ഷിബു മാത്യൂ
സീനിയര്‍ അസ്സോസിയേറ്റ് എഡിറ്റര്‍.
സന്തോഷകരമായ ഒരു ക്രിസ്തുമസ്സ്.
സന്താനങ്ങള്‍ ജനിക്കണം. മംഗള വാര്‍ത്തയുടെ സന്ദേശത്തിന്റെ സമഗ്രമായ പൊരുളതാണ്. നാല്പ്പത് വയസ്സ് കഴിഞ്ഞ് ഒരു സ്ത്രീ ഗര്‍ഭിണിയായാല്‍ ഇനിയും നിര്‍ത്താറായില്ലേ എന്നു ചോദിക്കുന്ന അമ്മായിയമ്മമാരുടെ കാലം. രണ്ട് കുഞ്ഞ് ഉണ്ടായിക്കഴിഞ്ഞാല്‍ ഇനിയുള്ള പ്രസവം ഗവണ്‍മെന്റ് ആശുപത്രിയില്‍ മതി. ഇനി പ്രസവം നടക്കാതിരിക്കാനുള്ള വഴികള്‍ തേടണം എന്നു പറയുന്ന അമ്മമാരുടെ കാലം.

നീ വിജാരിക്കുമ്പോഴല്ല, ദൈവം തരുന്ന നേരത്ത് സ്വീകരിക്കുന്നതിന്റെ പേരാണ് ക്രിസ്തീയ ദാമ്പത്യം. ദൈവത്തിന്റെ പദ്ധതിയെ ചോദ്യം ചെയ്യാന്‍ ഒരു ദാമ്പത്യവും വളര്‍ന്നിട്ടില്ല. ഓരോ കുഞ്ഞും ദൈവത്തിന്റെ കാരുണ്യമാണ്. ആര്‍ച്ച് പ്രീസ്റ്റ് റവ. ഡോ. അഗസ്റ്റ്യന്‍ കൂട്ടിയാനിയുടെ വാക്കുകളാണിത്.

ഒരു കുഞ്ഞിന് ജന്മം കൊടുക്കാന്‍ സാധിക്കുമ്പോഴും അതിന് തുനിയാതെ ദൈവത്തിന്റെ പദ്ധതിയില്‍ നിന്നും വ്യതിചലിച്ച് ഭൗതീക പദ്ധതികളുടെ പിറകെ പായുന്ന പുതു തലമുറക്കാര്‍ക്ക് മാതൃകയാവുകയാണ് യുകെയിലെ ഹഡേല്‍ഫീല്‍ഡില്‍ സ്ഥിരതാമസമാക്കിയ ജോയിസ്സും ജെറിനും. ക്രിസ്തുമസ്സ് നാളില്‍ അവരുടെ വീട്ടില്‍ ഉണ്ണി പിറന്നു. ജൊവീനയെത്തിയത് ഏഴാമതായിട്ടാണ്. ആറു സഹോദരങ്ങളുടെ സന്തോഷം നേരിട്ട് ഞങ്ങള്‍ മലയാളം യുകെയും കണ്ടു.

