ഹോങ്കോങ്∙ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഗതിനിർണയ സംവിധാന ശൃംഖലയിലെ അവസാന ഉപഗ്രഹം ചൈന വിക്ഷേപിച്ചു. ‘ബെയ്ദു’ എന്നു പേരിട്ട ഈ സംവിധാനം നിലവിൽ വരുന്നതോടെ ലോകമെങ്ങും ചൈനയുടെ മറ്റൊരു നിരീക്ഷണക്കണ്ണ് കൂടിയാണ് തുറക്കുന്നത്.

യുഎസിന്റെ ജിപിഎസിന് (ഗ്ലോബൽ പൊസിഷനിങ് സിസ്റ്റം) കടുത്ത വെല്ലുവിളിയുയർത്തുന്ന ബെയ്ദു പ്രാബല്യത്തിൽ വരുന്നതോടെ സ്വന്തം ഗതിനിർണയ സംവിധാനമുള്ള ലോകത്തെ നാലാമത്തെ രാജ്യമാകുകയാണ് ചൈന. നിലവിൽ യുഎസിനു പുറമേ റഷ്യയുടെ ജിഎൽഒഎൻഎഎസ്എസ്, യൂറോപ്യൻ യൂണിയന്റെ ഗലീലിയോ എന്നിവയാണുള്ളത്. ഇന്ത്യയും ജപ്പാനും സമാന സംവിധാനത്തിന്റെ ചെറിയ വേർഷൻ ഉപയോഗിക്കുന്നുണ്ട്.

20ഓളം വർഷങ്ങളെടുത്താണ് ചൈന ബെയ്ദു വികസിപ്പിച്ചത്. ‘ലോകത്തിനും മനുഷ്യരാശിക്കും വേണ്ടിയാണ്’ ബെയ്ദുവെന്നാണ് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ മുഖപത്രം പീപ്പിൾസ് ഡെയ്‌ലി വിശേഷിപ്പിച്ചത്. ചൈനീസ് സൈന്യം ഉൾപ്പെടെ യുഎസിന്റെ ജിപിഎസിനെയാണ് ആശ്രയിക്കുന്നത്. യുഎസിന്റെ സ്വാധീനം കുറയ്ക്കുക എന്നതാണ് ചൈനയുടെ ലക്ഷ്യമെന്നാണ് ഈ രംഗത്തെ വിദഗ്ധർ പറയുന്നത്.

അതേസമയം, ബെയ്ദുവിന്റെ മാത്രം പ്രത്യേകതയായി ഒന്നും എടുത്തു പറയാനില്ലെന്നാണ് ന്യൂ സൗത്ത് വെയ്‌ൽസ് സർവകലാശാലയിലെ ഓസ്ട്രേലിയൻ സെന്റർ ഫോർ സ്പേസ് എൻ‍ജിനീയറിങ് റിസർച്ച് (എസിഎസ്ഇആർ) ഡയറക്ടർ ആന്‍ഡ്രൂ ഡെംപ്സ്റ്റർ വ്യക്തമാക്കുന്നത്. ‘കൈവശം ഇങ്ങനൊന്നുണ്ട് എന്ന് മേനി പറയാൻ മാത്രമേ ഇതുപകരിക്കൂ. ചന്ദ്രനിലേക്കു പോകുന്നതും അവിടെ പതാക സ്ഥാപിക്കുന്നതും പോലെയിരിക്കും ഇതും’ – ഡെംപ്സ്റ്റർ പറയുന്നു.

സ്വന്തമായി ഗതിനിർണയ സംവിധാനം വികസിപ്പിക്കാനുള്ള നടപടികള്‍ ആരംഭിച്ചത് യുഎസും റഷ്യയുമാണ്. ശീതയുദ്ധകാല സമയത്തായിരുന്നു ഇത്. 1973ല്‍ യുഎസ് പ്രതിരോധ വകുപ്പാണ് ജിപിഎസ് ആദ്യം നിർദേശിച്ചത്. ആറു വർഷങ്ങൾക്കുശേഷം 1979ലാണ് റഷ്യക്കാർ ജിഎൽഒഎൻഎഎസ്എസ് വികസിപ്പിക്കാൻ തുടങ്ങിയത്. ഇരുരാജ്യങ്ങളും ഇവ ‘പൂർണമായി പ്രവർത്തനസജ്ജ’മായതായി 1995ല്‍ അവകാശപ്പെടുകയും ചെയ്തു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

1994ലാണ് ചൈന ഈ മേഖലയിൽ പ്രവർത്തിച്ചുതുടങ്ങിയത്. യൂറോപ്യൻ യൂണിയന്റെ ഗലീലിയോ വളരെ വൈകിയാണ് രംഗത്തേക്കു കടന്നുവന്നത്. ഈ വർഷം അവസാനത്തോടെ ഗലീലിയോ പൂർണമായി പ്രവർത്തന സജ്ജമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. യുഎസ്, റഷ്യ, ചൈന രാജ്യങ്ങളിലെ ഗതിനിർണസംവിധാനങ്ങളുടെ ഉടമസ്ഥാവകാശം പൂർണമായോ ഭാഗികമായോ സൈന്യത്തിന്റെ കൈവശമാണ്. എന്നാൽ ഗലീലിയോ പൂർണമായും സിവിലിയൻ സംവിധാനമാണ്. എല്ലാ സംവിധാനങ്ങളും കുറഞ്ഞത് 20 ഉപഗ്രഹങ്ങളുടെ സഹായത്താലാണ് പ്രവർത്തിക്കുന്നത്.

ശത്രു രാജ്യത്തിന്റെ ഗതിനിർണയ സംവിധാനങ്ങൾ സൈന്യം ഉപയോഗിക്കുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങൾ നേരിടാൻ സ്വന്തമായി വികസിപ്പിച്ചെടുത്ത ഗതിനിർണയ സംവിധാനങ്ങള്‍ക്കാകും. സൈനിക നീക്കം കൃത്യമായി വിലയിരുത്താനും മറ്റും ഈ സംവിധാനത്തിന്റെ ഉടമസ്ഥ രാജ്യത്തിനു കഴിയും. വർഷങ്ങളായി ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമി (പിഎൽഎ) യുഎസിന്റെ ജിപിഎസ്സാണ് കൃത്യമായി ആശ്രയിച്ചുകൊണ്ടിരുന്നത്. ഇപ്പോൾ ബെയ്ദു വന്നതോടെ പിഎൽഎയിൽ വലിയതോതിൽ അത് ഉപയോഗിക്കപ്പെടുന്നുണ്ട്. നേരത്തേ ചൈനീസ് സൈന്യത്തിനു ലഭ്യമല്ലാതിരുന്ന പല ഗുണങ്ങളും ഇതുവഴി പിഎൽഎയ്ക്കു ലഭിക്കുന്നുണ്ട്.

വിവിധതലങ്ങളിൽ യുഎസുമായി കൊമ്പുകോർക്കുന്ന ചൈനയ്ക്ക് ബെയ്ദു വലിയൊരു നേട്ടമാണെന്ന് ഡെംപ്സ്റ്റർ വിലയിരുത്തുന്നു. ദക്ഷിണ ചൈനാക്കടൽ, മറ്റു ദ്വീപുകൾ തുടങ്ങിയവയ്ക്കുമേൽ ചൈനയുടെ അവകാശവാദമുള്ളതിനാൽ എപ്പോൾ വേണമെങ്കിലും ജിപിഎസ് നിഷേധിക്കപ്പെടാനോ അവ യുഎസിന് ഉപയോഗിക്കാനോ സാധിക്കും.

അതിനിടെ, ചൈന പാക്കിസ്ഥാന് ബെയ്ദു ശൃംഖലയിൽ പ്രവേശിക്കാനുള്ള അനുമതി നൽകിയിരുന്നു. ബെയ്ജിങ്ങിന്റെ വൺ ബെൽറ്റ്, വൺ റോഡ് പദ്ധതിയുമായി സഹകരിക്കുന്ന രാജ്യങ്ങൾക്ക് ഇവ ഉപയോഗിക്കാൻ ചൈന അനുവാദം നൽകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.