യുഎസ് വിർജീനിയയിലെ ഗ്രീൻബ്രയർ പ്രവിശ്യ. 1897 ഫെബ്രുവരി മാസത്തിലെ ഒരു സായാഹ്നം. ഓഫിസ് അടച്ച് പുറത്തേക്കിറങ്ങാൻ തുടങ്ങുകയായിരുന്നു ജോൺ ആൽഫ്രഡ് പ്രസ്റ്റൺ എന്ന പബ്ലിക് പ്രോസിക്യൂട്ടർ. അപ്പോഴാണ് അദ്ദേഹത്തെ തേടി പ്രായമായ സ്ത്രീ എത്തിയത്. അവശയായി കാണപ്പെട്ട അവർക്ക് വളരെ പ്രധാനപ്പെട്ട ഒരു കാര്യം ജോണിനോട് പറയാനുണ്ടായിരുന്നു. അൽപം മുഷിപ്പുണ്ടായെങ്കിലും അവരെ പുറത്താക്കാൻ അദ്ദേഹത്തിനു തോന്നിയില്ല. അടച്ച ഓഫിസ് മുറി വീണ്ടും തുറന്ന് ജോൺ അകത്തേക്കു കയറി. ചുറ്റും ഒന്നു പരതി നോക്കി ആ സ്ത്രീയും.

‘എന്റെ പേര് മേരി ജോൺ ഹീസ്റ്റർ’– അവർ സ്വയം പരിചയപ്പെടുത്തി ജോണിന് അഭിമുഖമായി ഇരുന്നു.

‘എനിക്കു പറയാനുള്ളത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. അത്രമേൽ വിചിത്രം എന്നു തോന്നുന്നതും.’ അവർ പറഞ്ഞു തുടങ്ങി.

‘എന്റെ മകൾ എൽവ സോണ ഹീസ്റ്റർ കഴിഞ്ഞ മാസം മരിച്ചു. സംസ്കാരവും കഴിഞ്ഞു. പക്ഷേ, അതൊരു കൊലപാതകമായിരുന്നു…’

ജോൺ ആൽഫ്രഡ് പ്രസ്റ്റൺ ഒന്ന് അനങ്ങിയിരുന്നു. ഇതുപോലെ ദിവസേന പല കേസുകൾ അദ്ദേഹത്തെ തേടിയെത്താറുണ്ട്.

‘കൊലപാതകമാണെന്ന് ആര് പറഞ്ഞു?’
‘എൽവ’…യാതൊരു സങ്കോചവുമില്ലാതെ മേരി മറുപടി പറഞ്ഞു..

‘ആര്’..?

‘എൽവ.. എന്റെ മകൾ….’

‘അവർ മരിച്ചെന്നല്ലേ പറഞ്ഞത്?’

‘അതെ അവൾ മരിച്ചു. എന്നിട്ടും ഈ സത്യം പറയാനായി മാത്രം എന്നെ തേടിയെത്തി. ഞാൻ പറഞ്ഞില്ലേ, വളരെ വിചിത്രം എന്നു തോന്നുന്ന കാര്യമാണ് പറയാനുള്ളതെന്ന്. എൽവ മരിച്ചിട്ടും എന്നെ വന്നു കണ്ടു. അവൾ തന്നെയാണ് ഇക്കാര്യം എന്നോടു പറഞ്ഞത്. ’
‘ആട്ടെ.. ആരാണ് കൊലപാതകി…’ ജോൺ ചോദിച്ചു.

‘എഡ്വേഡ്…അവളുടെ ഭർത്താവ്…’

‘എങ്ങനെ..’?

