“ഇതെന്റെ അവസാന ലേഖനമായിരിക്കും” കൊറോണ വിഷയത്തിൽ ചൈനീസ് പ്രസിഡണ്ട് ഷി ജിങ്ങ്പിങ്ങിനെതിരെ കടുത്ത വിമര്‍ശനമുന്നയിച്ച പ്രൊഫസര്‍ എവിടെയെന്നറിയില്ലെന്ന് സുഹൃത്തുക്കള്‍

“ഇതെന്റെ അവസാന ലേഖനമായിരിക്കും” കൊറോണ വിഷയത്തിൽ ചൈനീസ് പ്രസിഡണ്ട് ഷി ജിങ്ങ്പിങ്ങിനെതിരെ കടുത്ത വിമര്‍ശനമുന്നയിച്ച പ്രൊഫസര്‍ എവിടെയെന്നറിയില്ലെന്ന് സുഹൃത്തുക്കള്‍
February 16 07:21 2020 Print This Article

കൊറോണ പടര്‍ന്നുപിടിച്ചതിന് പിന്നാലെ ചൈനീസ് പ്രസിഡണ്ട് ഷി ജിങ്ങ്പിങ്ങിനെതിരെ കടുത്ത വിമര്‍ശനമുന്നയിച്ച് ലേഖനമെഴുതിയ സിന്‍ഹുവാ സര്‍വ്വകലാശാല പ്രൊഫസര്‍ ഷു സാങ്റൂണിനു സാമൂഹ്യ മാധ്യമങ്ങളില്‍ വിലക്ക്. കഴിഞ്ഞ കുറെ ദിവസങ്ങളായി ഷൂവുമായി ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്ന് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ പറഞ്ഞതായി ഒബ്സര്‍വര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഗവണ്‍മെന്റിന്റെ നിയന്ത്രണങ്ങളെയും സെന്‍സര്‍ഷിപ്പിനെയും വിമര്‍ശിച്ചുകൊണ്ട് ഷു സാങ്റൂണ്‍ എഴുതിയ “വൈറല്‍ ഭീതി: രോഷം ഭയത്തെ അതിജീവിക്കുമ്പോള്‍” (Viral Alarm: When Fury Overcomes Fear) എന്ന ലേഖനം അഭിപ്രായ പ്രകടന സ്വാതന്ത്ര്യത്തെ സംബന്ധിച്ച് വലിയ ചര്‍ച്ചയാണ് ചൈനയില്‍ തുറന്നിട്ടത്.

ചൈനീസ് പ്രസിഡന്റിനെ വിമര്‍ശിച്ചുകൊണ്ടുള്ള ലേഖനം പ്രസിദ്ധീകരിച്ചതിന് പിന്നാലെ തനിക്കെതിരെ ശിക്ഷാ നടപടികള്‍ ഉണ്ടാകുമെന്ന് ഷു തന്റെ ലേഖനത്തില്‍ സൂചിപ്പിച്ചിരുന്നു. “ഇതായിരിക്കാം തന്റെ അവസാനത്തെ ലേഖനം” എന്നു ലേഖനത്തിന്റെ അവസാനം ഷു കുറിക്കുന്നു.

നിരന്തരമായി ഉയര്‍ത്തുന്ന ഭരണകൂട വിമര്‍ശനങ്ങളുടെ പേരില്‍ നിലവില്‍ പ്രൊഫസര്‍ഷിപ്പില്‍ നിന്നും പുറത്താക്കപ്പെട്ടിരിക്കുകയാണ് ഷു.

ലേഖനം പ്രസിദ്ധീകരിച്ചതിന് പിന്നാലെ ചൈനീസ് മെസേജിംഗ് ആപ്പ് ആയ വിചാറ്റില്‍ നിന്നും ഷൂവിന്റെ അക്കൌണ്ട് സസ്പെന്‍ഡ് ചെയ്തതായി അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ പറഞ്ഞു. കഴിഞ്ഞ കുറെ ദിവസങ്ങളായി ഷൂവുമായിബന്ധപ്പെടാന്‍ സാധിക്കുന്നില്ല. എന്നാല്‍ അദ്ദേഹത്തെ തടങ്കലില്‍ അടച്ചിട്ടില്ലെന്നും ബീജിംഗിലെ വസതിയില്‍ പാര്‍പ്പിച്ചിരിക്കുകായായിരിക്കുമെന്ന് കരുതുന്നതായി സുഹൃത്തുക്കള്‍ പറഞ്ഞു.