ഇത് ജോയിസ് മുണ്ടയ്ക്കല്‍, ജെറിന്‍ മുണ്ടയ്ക്കല്‍. ആധുനിക യുഗത്തില്‍ ചുരുക്കം ചിലര്‍ക്ക് മാത്രം ലഭിക്കുന്ന സന്താന സൗഭാഗ്യം ലഭിച്ച ദമ്പതികള്‍. ജോര്‍ജിയ, ജൊവാക്യം, ജെറോം, ജെഫ്രി, ജെറാര്‍ഡ്, ജോനാ ഇപ്പോഴിതാ ജൊവിനയും. ഏഴ് മക്കള്‍. മൂവാറ്റുപുഴയാണ് ജോയിസിന്റെ ദേശം. ജെറിന്‍ തൊടുപുഴയില്‍ നിന്നും. മെക്കാനിക്കല്‍ ഡിസൈന്‍ എന്‍ജിനീയറായി ജോയിസ് ജോലി ചെയ്യുന്നു. രണ്ടു പേരുടെയും കുടുംബ പശ്ചാത്തലത്തില്‍ മൂന്ന് കുട്ടികളില്‍ കൂടുതലുള്ള ദമ്പതികളാരുമില്ല. മക്കള്‍ കൂടുതലുള്ളത് അനുഗ്രഹമാണെന്നിവര്‍ പറയുന്നു. കൂടുതല്‍ മക്കള്‍ വേണം എന്ന് ഞങ്ങളായിട്ട് തീരുമാനിച്ചിട്ടില്ല. അതുപോലെ കുട്ടികള്‍ ഉണ്ടാകുന്നതിന് ഒരു തടസ്സവും ഞങ്ങളായിട്ട് സൃഷ്ടിച്ചിട്ടുമില്ല. ദൈവത്തിന്റെ പദ്ധതികള്‍ ഞങ്ങള്‍ സ്വീകരിച്ചു. ആധുനിക യുഗത്തില്‍ പല മാതാപിതാക്കന്മാരും ധരിച്ച് വെച്ചിരിക്കുന്നത് കൂടുതല്‍ കുഞ്ഞുങ്ങളുണ്ടായാല്‍ അതൊരു ബാധ്യതയാണെന്നാണ്. അതൊരു നാണക്കേടാണെന്നു ധരിക്കുന്നവരും ധാരാളം. തിരക്കൊഴിഞ്ഞിട്ടും ജീവിത മാര്‍ഗ്ഗം സുരക്ഷിതമാക്കിയതിനും ശേഷം മാത്രം മതി കുട്ടികള്‍ എന്ന ചിന്തയുള്ള മാതാപിതാക്കന്മാരാണ് ഇക്കാലത്ത് ധാരാളമുള്ളത്.

ജോയിസും ജെറിനും മലയാളം യുകെ ന്യൂസിനോട് സംസാരിച്ചത് ഇങ്ങനെ..
2003 ല്‍ ഒരു വിദ്യാര്‍ത്ഥിയായി ഹഡേല്‍സ്ഫീല്‍ഡില്‍ ജോയിസ് എത്തി.
2004ല്‍ ആയിരുന്നു ഞങ്ങളുടെ വിവാഹം.
ഒരു കുഞ്ഞിനെ കിട്ടാന്‍
വരുമാനമോ ജോലിയോ ഒന്നും മാനദണ്ഡമായെടുത്തില്ല. മക്കളെ സ്വീകരിക്കാന്‍ ഞങ്ങള്‍ തയ്യാറായിരുന്നു. യുകെയില്‍ തുടക്കം എന്ന നിലയില്‍ ഷെയറിംഗ് അക്കോമഡേഷനില്‍ താമസിക്കുന്ന കാലത്താണ് ഷെറിന്‍ ഗര്‍ഭിണിയാകുന്നത്. സാമ്പത്തികം അത്ര ഭദ്രമല്ലാതിരുന്നെങ്കിലും ഒരു വീട് വാടകയ്‌ക്കെടുത്തു മാറി. അങ്ങെനെ ഞങ്ങള്‍ ജീവിതം തുടങ്ങി. ആ വാടക വീട്ടില്‍ ജോര്‍ജിയ ജനിച്ചു. കുട്ടികള്‍ ജനിക്കുന്നതും വളരുന്നതും സാഹചര്യങ്ങള്‍ കൊണ്ട് തടസ്സമാകില്ല എന്ന് ഞങ്ങള്‍ മനസ്സിലാക്കി. ഓരോ കുഞ്ഞ് ജനിക്കുമ്പോഴും സാഹചര്യങ്ങള്‍ മെച്ചപ്പെടുകയാണ് ഞങ്ങളുടെ ജീവിതത്തില്‍ ഉണ്ടായിട്ടുള്ളത്. ദൈവത്തിന്റെ പദ്ധതികളെ ഞാന്‍ ഒരിക്കലും തടഞ്ഞുവെച്ചിട്ടില്ല. കുഞ്ഞുങ്ങള്‍ ഉണ്ടാകുമ്പോള്‍ അതിനെ വളര്‍ത്താനുള്ള സാഹചര്യങ്ങളും കൂടി ദൈവം തരുന്നുണ്ട്.

ഏഴ് മക്കള്‍! സഹായത്തിന് ആരുമില്ലാത്ത ഈ രാജ്യത്ത് ഒരു ദിവസം എങ്ങനെ ആരംഭിക്കുന്നു എന്ന് ഞാന്‍ ചോദിച്ചു.
അതിരാവിലെ ഉണരുന്ന സൂര്യന്‍ എല്ലാവര്‍ക്കും പ്രകാശമാകുന്നു. ജെറിനാണ് മറുപടി പറഞ്ഞത്. ജോയിസ് ആറു മണിക്ക് എണീയ്ക്കും. ഞാനും കൂടെ എണീയ്ക്കും. പ്രഭാതകൃത്യങ്ങള്‍ കഴിഞ്ഞ് ഞങ്ങള്‍ രണ്ടു പേരും കൂടി പ്രാര്‍ത്ഥിക്കും. വിവാഹം കഴിഞ്ഞ നാള്‍ മുതല്‍ ഇന്ന് വരെയും അത് മുടക്കിയിട്ടില്ല. അത് കഴിഞ്ഞ് പ്രഭാത ഭക്ഷണമൊരുക്കും. ഈ സമയം കൊണ്ട് സ്‌കൂളില്‍ പോകേണ്ട മക്കള്‍ എല്ലാവരും റെഡിയായി പ്രഭാത ഭക്ഷണം കഴിക്കാനെത്തും.
അവര്‍ തനിയേ ഒരുങ്ങും. അവരുടെ കാര്യങ്ങള്‍ സ്വയം ചെയ്യാന്‍ അവര്‍ പഠിച്ചു കഴിഞ്ഞു. ആദ്യത്തെ രണ്ടു പേരെ എല്ലാക്കാര്യവും ഞങ്ങള്‍ പഠിപ്പിച്ചു. ഇപ്പോള്‍ അവര്‍ ചെയ്യുന്നത് കണ്ട് ബാക്കിയുള്ളവര്‍ ചെയ്യും. പോരായ്മകള്‍ മൂത്തവര്‍ പരിഹരിച്ച് കൊടുക്കും.
സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം കുട്ടികളെ സ്വയംപര്യാപ്തതയില്‍ എത്തിച്ചതാണോ..?
ഒരിക്കലുമല്ല. ആദ്യം വേണ്ടത് മാതാപിതാക്കന്മാര്‍ ഗുരുക്കന്മാരാകണം. അവരെ മക്കള്‍ മാതൃകയാകണം. അവര്‍ കൊടുക്കുന്ന നല്ല ട്രെയിനിംഗിലാവണം മക്കള്‍ വളരെണ്ടത്. മാതാപിതാക്കള്‍ ചെയ്യേണ്ട കടമകള്‍ക്ക് മുടക്കം വരുത്തരുത്. അവര്‍ക്ക് വേണ്ടുന്ന എല്ലാക്കാര്യങ്ങളും നേരത്തേ ഞങ്ങള്‍ ചെയ്തു വെയ്ക്കും. കൂടാതെ എങ്ങനെ എന്തൊക്കെ ചെയ്യണം എന്നുകൂടി കാണിച്ചു കൊടുക്കും. പിന്നെ അവര്‍ക്ക് കാര്യങ്ങള്‍ എളുപ്പമായി. അതും പ്രകാരമാണോ അവര്‍ ചെയ്യുന്നത് എന്ന് നിരീക്ഷിക്കേണ്ട ജോലി മാത്രമേ പിന്നീടുള്ളൂ. മാതാപിതാക്കന്മാര്‍ അച്ചടക്കമുള്ളവരായിരിക്കുകയെന്നതാണ് പരമപ്രധാനം. അങ്ങനെയുള്ള ഒരാളാണ് ജോയിസ്. അടുക്കും ചിട്ടയും ജോയിസിന് നിര്‍ബന്ധമാണ്. ഞാന്‍ അതിനോട് പൂര്‍ണ്ണമായും സഹകരിക്കുന്നതു കൊണ്ട് ഇവിടെ പ്രശ്‌നങ്ങള്‍ കുറവാണ്.

രണ്ടോ മൂന്നോ കുട്ടികളില്‍ ഒതുങ്ങുന്ന ഇക്കാലത്ത് കൂടുതല്‍ കുട്ടികള്‍ ഉണ്ടായത് ഒരു ബുദ്ധിമുട്ടായിട്ട് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ..??

ഒരിക്കലുമില്ല. മാനസികമായി ഞങ്ങള്‍ തയ്യാറായവരാണ്. അംഗങ്ങളുടെ എണ്ണം കൂടുതലുള്ളതുകൊണ്ട് പല കാര്യങ്ങള്‍ക്കും കൂടുതല്‍ സമയമെടുക്കും എന്നതൊഴിച്ചാല്‍ മറ്റു പ്രശ്‌നങ്ങളൊന്നുമില്ല. നേരത്തേ എഴുന്നേല്‍ക്കേണ്ടി വരും. നേരത്തെ ഇറങ്ങേണ്ടി വരും. ഷോപ്പിംഗിനും ഭക്ഷണം പാകം ചെയ്യേണ്ടതിനുമൊക്കെ കൂടുതല്‍ സമയം ചെലവഴിക്കേണ്ടി വരും. പക്ഷേ, എല്ലാം ശരിയായി കഴിയുമ്പോഴുള്ള സന്തോഷം. അത് പറഞ്ഞറിയ്ക്കാന്‍ പറ്റാത്തതാണ്. യാത്ര പോകുന്നതാണ് എല്ലാവര്‍ക്കും കൂടുതല്‍ ഇഷ്ടം. വാഹനത്തിനുള്ളിലെ രസകരമായ സംഭവങ്ങള്‍!! അത് ഞങ്ങള്‍ എല്ലാവരും ആസ്വദിക്കുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കുട്ടികള്‍ കുസൃതി കാട്ടിയാല്‍ വഴക്ക് പറയുകയും ശിക്ഷിക്കുകയുമൊക്കെ ചെയ്യാറുണ്ടോ???
വഴക്ക് പറയുകയും ശിക്ഷിക്കുകയുമൊക്കെ ചെയ്തിട്ട് പ്രത്യേകിച്ച് യാതൊരു ഗുണവുമില്ല. ശാന്തമായി കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കി തെറ്റില്‍ നിന്ന് ശരിയില്‍ അവര്‍ എത്തുന്നതു വരെ അവരോടൊപ്പം നില്‍ക്കുക. അവരോട് ധാരാളം സംസാരിക്കുക. ഒരു കൂട്ടുകാരനെപ്പോലെ എപ്പോഴും പ്രവര്‍ത്തിച്ച് നമ്മളോട് ചേര്‍ത്തുനിര്‍ത്തുമ്പോള്‍ കുസൃതി കാണിക്കുവാനുള്ള പ്രവണത സ്വഭാവികമായും കുറയും

നിങ്ങളുടെ വീട്ടില്‍ നിങ്ങള്‍ ഏറ്റവും കൂടുതല്‍ ആസ്വദിക്കുന്ന സന്തോഷം എന്താണ്.??
എല്ലാവരും കൂടി ഒരുമിച്ച് ഭക്ഷണം കഴിക്കുന്ന സമയം എന്ന് പറയേണ്ടി വരും. അംഗങ്ങള്‍ കൂടുതലുള്ളതുകൊണ്ട് സ്വാഭാവികമായും വലിയ ഡൈനിംഗ് ടേബിളാണുള്ളത്. ഭക്ഷണം കഴിക്കാനുള്ള ഒത്തുകൂടലും അടക്കം പറച്ചിലും ഒച്ചയും ബഹളവും ഷെയറിംഗും കെയറിംഗുമൊക്കെ കാണുമ്പോള്‍ ഉണ്ടാകുന്ന സന്തോഷം പറഞ്ഞറിയിയ്ക്കാന്‍ പറ്റാവുന്നതിലും അപ്പുറമാണ്.

കൂടുതല്‍ കുട്ടികള്‍ സാമൂഹിക ജീവിതത്തെ എത്രത്തോളം ദോഷകരമായി ബാധിച്ചിട്ടുണ്ട്??

ഒരിക്കലുമില്ല. മക്കള്‍ കൂടുതല്‍ ഉണ്ടായപ്പോള്‍ സമൂഹിക സംവിധാനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുകയാണ് ചെയ്തത്. ഉദാഹരണത്തിന്.. ഞങ്ങള്‍ ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാംഗമാണ്. രൂപതയുടെ ബൈബിള്‍ കലോത്സവത്തില്‍ മത്സരത്തിന്റെ എല്ലാ വിഭാഗത്തിലും ഞങ്ങളുടെ വീട്ടിലെ എല്ലാവരും പങ്കെടുക്കുന്നു. അതിനുള്ള ഒരുക്കങ്ങള്‍, പരിശീലനങ്ങള്‍ ഇതൊക്കെ സാമൂഹിക ജീവിതത്തില്‍ തിരക്കുകൂട്ടുകയാണ്. കൂടാതെ റവ. ഫാ. മാത്യൂ മുളയോലില്‍ വികാരിയായ ഞങ്ങളുടെ ലീഡ്‌സിലെ ഇടവകയിലെ എല്ലാ പ്രവര്‍ത്തനങ്ങളിലും ഞങ്ങള്‍ മുന്‍നിരയിലുണ്ട്. ജെറിന്‍ സണ്‍ഡേ സ്‌ക്കൂളില്‍ പഠിപ്പിക്കുന്നു. ഞാന്‍ ഓണ്‍ലൈന്‍ കുര്‍ബാനകള്‍ ടെലികാസ്റ്റ് ചെയ്യുന്നതിന് നേതൃത്വം നല്‍കുന്നു. അങ്ങനെ പലതും..

ഇനിയും കുഞ്ഞുങ്ങളെ സ്വീകരിക്കാന്‍ തയ്യാറാണോ??
ഉദ്ദേശിച്ചത് എട്ടാമത്തെ കുഞ്ഞിനെ.??
ഉത്തരം പെട്ടന്നായിരുന്നു.
തയ്യാറാണ്. പക്ഷേ ഒരു കുഴപ്പമുണ്ട്. ഇപ്പോള്‍ ഉള്ള വണ്ടി ഒമ്പത് സീറ്റിന്റേതാണ്.
അത് നിറഞ്ഞു. അടുത്ത സ്റ്റേജിലേയ്ക്ക് പോകണമെങ്കില്‍ പുതിയ ലൈസന്‍സ്, ബസ്സ് രൂപത്തിലുള്ള വലിയ വണ്ടി, പാര്‍ക്കിംഗ് പ്രശ്‌നങ്ങള്‍.
അപ്പോള്‍ വണ്ടിയാണോ പ്രശ്‌നം?? ഒരിക്കലുമല്ല. അതൊരു പ്രശ്‌നമായി കാണുന്നില്ല. ദൈവത്തിന്റെ പദ്ധതികള്‍ക്ക് ഒരു തടസ്സവും ഒരിക്കലും സൃഷ്ടിക്കില്ല. സന്തോഷത്തോടെ സ്വീകരിക്കും.

ഈ സംസാരത്തിനിടയിലായിരുന്നു മൂത്തയാള്‍ ജോര്‍ജിയയെ കണ്ടത്. ഞാന്‍ ചോദിച്ചു. കൂട്ടുകാര്‍ ചോദിക്കുമ്പോള്‍ സഹോദരങ്ങള്‍ കൂടുതലുണ്ട് എന്ന് പറയാന്‍ നാണക്കേടുണ്ടോ??
അവള്‍ പറഞ്ഞതിങ്ങനെ..
ഞാന്‍ ഹാപ്പിയാണ്.
കാരണം അവര്‍ക്കാര്‍ക്കും ഇല്ലാത്ത സൗഭാഗ്യം എനിക്കുണ്ടല്ലോ!
അമ്മ ഏഴാമതും ഗര്‍ഭിണിയായത് ജോര്‍ജിയയാണ് എല്ലായിടത്തും വിളിച്ചു പറഞ്ഞത്. ജോര്‍ജിയ വളരെ സന്തോഷത്തിലായിരുന്നു. ലോക് ഡൗണ്‍ കാലത്തായിരുന്നു അവരുടെ വീട്ടില്‍ കൂടുതല്‍ ആഘോഷം. ഏറ്റവും കൂടുതല്‍ കുട്ടികള്‍ കളിച്ചുല്ലസിക്കുന്ന വീട്. അത് കണ്ട് രസിക്കുന്ന അപ്പനും അമ്മയും. വിശ്വാസം കൂടുതലുള്ള വീടാണിതെന്ന് ജോര്‍ജിയ പറയുന്നു. സങ്കീര്‍ത്തനം 91. അതില്‍ അവള്‍ ആഴത്തില്‍ വിശ്വസിക്കുന്നു.

ധാരാളം കുട്ടികള്‍ സൗഭാഗ്യമാണ്. ദൈവം ഒരു കുഞ്ഞിനെ തന്നാല്‍ ആ കുഞ്ഞ് വഴി ഒരു പാട് കാര്യങ്ങള്‍ ലോകത്ത് നടക്കുവാനുണ്ട്. നമ്മള്‍ അത് സ്വീകരിക്കാതിരുന്നാല്‍ ഒരുപാട് കാര്യങ്ങള്‍ നമ്മള്‍ മുടക്കുകയാണ്. ഉദാഹരണം. ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍. ധാരാളം കുട്ടികള്‍ ഉള്ള കുടുംബത്തില്‍ നിന്നാണ് നമ്മുടെ പിതാവ് ജനിച്ചത്. പിതാവിന്റെ മാതാപിതാക്കന്മാര്‍ ഇങ്ങനെയൊരു ചിന്താഗതിയില്‍ അല്ലായിരുന്നുവെങ്കില്‍ നമുക്ക് ഈ പിതാവിനെ ലഭിക്കുമായിരുന്നോ..?? ജോയിസ് ചോദിച്ചു.

മക്കള്‍ക്കൂടുതലുള്ളത് കുടുംബത്തിന് ബലമാണ്. ഇക്കാലത്ത് ഇല്ലാതെ പോകുന്നതും അതുതന്നെയാണ്. ക്രൈസ്തവര്‍ മറന്നു പോകുന്ന നഗ്‌നസത്യം. ജോയിസ് ജെറിന്‍ ദമ്പതികളുടെ വീട്ടിലെ സന്തോഷമാണ് ഞങ്ങള്‍ മലയാളം യുകെ പ്രിയ വായനക്കാര്‍ക്ക് ഈ ക്രിസ്തുമസ്സ് കാലത്ത് സമ്മാനിക്കുന്നത്…
ഇത് ഞങ്ങള്‍ നേരിട്ടറിഞ്ഞ സത്യങ്ങളാണ്.
മലയാളം യുകെ ന്യൂസിന്റെ ഹൃദയം നിറഞ്ഞ ക്രിസ്തുമസ്സാശംസകള്‍..