‘കഴുത്തെല്ല് ഒടിച്ചു കൊന്നു…’

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

‘നിങ്ങൾക്ക് അയാളെ ഇഷ്ടമായിരുന്നില്ല അല്ലെ..’ ? ഒരു നീരസമുണ്ടായിരുന്നു ജോണിന്റെ ആ ചോദ്യത്തിൽ..
‘ഇല്ല എനിക്കവനെ ഇഷ്ടമായിരുന്നില്ല…’

ഒന്നും മറച്ചു വയ്ക്കാതെയാണ് മേരിയുടെ സംസാരം. ‘അവൻ ചീത്ത മനുഷ്യനാണെന്ന് പലവട്ടം ഞാൻ എൽവയോടു പറഞ്ഞതാണ്. അവൾ കേട്ടില്ല… ഒരു തരത്തിൽ എൽവ സ്വന്തം വിധി ഏറ്റുവാങ്ങുകയായിരുന്നു. പക്ഷേ, അവൻ ഒന്നും അറിയാത്തവനെപ്പോലെ എന്റെ കൺമുൻപിൽ ജീവിക്കുമ്പോൾ എനിക്കത് താങ്ങാനാകുന്നില്ല..’

‘ഇതൊക്കെ നിങ്ങളുടെ തോന്നലായിരിക്കില്ലെ..’ ജോൺ ചോദിച്ചു.
മേരി പറഞ്ഞു: ‘തോന്നലാണെന്നാണ് ഞാനും കരുതിയത്. ഒരുതവണയല്ല, നാലു തവണയാണ് മരണ ശേഷം എൽവ എന്നെ തേടിയെത്തിയത്. ആദ്യമൊക്കെ ഞാൻ കരുതി എന്റെ തോന്നലാണെന്ന്. പിന്നെ കരുതി എന്റെ സ്വപ്നമാണെന്ന്. പക്ഷേ, അതൊരു യാഥാർഥ്യമാണെന്ന് പതിയെ ഞാൻ തിരിച്ചറിഞ്ഞു. എൽവ മരിച്ചതല്ല, അവളെ കൊന്നതാണ്’– ആ അമ്മ ഒരു കുഞ്ഞിനെപ്പോലെ കരഞ്ഞു.

അവരെ ഒരുവിധം ആശ്വസിപ്പിച്ച് ജോൺ മടക്കിയയച്ചു. ആത്മാവ് ഈവിധം തന്റെ മരണ കാരണം വെളിപ്പെടുത്താൻ ശ്രമിക്കുമോ…? ശാസ്ത്രവും യുക്തിയുമെല്ലാം വലിയ തോതിൽ ജോണിന്റെ ചിന്തയെ മുറിപ്പെടുത്തിക്കൊണ്ടിരുന്നു. എങ്കിലും ചെറിയ അന്വേഷണം രഹസ്യമായി നടത്താൻ അദ്ദേഹം തീരുമാനിച്ചു. എരാസ്‌മസ് സ്ക്രിബ്ലിങ് ഷ്യൂ എന്നായിരുന്നു എഡ്വേഡിന്റെ യഥാർഥ പേര്.

മേരി വന്നതിന്റെ പിറ്റേ ദിവസം ജോൺ ആൽഫ്രഡ് ഡോ. ജോർജ് ഡബ്ല്യു. നാപ്പിനെ കാണാൻ പോയി. എൽവയുടെ മരണ റിപ്പോർട്ട് തയാറാക്കിയത് അദ്ദേഹമാണ്. മേരി തന്നെ വന്നു കണ്ടതോ, എൽവയുടെ പ്രേതം വെളിപ്പെടുത്തിയതോ ഒന്നും പറയാതെ ജോൺ കാര്യങ്ങൾ അന്വേഷിച്ചു. മരണത്തിൽ ചെറിയ അസ്വാഭാവികത തനിക്ക് തോന്നിയിരുന്നു എന്നാണ് ഡോക്ടർ പറഞ്ഞത്. കഴുത്ത് ഒടിഞ്ഞിരുന്നുവെന്നാണ് ഒറ്റനോട്ടത്തിൽ തോന്നിയത്. പക്ഷേ, എൽവയുടെ ഭർത്താവ് ഒരു തരത്തിലുമുള്ള പരിശോധനകൾക്കും അനുവദിക്കാത്ത രീതിയിൽ വികാരപ്രകടനം നടത്തി തന്നെ അവിടെനിന്നും അകറ്റുകയായിരുന്നുവെന്നും ഡോക്ടർ പറഞ്ഞു. ആരും പരാതികളൊന്നും ഉന്നയിച്ചുമില്ല.

