ലണ്ടന്‍: കുട്ടികള്‍ ലൈംഗികമായി ചൂഷണം ചെയ്യപ്പെടുന്ന സംഭവങ്ങളില്‍ വലിയൊരു ശതമാനവും റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോകുന്നുവെന്ന് കുട്ടികളുടെ ചാരിറ്റിയായ എന്‍എസ്പിസിസി. കുട്ടികളെ വശംവദരാക്കി പീഡനത്തിനു വിധേയരാക്കുന്നവര്‍ ഉപയോഗിക്കുന്ന രീതികളാണ് ഇതിനു കാരണം. മദ്യവും മയക്കുമരുന്നും നല്‍കുകയും അതിലൂടെ കുട്ടികളും മുതിര്‍ന്നവര്‍ക്കു തുല്യമായെന്ന ധാരണ വളര്‍ത്തുകയുമാണ് ഇവര്‍ ചെയ്യുന്നത്. ഇതിലൂടെ പീഡനവിവരം പുറത്തു വരാതിരിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നു എന്നാണ് വെളിപ്പെടുത്തല്‍. പീഡനത്തേക്കുറിച്ച് രക്ഷിതാക്കള്‍ക്ക് പോലും സംശയം തോന്നാത്ത വിധത്തിലാണ് കുറ്റവാളികള്‍ കുട്ടികളെ സമീപിക്കുന്നതെന്നാണ് എന്‍എസ്പിസിസി വ്യക്തമാക്കുന്നത്.

ഏറ്റവും എളുപ്പത്തില്‍ വശംവദരാകുന്ന കുട്ടികളെയാണ് കുറ്റവാളികള്‍ സമീപിക്കുക. തങ്ങള്‍ ചൂഷണത്തിനും പീഡനത്തിനും വിധേയരാകുകയാണ് എന്ന് കുട്ടികള്‍ക്ക് തോന്നാത്ത വിധത്തിലായിരിക്കും ഇവര്‍ പെരുമാറുകയെന്നും ചാരിറ്റിയുടെ പോളിസി മാനേജര്‍ ലിസ മക് ക്രിന്‍ഡില്‍ പറയുന്നു. ചൂഷണമായിത്തന്നെയാണ് ഇതിനെ കണക്കാക്കേണ്ടതെന്നും അവര്‍ പറഞ്ഞു. റോഷ്‌ഡെയില്‍, റോത്തര്‍ഹാം, ഓക്‌സ്‌ഫോര്‍ഡ് എന്നിവിടങ്ങളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സംഭവങ്ങളുടെ അടിസ്ഥാനത്തില്‍ അടുത്ത കാലത്തായി കുട്ടികള്‍ നേരിടുന്ന ലൈംഗികാതിക്രമങ്ങള്‍ തടയാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമായി നടക്കുന്നുണ്ട്.

പീഡനങ്ങളും മനുഷ്യക്കടത്തും ചൂഷണവും തടയാനുള്ള ശ്രമങ്ങള്‍ക്കായി 40 മില്യന്‍ പൗണ്ട് ഈ വര്‍ഷം ആദ്യം സര്‍ക്കാര്‍ അനുവദിച്ചിരുന്നു. എന്നാല്‍ ഇരയെ കുരുക്കാന്‍ പീഡകര്‍ പ്രയോഗിക്കുന്ന തന്ത്രങ്ങള്‍ ഈ കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പടാതെ പോകുന്നതിനു കാരണമാകുന്നുവെന്നും മക് ക്രിന്‍ഡില്‍ വ്യക്തമാക്കി. അതുകൊണ്ടു തന്നെ റിലേഷന്‍ഷിപ്പ് എഡ്യുക്കേഷന്‍ സ്‌കൂളുകളില്‍ നിര്‍ബന്ധമാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.