റവ. ഫാ. ഹാപ്പി ജേക്കബ്ബ്

നമ്മുടെ എല്ലാ ഉത്സവങ്ങളും പെരുന്നാളുകളും അടിസ്ഥാനപ്പെടുത്തിയിരിക്കുന്നത് സ്നേഹത്തിലാണ്. കാലങ്ങളായി ഇതിലൊക്കെയും നാം പങ്കുകാരായി തീരാറുമുണ്ട്. എന്നിരുന്നാലും ഈ അടിസ്ഥാന സന്ദേശം സ്വീകരിക്കുവാൻ ഇന്നുവരെയും സാധിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുമ്പോൾ അറിയാം നമ്മുടെ ആത്മാർത്ഥത . എല്ലാം ഒരു ചടങ്ങ് മാത്രം. പുറംമോടിയും അല്പം പങ്കാളിത്തവും മതി ; എല്ലാം ആയി എന്ന ഭാവം നിറയും, പെരുന്നാൾ ഗംഭീരവും ആവും. നാം അതിൽ തൃപ്തരും ആവും .

എന്നാൽ അല്പം വ്യത്യസ്തമായി നാം ഈ ദിനങ്ങളെ സ്വീകരിക്കുവാൻ തയ്യാറായാൽ ഒരു നല്ല മാതൃക നമുക്ക് ലഭിക്കും. ക്രിസ്തുമസ് ആഘോഷത്തിൽ നിന്ന് എന്ത് നാം പ്രതീക്ഷിക്കുന്നു. എന്ത് നാം പങ്കുവയ്ക്കുന്നു. പ്രതീക്ഷിക്കുന്നത് സൗജന്യമായ ദാനമാണ്. ദൈവം തന്റെ ഏക പുത്രനെ പാപം ഒഴികെ സകലത്തിലും നമുക്ക് സമമാക്കി തന്നു. എന്തിനുവേണ്ടി – സകല സൃഷ്ടിയേയും ദൈവീകമാക്കുവാൻ വേണ്ടി . എന്നിട്ടും മനുഷ്യജാതി ഈ സൗജന്യത്തെ ഉൾക്കൊണ്ടില്ല. പ്രസംഗിക്കുവാൻ ഒരു വിഷയം, ആഘോഷിക്കാൻ ഒരു പെരുന്നാൾ – ഇതിനപ്പുറം ഒന്നും ഇല്ല .

ഇങ്ങനെ ലഭിച്ച സൗജന്യത്തെയാണ് പ്രതീകാത്മകമായി നാം മറ്റുള്ളവർക്ക് നൽകുന്നത്. ലഭിച്ചത് എന്താണ് – നൽകുന്നത് എന്താണ് . നിൻറെ വീണ്ടെടുപ്പ് , നിൻറെ സൗഖ്യം, നിനക്ക് ലഭിച്ച കൃപ. എന്നാൽ ഒരാൾക്ക് എങ്കിലും ഒന്ന് പകർന്നു കൊടുക്കുവാൻ സാധിച്ചാൽ അതല്ലേ നാം നൽകുന്ന ഏറ്റവും വിലപ്പെട്ട സമ്മാനം. ആഗ്രഹിച്ചവർക്കും , അശരണർക്കും ഒപ്പം ഈ സമ്മാനം നമുക്ക് പങ്ക് വച്ചു കൂടെ . അത്യുന്നതങ്ങളിൽ സ്വർഗീയ മാലാഖമാരുടെ പുകഴ്ചയ്ക്ക് ഒപ്പം ഭൂമിയിൽ ദൈവപ്രീതി ലഭിച്ച മനുഷ്യരും കൂടെ ചേരുമ്പോൾ അതിനുമപ്പുറം വേറെ ക്രിസ്തുമസ് ഉണ്ടോ . തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചു പോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന് ദൈവം അവനെ നൽകുവാൻ താക്കവണ്ണം ലോകത്തെ സ്നേഹിച്ചു വി. യോഹന്നാൻ 3: 16