എൽവ രണ്ടുമാസം ഗർഭിണിയായിരുന്നു. എന്റെ അടുത്തായിരുന്നു പരിശോധനയ്ക്ക് വന്നിരുന്നത്. അതുകൊണ്ടുതന്നെ ഗർഭാവസ്ഥയിലെ അസ്വസ്ഥതകൾ എന്നാണ് മരണ കാരണമായി ഞാൻ എഴുതിയത്. ഡോക്ടറുടെ അടുത്തുനിന്ന് ഇറങ്ങിയതോടെ ജോണിന്റെ മനസ്സ് യുക്തിയും വിശ്വാസവും തമ്മിലുള്ള ഏറ്റുമുട്ടലിന്റെ അരങ്ങായി മാറി. അയാൾ എൽവയും എഡ്വേഡും താമസിച്ചിരുന്ന വീടിന്റെ ചുറ്റുവട്ടത്തെല്ലാം വിവരം തിരക്കിയെത്തി. മരിക്കുന്നതിന്റെ ഏതാനും ദിവസം മുൻപു മുതൽ എൽവയെ എഡ്വേഡ് മർദിച്ചിരുന്നതായി നാട്ടുകാർ മൊഴി നൽകി.

എൽവയുടെ മൃതദേഹം ആദ്യമായി കണ്ടത് അയൽവാസിയായ ഒരു ആൺകുട്ടിയാണ്. ജോൺ ആ 11 വയസ്സുകാരെ പോയി കണ്ടു. വഴിയിൽവച്ചു കണ്ടപ്പോൾ എഡ്വേഡ് ആണ് വീടുവരെ ഒന്നു പോകാൻ തന്നോട് ആവശ്യപ്പെട്ടതെന്ന് അവൻ മൊഴി നൽകി. എൽവയെ കണ്ട് എന്തെങ്കിലും വാങ്ങേണ്ടതുണ്ടോ എന്നൊന്നു തിരക്കി വരാനാണ് എഡ്വേഡ് പറഞ്ഞയച്ചത്. അങ്ങനെ വീട്ടിലെത്തി നോക്കുമ്പോഴാണ് സ്റ്റെയർകേസിനോടു ചേർന്ന് എൽവ ബോധരഹിതയായി കിടക്കുന്നത് കാണുന്നതും. ഉടനെ അവൻ അമ്മയെ വിവരം അറിയിച്ചു. അവരാണ് ഡോക്ടർ നാപ്പിനെ അറിയിച്ചത്. തുടർന്ന് എഡ്വേഡിനോടും കാര്യം പറഞ്ഞു. 1897 ജനുവരി 23നായിരുന്നു സംഭവം.

