിലെ എംസിവൈഎം ,എംസിഎ എന്നീ സംഘടനകളുടെ ആദ്യത്തെ പ്രസിഡന്റും ആയിരുന്നു. അറുനൂറോളം പള്ളികളിൽ സുവിശേഷ പ്രസംഗം നടത്തിയിട്ടുണ്ട്. ഭാര്യ : തോട്ടഭാഗം മടേലിൽ സൂസി വർഗീസ് മക്കൾ : ഫാ . ജോസഫ് കരിപ്പായിൽ (വികാരി ചെറുപുഷ്പം ഇടവക കോട്ടൂർ), മിനി, മോൻസി, മനു. മരുമക്കൾ : കോന്നി പൗവത്തിൽ ടോണി (മുംബൈ), പത്തനംതിട്ട കുളങ്ങര സ്റ്റെല്ല, വെണ്ണിക്കുളം മണലേൽ ഷിനു. കൊച്ചുമക്കൾ : നിഖിൽ, നേഹ, സ്നേഹ, എയ്ഞ്ചല.
വർഗീസ് കരിപ്പായി സാറിൻെറ വിയോഗത്തിൽ മലയാളം യുകെ ന്യൂസിൻെറ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
സംസ്കാര ശുശ്രൂഷകൾ നാളെ (20 – 12 – 2020) രാവിലെ 11 മണി മുതൽ താഴെ കാണുന്ന ലിങ്കിൽ ലഭ്യമായിരിക്കും
Leave a Reply