പൊറോട്ട ശ്വാസനാളത്തിൽ കുടുങ്ങി 55കാരൻ മരിച്ചു. പറവൂർ ചേന്നമംഗലത്ത് പാലാതുരുത്ത് മാത്തുപറമ്പിൽ മുരളിയാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി വീട്ടിൽവെച്ച് പൊറോട്ട കഴിക്കുന്നതിനിടെയാണ് ശ്വാസനാളത്തിൽ കുടുങ്ങിയത്. ശ്വാസം കിട്ടാതെ ബുദ്ധിമുട്ടിയ മുരളിയെ ഉടൻതന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ അതിനോടകംതന്നെ മരണം സംഭവിച്ചതായി ആശുപത്രി അധികൃതർ വ്യക്തമാക്കി. തുടർന്ന് മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം ഇന്നു പോസ്റ്റുമോർട്ടം നടത്തിയശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. വൈകിട്ടോടെ സംസ്ക്കാരം ശ്മശാനത്തിൽ നടന്നു. അംബികയാണ് മുരളിയുടെ ഭാര്യ. അരുൺ, അഖിൽ എന്നിവർ മക്കളാണ്.

കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ക്ക് വരെ തൊണ്ടയില്‍ ഭക്ഷണം കുടുങ്ങുന്നതിലൂടെ അപകടം സംഭവിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. എങ്കിലും കുട്ടികള്‍ക്കും പ്രായമായവര്‍ക്കുമാണ് ഭക്ഷണം തൊണ്ടയില്‍ കുടുങ്ങാനുള്ള സാധ്യത കൂടുതല്‍.

അശ്രദ്ധകൊണ്ടും വേഗത്തില്‍ ഭക്ഷണം കഴിക്കുന്നത് മൂലവും ആഹാരപദാര്‍ഥങ്ങള്‍ തൊണ്ടയില്‍ കുടുങ്ങാം. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ക്ക് വരെ തൊണ്ടയില്‍ ഭക്ഷണം കുടുങ്ങുന്നതിലൂടെ അപകടം സംഭവിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.

നാലു വയസില്‍ താഴെയുള്ള കുട്ടികളിലാണ് ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയുള്ള അപകടങ്ങള്‍ ഏറെയും ഉണ്ടാകുന്നത്. കുട്ടികള്‍ക്ക് ഭക്ഷണം നന്നായി ചവച്ചരച്ച് കഴിക്കണമെന്ന് അറിയാത്തതുകൊണ്ട് അപകടം സംഭവിക്കുന്ന സാഹചര്യങ്ങളുമുണ്ട്.

കാരണങ്ങള്‍

മുതിര്‍ന്നവരില്‍ അമിത വേഗത്തില്‍ ഭക്ഷണം കഴിക്കുന്നതിലൂടെ തൊണ്ടയില്‍ കുടുങ്ങാം. അമിത മദ്യപാനവും ഭക്ഷണം തൊണ്ടയില്‍ കുടുങ്ങുന്നതിന് കാരണമാകാറുണ്ട്.

ഭക്ഷണം തൊണ്ടയില്‍ തടഞ്ഞ ലക്ഷണങ്ങള്‍

1. സംസാരിക്കാന്‍ കഴിയാതെ വരിക
2. നിര്‍ത്താതെയുള്ള ചുമ
3. ശരീരം വിയര്‍ക്കുക
4. കൈകാലുകള്‍ നീലനിറമാകുക
5. അബോധാവസ്ഥയിലാകുക

ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയാല്‍

തൊണ്ടയിലെ ലാരിങ്‌സ്, ട്രക്കിയ, ബ്രോങ്കസ് തുടങ്ങിയ ഭാഗങ്ങളില്‍ എവിടെയും ഭക്ഷണം തടയാം. കുട്ടികളില്‍ സാധാരണഗതിയില്‍ കടല, കശുവണ്ടി, പഴങ്ങളുടെ കുരു തുടങ്ങിയവയാണ് തൊണ്ടയില്‍ തടയുന്നത്.

പ്രായമായവരില്‍ കൃത്രിമ പല്ല് പോലും കുടുങ്ങിയേക്കാം.

ഭക്ഷണം ലാരിങ്‌സിലാണ് കുടുങ്ങിയതെങ്കില്‍ ചുമയ്ക്കുമ്പോഴുണ്ടാകുന്ന മര്‍ദ്ദം മൂലം കുടുങ്ങിയ ഭക്ഷണ പദാര്‍ഥം പുറത്ത് വരും. ആശുപത്രിയില്‍ കൊണ്ടുപോകേണ്ട സാഹചര്യമുണ്ടായാല്‍ ആംബുലന്‍സിന്റെ സഹായം തേടാവുന്നതാണ്.

ഭക്ഷണം തൊണ്ടയില്‍ കുടുങ്ങുമ്പോള്‍, തൊണ്ട പൂര്‍ണമായും അടഞ്ഞുപോകുന്ന അവസ്ഥയാണ് ഉണ്ടാകുന്നത്. തൊണ്ട അടഞ്ഞുപോകുന്നത് കുറച്ച് സമയത്തേക്ക് ഓക്‌സിജന്‍ പ്രവാഹത്തിന് തടസം സൃഷ്ടിക്കും. ഈ സമയം ഓക്‌സിജന്‍ സര്‍ക്കുലേഷന്‍ കുറഞ്ഞാല്‍ മസ്തിഷ്‌കത്തിലേക്കും ഹൃദയത്തിലേക്കുമുള്ള രക്തപ്രവാഹം കുറയും.

ഇത് അബോധാവസ്ഥയിലേക്കും തുടര്‍ന്ന് മരണം സംഭവിക്കാനും ഇടയാക്കും. തൊണ്ട പൂര്‍ണമായും അടഞ്ഞുപോകുന്ന അവസ്ഥയില്‍ ഇത്തരത്തില്‍ സംഭവിക്കാറുണ്ട്. ചില സന്ദര്‍ഭങ്ങളില്‍ തൊണ്ട പകുതി അടഞ്ഞ അവസ്ഥയില്‍ ആയിരിക്കും.