ആന്‍ലിയയുടെ മരണം ആത്മഹത്യയാണെന്നുള്ള നിഗമനത്തിലേക്ക് ക്രൈം ബ്രാഞ്ച്. കൊലപാതകത്തിലേക്ക് വിരല്‍ ചൂണ്ടുന്ന തെളിവുകള്‍ കിട്ടിയിട്ടില്ലെന്നാണ് ക്രൈം ബ്രാഞ്ചിന്റെ നിലപാട്. ആന്‍ലിയയുടെ ഡയറിക്കുറിപ്പുകള്‍ ക്രൈം ബ്രാഞ്ച് പരിശോധിക്കുകയാണ്. കോടതിയില്‍ കീഴടങ്ങിയ ആന്‍ലിയയുടെ ഭര്‍ത്താവ് ജസ്റ്റിനെ ക്രൈംബ്രാഞ്ച് വിശദമായി ചോദ്യം ചെയ്തിരുന്നു. ഇയാളുടെ അന്നക്കരയിലെ വീട്ടിലും തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനിലും തെളിവെടുപ്പ് നടത്തി.

ഇതിലൊന്നും കൊലപാതകത്തിലേക്ക് നയിക്കുന്ന തെളിവുകള്‍ ഇല്ലെന്നാണ് ക്രൈം ബ്രാഞ്ചിന്റെ നിലപാട്. എന്നാല്‍ ജസ്റ്റിന്റെ ഫോണ്‍ പരിശോധിച്ചപ്പോള്‍ ആത്മഹത്യയ്ക്ക് പ്രേരണയാകാവുന്ന മെസേജുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഭര്‍തൃ പീഡനത്തെക്കുറിച്ച് വിവരിക്കുന്ന ആന്‍ലിയയുടെ ഡയറിക്കുറിപ്പുകളും അന്വേഷണ സംഘം പരിശോധിക്കുകയാണ്. പ്രതി ജസ്റ്റിന്‍ ഇപ്പോള്‍ വിയ്യൂര്‍ ജയിലിലാണുള്ളത്.

ഓഗസ്റ്റ് 28 ന് രാത്രിയാണ് ആലുവക്കടുത്ത് പെരിയാര്‍ നദിയില്‍ നിന്നും എംഎസ്‌സി നഴ്സിംഗ് വിദ്യാര്‍ത്ഥിനിയായ ആന്‍ലിയയുടെ മൃതദേഹം കണ്ടെത്തിയത്. ഓഗസ്റ്റ് 25 ന് ബെഗലൂരുവിലേക്ക് പരീക്ഷയ്ക്ക് പോകാന്‍ ജസ്റ്റിനാണ് ആന്‍ലിയയെ തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കൊണ്ടാക്കിയത്. പിന്നീടാണ് മരണവിവരം പുറത്തുവന്നത്. ആന്‍ലിയയെ കാണാനില്ലെന്ന് ആദ്യം പരാതിപ്പെട്ടതും ജസ്റ്റിനാണ്.