ബെയ്ജിങ്: ശൈത്യകാല ഒളിമ്പിക്‌സിന്റെ ഭാഗമായി ബെയ്ജിങ്ങില്‍ ഒരു ബയോ ബബിള്‍ നഗരം തന്നെ സൃഷ്ടിച്ചെടുത്ത് ചൈന. കോവിഡ് ഭീതി ഇപ്പോഴും പൂര്‍ണമായും ഒഴിയാത്ത സാഹചര്യത്തില്‍ സുരക്ഷയുടെ ഭാഗമായി മറ്റ് രാജ്യങ്ങളില്‍ നിന്ന് ഒളിമ്പിക്‌സിനെത്തുന്നവരും ബെയ്ജിങ്ങിലെ 22 ദശലക്ഷത്തോളം വരുന്ന ജനങ്ങളും തമ്മിലുള്ള സമ്പര്‍ക്കം ഒഴിവാക്കുന്നതിനായാണ് ഈ സംവിധാനം.
പുറത്തുനിന്നുള്ള ഒരാള്‍ക്ക് ബബിളിനുള്ളിലെ ആളുകളുമായും തിരിച്ചും സമ്പര്‍ക്കം സാധ്യമാകാത്ത തരത്തിലാണ് ഈ സംവിധാനം ചൈന ഒരുക്കിയിരിക്കുന്നത്. ശൈത്യകാല ഒളിമ്പിക്‌സ്, പാരാലിമ്പിക് എന്നിവയ്ക്കായി രണ്ടു മാസത്തിനുള്ളില്‍ താരങ്ങളും സപ്പോര്‍ട്ട് സ്റ്റാഫുകളുമടക്കം പതിനായിരത്തേലേറെ പേരാണ് ഈ ബബിളിനുള്ളില്‍ പ്രവേശിക്കുക.
സെന്‍ട്രല്‍ ബെയ്ജിങ്, യാന്‍ക്വിങ്, ഹാങ്ജിയകൗ, ഹെബെയ് പ്രവിശ്യ എന്നിവിടങ്ങളിലായാണ് ഈ ബബിള്‍ പടര്‍ന്നു കിടക്കുന്നത്. മത്സരങ്ങള്‍ക്കുള്ള വേദികളും ഹോട്ടലുകളും എന്തിന് ബാറുകള്‍ വരെ ബബിളിനുള്ളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. യാത്രകള്‍ക്കായി പ്രത്യേക ഗതാഗത സംവിധാനവും ഒരുക്കി. നിയന്ത്രണങ്ങളില്ലാതെ ബബിളിനുള്ളില്‍ ഇന്‍ര്‍നെറ്റ് സംവിധാനവും ഉപയോഗിക്കാം.
ഒളിമ്പിക് ബബിളിന്റെ എല്ലായിടത്തും റോബോട്ടുകളുണ്ട്. ബബിളിനുള്ളില്‍ ആളുകള്‍ക്ക് ഭക്ഷണം വിളമ്പുന്നത് ഈ റോബോട്ടുകളാണ്. കഫെറ്റീരിയയിലെ ജീവനക്കാര്‍ ആരെങ്കിലും ഭക്ഷണത്തിന്റെ ഓര്‍ഡര്‍ എടുത്താല്‍ പിന്നെല്ലാം റോബോട്ടിന്റെ കൈകളിലാണ്. ആവശ്യപ്പെട്ട ഭക്ഷണം ടേബിളിനു മുകളിലെ ഒരു ട്രാക്ക് വഴിയെത്തി റോബോട്ട് നിങ്ങളുടെ മുന്നിലെത്തിക്കും.
ഉറങ്ങുന്നതിനായി സ്ലീപ്പിങ് പോഡുകളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. മീഡിയ സെന്ററുകളില്‍ പ്രത്യേക കാബിനുകള്‍ക്കുള്ളില്‍ സ്ലീപ്പിങ് പോഡ് സംവിധാനം ഒരുക്കിയിട്ടുണ്ട്. എല്ലാ ദിവസവും രാവിലെ കോവിഡ് പരിശോധനയുമുണ്ട്.
ബബിളിനുള്ളില്‍ വിവിധ സേവനങ്ങള്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുള്ള ആളുകളും സംഘാടകരും വളണ്ടിയേഴ്‌സ് അടക്കമുള്ളവരുമെല്ലാം രണ്ടു മാസങ്ങള്‍ക്കു മുമ്പു തന്നെ ഈ ബബിളില്‍ പ്രവേശിച്ചവരാണ്.
Leave a Reply