സ്വന്തം ലേഖകൻ
യു കെ :- കൊറോണ വൈറസ് ഭീഷണിയുടെ അടിസ്ഥാനത്തിൽ ചൈനയിലെ വുഹാൻ നഗരത്തിൽ നിന്ന് യുകെയിലെത്തിയ രണ്ടായിരത്തോളം സന്ദർശകർ നിരീക്ഷണത്തിൽ. 14 പേരെ പരിശോധനയ്ക്ക് വിധേയമാക്കിയെങ്കിലും, ഇതുവരെയും രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല എന്ന് ഇംഗ്ലണ്ടിലെ ചീഫ് മെഡിക്കൽ ഓഫീസർ ക്രിസ് വിറ്റി വ്യക്തമാക്കി. എന്നാൽ ബ്രിട്ടനിലേക്ക് രോഗം പടരാനുള്ള സാധ്യത അധികമാണെന്ന് അദ്ദേഹം പറഞ്ഞു. നിലവിൽ എണ്ണൂറോളം പേർക്കാണ് ഈ വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. കൊറോണ വൈറസ് മൂലം 26 പേർ ചൈനയിൽ മരണപ്പെട്ടു. യുകെ ഗവൺമെന്റ് അടിയന്തര യോഗം ചേർന്ന് നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തി. ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് ആണ് യോഗത്തിന് നേതൃത്വം നൽകിയത്.
ചൈനയിൽ നിന്നെത്തിയ എല്ലാ സന്ദർശകരും നിരീക്ഷണത്തിലാണെന്നും, ആവശ്യമായ പേരിൽ പരിശോധന നടത്തുന്നുണ്ടെന്നും ആരോഗ്യ സെക്രട്ടറി വ്യക്തമാക്കി. സാഹചര്യം നേരിടുന്നതിന് ആവശ്യമായ എല്ലാ അടിയന്തര നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ വൈറസിനെ എത്രയും വേഗം നശിപ്പിക്കാനാണ് ചൈന ശ്രമിക്കുന്നതെന്ന് ലണ്ടനിലെ ചൈനീസ് അംബാസിഡർ ലിയു സിയമോങ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. സ്കോട്ട്ലൻഡിൽ അഞ്ചുപേരെയും, വെയിൽസിലും, ബെൽഫാസ്റ്റിലും ഓരോരുത്തരെയും പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. പരിശോധനയ്ക്ക് വിധേയമാക്കിയവരിൽ ബ്രിട്ടീഷ് കലാകാരനായ മൈക്കിൾ ഹോപ്പും ഉൾപ്പെടും.
ചൈനയിലേക്കുള്ള അത്യാവശ്യമല്ലാത്ത എല്ലാ യാത്രകളും നിർത്തിവെക്കണമെന്ന് ഫോറിൻ ഓഫീസ് നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നാൽ വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ ഇതുവരെയും ഈ സാഹചര്യത്തെ അന്താരാഷ്ട്ര പ്രശ്നമായി അംഗീകരിച്ചിട്ടില്ല.
Leave a Reply