ഡോക്ടർ വരാൻ ഒരു മണിക്കൂറോളം താമസിച്ചു. വിവരം അറിഞ്ഞെത്തിയ എഡ്വേഡ് കരഞ്ഞു ബഹളം വച്ചു. ഡോക്ടർ വരാൻ കാത്തുനിൽക്കാതെ എൽവയുടെ മൃതദേഹം കഴുകി പുതിയ വസ്ത്രം ധരിപ്പിച്ചതെല്ലാം എഡ്വേഡ് ഒറ്റയ്ക്കാണ്. സഹായിക്കാൻ ആരെയും അനുവദിച്ചുമില്ല– ആ ചെറുപ്പക്കാരൻ കാര്യങ്ങളെല്ലാം ഓർത്തെടുത്തു. സംസ്കാരത്തിൽ പങ്കെടുത്ത പലരെയും ജോൺ നേരിൽ കണ്ട് സംസാരിച്ചു. കഴുത്തിന് എന്തോ കാര്യമായി സംഭവിച്ചിരുന്നു എന്ന് എല്ലാവരും ഒരുപോലെ സംശയിച്ചു. ചെറിയ തലയിണയും തുണികളും ഉപയോഗിച്ച് ശവപ്പെട്ടിയിൽ എൽവയുടെ ശിരസ്സ് എഡ്വേഡ് താങ്ങി വച്ചിരുന്നു. ഭാര്യയുടെ സുഖകരമായ ‘ഉറക്കത്തിനു’ വേണ്ടിയായിരുന്നു അതെന്നായിരുന്നു എഡ്വേഡ് പറഞ്ഞത്. ഇത്തരത്തിൽ വളരെ വിചിത്രമായിട്ടായിരുന്നു സംസ്കാര സമയത്തെ അയാളുടെ പെരുമാറ്റം.

സംശയം ബലപ്പെട്ടതോടെ എൽവയുടെ പ്രേതം തന്നെ സന്ദർശിച്ചു എന്നുള്ള മേരിയുടെ മൊഴിക്ക് ശക്തി കൂടി. ജോൺ കേസ് മുന്നോട്ടു നീക്കാൻ തീരുമാനിച്ചു. അങ്ങനെ ശവക്കുഴി തുറന്ന് ശരീരം പുറത്തെടുക്കാൻ കോടതിയിൽനിന്ന് അനുമതി വാങ്ങി. മേരി പറഞ്ഞതുപോലെ, എല്ലാവരും സംശയിച്ചതുപോലെ, എൽവയുടെ കഴുത്തിലെ രണ്ട് അസ്ഥികൾ ഒടിഞ്ഞിരുന്നതായും അതാണ് മരണ കാരണമെന്നും കണ്ടെത്തി. അതോടെ എഡ്വേഡിനെ അറസ്റ്റ് ചെയ്ത് കുടുതൽ ചോദ്യം ചെയ്തു. അയാൾ കുറ്റം സമ്മതിച്ചില്ല. കോടതിയിൽ ഒരു കാരണവശാലും പ്രേതം സന്ദർശിച്ച കാര്യം മേരിയുടെ വായിൽനിന്ന് വരാതിരിക്കാൻ ജോൺ ആവുന്നത് ശ്രമിച്ചെങ്കിലും അക്കഥകൾ‍ അപ്പോഴേക്കും നാട്ടിൽ പാട്ടായിരുന്നു.

പ്രതിഭാഗം വക്കീൽ ഇക്കാര്യം കോടതിയിൽ മേരിയോടു ചോദിച്ചു. കേസിന്റെ ഗതി മാറ്റി വിടുകയായിരുന്നു ഉദ്ദേശ്യം. മേരി പറയുന്നതെല്ലാം വിഡ്ഢിത്തമാണെന്നു വരുത്തിത്തീർക്കാനും അയാൾ ശ്രമിച്ചു. എന്നാൽ മേരി ഒരു കാര്യവും മറച്ചു വച്ചില്ല. എല്ലാം കോടതിയെ ധരിപ്പിച്ചു. പ്രതിഭാഗം വക്കീൽ ഉദ്ദേശിച്ച ഫലം കണ്ടില്ല. മേരിയുടെ വാക്കുകൾ കോടതി കാര്യമായി എടുത്തു. കഴുത്ത് ഏതു രീതിയിലാണ് ഒടിഞ്ഞിരിക്കുന്നതെന്ന കാര്യം വരെ എൽവ തന്നോടു പറഞ്ഞിരുന്നുവെന്ന് മേരി വ്യക്തമാക്കി. മെഡിക്കൽ പരിശോധനയിലും സമാനമായ രീതിയിലായിരുന്നു കഴുത്തിലെ ഒടിവ്.

കൂടുതൽ അന്വേഷിച്ചപ്പോൾ എഡ്വേഡിന്റെ രണ്ടാം ഭാര്യയും ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടിരുന്നതായി കണ്ടെത്തി. ഒന്നാം ഭാര്യ ഇയാളുടെ പീഡനം സഹിക്കാനാകാതെ വിവാഹമോചിതയായതുമായിരുന്നു. മൂന്നാമതാണ് എല്‍വയെ വിവാഹം ചെയ്തത്. പബ്ലിക് പ്രോസിക്യൂട്ടർ ഇക്കാര്യങ്ങളെല്ലാം കോടതിയെ ധരിപ്പിച്ചു. ഒടുക്കം എൽവയുടെ മരണം കൊലപാതകമാണെന്ന് കോടതി വിധിയെഴുതി. എഡ്വേഡ് കുറ്റം സമ്മതിച്ചു. പക്ഷേ, എന്തിനാണ് എൽവയെ കൊന്നതെന്നു മാത്രം എഡ്വേഡ് വെളിപ്പെടുത്തിയില്ല. നാലു രാത്രികളിലായാണ് തന്റെ കൊലപാതകത്തിന്റെ പിന്നിലെ സത്യം എൽവ തന്നോടു പറഞ്ഞതെന്നാണ് മേരി കോടതിയോടു വ്യക്തമാക്കിയത്. അത്താഴത്തിന് മാംസഭക്ഷണം പാകം ചെയ്യാൻ വിസമ്മതിച്ചതിനാണ് എഡ്വേഡ് തന്റെ കഴുത്തിനു ഞെക്കി കൊലപ്പെടുത്തിയതെന്നും എൽവ പറഞ്ഞതായി മേരി നാട്ടുകാരിൽ പലരോടും പറഞ്ഞിരുന്നു.

ഗ്രീൻബ്രയറിൽ എൽവയുടെ മൃതദേഹം അടക്കിയ സ്ഥലത്ത് ഏതാനും വാക്കുകൾ കുറിച്ചിട്ടുണ്ട്– ലോകചരിത്രത്തിലാദ്യമായാണ് ഒരു പ്രേതത്തിന്റെ മൊഴി കോടതി കണക്കിലെടുത്ത് ഒരാളെ ശിക്ഷിക്കുന്നതെന്ന്! എന്നാല്‍ അതിൽ അൽപം അതിശയോക്തിയുണ്ട്. കോടതി പ്രേതത്തിന്റെ ‘മൊഴി’ യഥാർഥത്തിൽ രേഖകളിലൊന്നും രേഖപ്പെടുത്തിയിരുന്നില്ല. മതിയായ ശാസ്ത്രീയ തെളിവുകൾതന്നെ എഡ്വേഡിനെ കുരുക്കാനായുണ്ടായിരുന്നു. മാത്രവുമല്ല, മേരി മകളുടെ പ്രേതത്തെ കണ്ടുവെന്നു പറഞ്ഞത് നുണയാണെന്നും പലരും വിശ്വസിക്കുന്നു.

എൽവയെ കൊലപ്പെടുത്തിയത് എഡ്വേഡാണെന്ന സംശയം മേരിക്ക് ശക്തമായുണ്ടായിരുന്നു. സംഭവത്തിൽ പുനഃരന്വേഷണത്തിനു വേണ്ടി ആ അമ്മ ആവിഷ്കരിച്ചെടുത്തതാണ് ഇത്തരമൊരു കഥയെന്നും പറയപ്പെടുന്നു. എന്തായാലും എഡ്വേഡിന് കോടതി ജീവപര്യന്തം തടവ് വിധിച്ചു. 1900ൽ ജയിലിൽ കിടന്നായിരുന്നു അയാളുടെ മരണം. അതും അജ്ഞാത രോഗം ബാധിച്ച്.