മൈക്രോ ബ്ലോഗിംഗ് വെബ്സൈറ്റായ വീബോയില്‍ നിന്നും ഷൂവിന്റെ പേര് നീക്കം ചെയ്യപ്പെട്ടിട്ടുണ്ട്. രാജ്യത്തെ ഏറ്റവും വലിയ സെര്‍ച്ച് എഞ്ചിനായ ബൈദുവില്‍ അദ്ദേഹത്തിന്റെ വളരെ പഴയ ചില ലേഖനങ്ങള്‍ മാത്രമേ കാണാന്‍ സാധിക്കുന്നുള്ളൂ. കഴിഞ്ഞ വെള്ളിയാഴ്ച വരെ മൊബൈല്‍ ഫോണ്‍ വഴിയും ഷൂ വിനെ ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ല എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

കൊറോണ വൈറസ് സംബന്ധിച്ച് തന്റെ സഹപ്രവര്‍ത്തകര്‍ക്ക് മുന്‍കരുതല്‍ നിര്‍ദേശം നല്കിയ വിസില്‍ബ്ലോവര്‍ ഡോക്ടര്‍ ലി വെന്‍ലിയാങ്ങിന്റെ മരണം വലിയ പ്രതിഷേധമാണ് ചൈനയില്‍ ഉയര്‍ത്തിയത്. ലി വെന്‍ലിയാങ്ങിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ നിശബ്ദനാക്കുകയായിരുന്നു എന്നാണ് ആരോപണം. പിന്നീട് ഫെബ്രുവരി 7നു കൊറോണ ബാധിച്ചു ഡോക്ടര്‍ മരണപ്പെടുകയായിരുന്നു. വലിയ രോഷവും പ്രതിഷേധവുമാണ് ലിയുടെ മരണം ചൈനയില്‍ ഉയര്‍ത്തിയത്.

ലിയുടെ മരണം പാര്‍ട്ടി ഭരണത്തിന്റെയും നിയന്ത്രണത്തിന്റെയും ഭീകരത തുറന്നുകാട്ടി എന്നു ടോക്യോ സര്‍വ്വകലാശാലയില്‍ വിസിറ്റിംഗ് സ്കോളര്‍ ആയി പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര ചരിത്രകാരന്‍ ഹോങ് സെങ്ക്വായി പറഞ്ഞു. “ജനങ്ങളുടെ മനസില്‍ വലിയ ആഘാതമാണ് ഈ സംഭവം ഉണ്ടാക്കിയിരിക്കുന്നത്.” ഹോങ് പറഞ്ഞതായി ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം മാധ്യമങ്ങളുടെ മേലുള്ള നിയന്ത്രണത്തില്‍ നേരിയ ഇളവുണ്ടായിട്ടുണ്ട് എന്നാണ് ചൈനയില്‍ നിന്നും വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കൊറോണ പടര്‍ന്നുപിടിച്ച വുഹാനില്‍ നിന്നും പകര്‍ച്ചവ്യാധിയുടെ നിലവിലെ സ്ഥിതിയെ കുറിച്ചും കൂടുതല്‍ വിശദമായ വാര്‍ത്തകള്‍ ചൈനീസ് ന്യൂസ് റൂമുകളില്‍ നിന്നും പുറത്തേക്ക് വരുന്നുണ്ട്.

എന്നാല്‍ സെന്‍സര്‍ഷിപ്പിനെതിരെയുള്ള പൊതുജന പ്രതിഷേധം ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കണ്ണു തുറപ്പിക്കില്ല എന്നു തന്നെയാണ് സാമൂഹ്യ പ്രവര്‍ത്തകരും ബുദ്ധിജീവികളും കരുതുന്നത്.

മറ്റൊരു സംഭവത്തില്‍ കൊറോണ വൈറസിനെ സംബന്ധിച്ചു റിപ്പോര്‍ട്ട് ചെയ്ത രണ്ട് സിറ്റിസെണ്‍ ജേര്‍ണലിസ്റ്റുകളും ‘അപ്രത്യക്ഷരായതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. അവരെയും ചൈനീസ് ഗവണ്‍മെന്റിന്റെ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയായിരിക്കും എന്നാണ് കരുതുന്നത്.

2002-2003 ചൈനയില്‍ സാര്‍സ് പടര്‍ന്ന് പിടിച്ചപ്പോള്‍ അത് മറച്ചുപിടിച്ച ചൈനീസ് ഗവണ്‍മെന്‍റിന്റെ നടപടിയെ തുറന്നു കാട്ടിയ മിലിട്ടറി ഡോക്ടര്‍ കഴിഞ്ഞ വര്‍ഷം വരെ വീട്ടു തടങ്കലില്‍ ആയിരുന്നു എന്നു ദി ഗാര്‍ഡിയന്‍ പുറത്തുകൊണ്ടുവന്നിരുന്നു.

കൊറോണ ബാധിച്ചു ചൈനയില്‍ ഇതുവരെ 1500ല്‍ അധികം ആളുകള്‍ മരണപ്പെട്ടു. ഇതില്‍ 6 ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. അരലക്ഷത്തിലധികം പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles