ന്യൂസ് ഡെസ്ക് മലയാളം യുകെ

മെറ്റ് പോലീസിലെ സ്പെഷ്യൽ ഓഫീസറെ മോശം പെരുമാറ്റത്തിന്റെ പേരിൽ സർവീസിൽ നിന്ന് പുറത്താക്കി. ഡേറ്റിങ്ങിനെ തുടർന്ന് ലൈംഗികബന്ധത്തിൽ ഏർപ്പെട്ട സ്ത്രീയുടെ നഗ്നദൃശ്യം വാട്സാപ്പിലൂടെ അവർക്ക് തന്നെ അയച്ചു കൊടുത്തതാണ് ശിക്ഷ നടപടികൾക്ക് കാരണമായത്. സെൻട്രൽ ബേസിക് കമാൻഡ് യൂണിറ്റിൽ ജോലി ചെയ്തിരുന്ന മാത്യു കോളിൻസനാണ് നടപടി നേരിട്ടത്.

വിചാരണയ്ക്കിടെ പ്രതി കുറ്റം സമ്മതിച്ചിരുന്നു. 2018 ഒക്ടോബറിൽ ആണ് പേര് വെളിപ്പെടുത്തിയിട്ടില്ലാത്ത സ്ത്രീക്ക് മാത്യു കോളിൻസ് വാട്സ്ആപ്പ് വഴി അവളുടെ തന്നെ നഗ്ന ദൃശ്യങ്ങൾ അയച്ചു കൊടുത്തത്. സർവീസിൽ നിന്ന് പിരിച്ചുവിട്ടതു കൂടാതെ പ്രതി 2710 പൗണ്ട് പിഴയും അടയ്ക്കണം. ഇതിൽ 500 പൗണ്ട് നഷ്ടപരിഹാരമായി പരാതിക്കാരിക്ക് നൽകാനുള്ളതാണ്.

പ്രതി പിഴ ഒടുക്കുന്നില്ലെങ്കിൽ 45 ദിവസത്തെ തടവ് അനുഭവിക്കണമെന്നും കോടതി വിധിയിലുണ്ട്. ലൈംഗികബന്ധത്തിലേർപ്പെട്ടതിനുശേഷം സ്ത്രീയുടെ സമ്മതമില്ലാതെയാണ് ഫോട്ടോ എടുത്തതെന്ന് തെളിവുകൾ നൽകി പ്രോസിക്യൂട്ടർ വാദിച്ചത് കോടതി അംഗീകരിക്കുകയായിരുന്നു.