ദൈവപുത്രനെ സമ്മാനമായി ലഭിച്ച ഈ പെരുന്നാളിൽ നമുക്ക് അധികം സന്തോഷിക്കാൻ കാരണങ്ങൾ ധാരാളം ഉണ്ടായിട്ടും എന്തുകൊണ്ടാണ് നമ്മുടെ പങ്കാളിത്തവും ആത്മാർത്ഥതയും കുറയുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വി. ലൂക്കോസിന്റെ സുവിശേഷം 1: 46 – 55 വരെ ഭാഗങ്ങൾ വായിക്കുമ്പോൾ അതിന്റെ കാരണവും ഉത്തരവും ലഭിക്കും. എലിസബത്തും മറിയയും കൂടി പോകും ചേരുമ്പോൾ മറിയ പാടിയ പാട്ട് ആണ് ഇത്. ശക്തനായവൻ എനിക്ക് വലിയവ ചെയ്തു. അവനെ ഭയപ്പെടുന്നവർക്ക് അവൻറെ കരുണ തലമുറയോളം ലഭിക്കും. ദൈവത്തെ പേടിയും മനുഷ്യനെ ശങ്കയും ആയിരുന്നു കഴിഞ്ഞ തലമുറ കണക്കാക്കിയിരുന്നത്. എന്നാൽ ഇന്നോ എന്താണ് നമ്മുടെ ഭാവം .

ഹൃദയത്തിൽ അഹങ്കരിക്കുന്നവരെ അവൻ ചിതറിക്കും. ക്രിസ്തു എന്ന സമ്മാനം നാം സ്വീകരിക്കുകയാണെങ്കിൽ അഹങ്കാരത്തെ നാം ഒഴിവാക്കണം. പലപ്പോഴും ഈ ഭാവത്തെ ഒഴിവാക്കുവാൻ മനസ്സ് അനുവദിക്കില്ല. ക്രിസ്തു എന്ന സമ്മാനം നാം സ്വീകരിക്കുകയാണെങ്കിൽ നാം നിലനിർത്തിയിരിക്കുന്ന പല സ്ഥാനമാനങ്ങളും ഉപേക്ഷിക്കേണ്ടിവരും. ക്രിസ്തു എന്ന സമ്മാനം നാം സ്വീകരിക്കുകയാണെങ്കിൽ നാം നേടിയിട്ടുള്ളതും നമ്മുടെ സമ്പത്തും എല്ലാം വൃഥാവിലാകും. ഈ കാരണങ്ങൾ കൊണ്ടാകാം ക്രിസ്തുമസ് ഒരു ആഘോഷം മാത്രമായി നാം സ്വീകരിക്കുന്നത്.

അതിൽ നിന്ന് വ്യത്യസ്തമായി സൗജന്യമായി ലഭിച്ച രക്ഷകനെ ഈ പെരുന്നാളിൽ നമുക്ക് പങ്കുവയ്ക്കാം. നാം അനുഭവിച്ച കൃപയും സ്നേഹവും ആയി നമുക്ക് നൽകാം. അങ്ങനെ അർത്ഥപൂർണ്ണമായ ഒരു ക്രിസ്തുമസ് നമുക്ക് ലഭിക്കട്ടെ .

സ്നേഹത്തോടെ
ഹാപ്പി ജേക്കബ് അച്ചൻ

റവ. ഫാ. ഹാപ്പി ജേക്കബ്ബ് : മലങ്കര ഓർത്തഡോക്സ് സഭയുടെ യു കെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനങ്ങളുടെ ഭദ്രാസന സെക്രട്ടറിയായി സേവനമനുഷ്ഠിക്കുന്നു. കൂടാതെ സെൻ്റ് തോമസ്സ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ലിവർപൂൾ, സെൻ്റ് ജോർജ്ജ് ഇന്ത്യൻ ഓർത്ത്ഡോക്സ് ചർച്ച് പ്രസ്റ്റൺ, സെൻ്റ് മേരീസ് കോൺഗ്രിഹേഷൻ സണ്ടർലാൻ്റ് എന്നിവയുടെ ചുമതലയും വഹിക്കുന്നു. യോർക്ഷയറിലെ ഹാരോഗേറ്റിലാണ് താമസം.