ഫാ. ഹാപ്പി ജേക്കബ്ബ്
തിരുപ്പിറവിയുടെ ദിനം സമാഗതമായി. ഒരുക്കങ്ങളെല്ലാം പൂർത്തിയായി. ആ ധന്യ മുഹൂർത്തത്തെ കണ്ട് മനം നിറയുവാൻ സമയമായി. നമുക്ക് ഒരു ശിശു ജനിച്ചിരിക്കുന്നു. നമുക്ക് ഒരു മകൻ നൽകപ്പെട്ടിരിക്കുന്നു. ആധിപത്യം അവന്റെ തോളിൽ ഇരിക്കും. അവൻ അത്ഭുത മന്ത്രി, വീരനാം ദൈവം, നിത്യപിതാവ് സമാധാന പ്രഭു എന്ന് പേർ വിളിക്കപ്പെടും”. യെശയ്യാവ് 9: 6.
പേരിൽ എന്തിരിക്കുന്നു എന്നത് സാധാരണ ചോദ്യമാണ്. എന്നാൽ ഓരോ പേരും ഓരോ ജീവിത ദൃഷ്ടാന്തങ്ങൾ കൂടി ആകുമ്പോൾ അതിനെ വ്യാപ്തി ഏറും . പ്രപഞ്ച സൃഷ്ടിയുടെ ഓരോ ഏടുകളിലും പേരിട്ട് വിളിക്കുന്ന സംഭവങ്ങൾ നാം കാണുന്നുണ്ട്. അതേ പോലെ തന്നെ വ്യക്തികൾ പേര് സ്വീകരിക്കുമ്പോഴും അതിൻറെ പിന്നിൽ ഉള്ള സംഭവങ്ങളും യാഥാർഥ്യങ്ങളും ചേർന്നു വരാറുണ്ട്. ദൈവപുത്രന്റെ ജനന അരുളപ്പാട്ടിൽ മാലാഖ അരുളി ചെയ്തു. “അവന് യേശു എന്ന് പേർ വിളിക്കണം”. അർത്ഥം യഹോവ രക്ഷിക്കുന്നു. മറ്റൊരുവനിലും രക്ഷയില്ല… നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നൽകപ്പെട്ട വേറൊരു നാമവും ഇല്ല. പ്രവൃത്തി 9 :12
അവൻ അത്ഭുത മന്ത്രി
അവൻറെ ജനനം അത്ഭുതം, ജീവിതം, പഠിപ്പിക്കലുകൾ, പ്രവൃത്തികൾ എല്ലാം അത്ഭുതം നിറഞ്ഞത് തന്നെ . മരണം വരിച്ചതും പുനരുത്ഥാനം ചെയ്തതും സർഗാരോഹണം ചെയ്തതും അത്ഭുതമല്ലാതെ മറ്റെന്താണ് ‘ ഏതവസ്ഥയിലും ചേർത്ത് നിർത്തുന്ന, ഏത് ദുഃഖത്തിനും ആശ്വാസം നൽകുന്ന ഏത് രോഗവും ശമിപ്പിക്കുന്ന ഏത് അന്ധകാരത്തിലും പ്രകാശമായി വഴി നടത്തുന്നവൻ അല്ലേ അത്ഭുതമന്ത്രി.
വീരനാം ദൈവം
പേരിൽ തന്നെ വ്യക്തം ജയം അവനുള്ളത്. സർവ്വ അധികാരങ്ങളും അവനുള്ളത്. ഞാൻ ആൽഫയും ഒമേഗായും ആകുന്നു, ഇരിക്കുന്നവനും ഇരുന്നവനും വരുവാൻ ഉള്ളവനുമാകുന്നു അവൻ . വെളിപാട് 1:8 . പരിശുദ്ധ കന്യകാ മറിയം ദൈവത്തെ പുകഴ്ത്തി പാടി. തന്റെ ഭുജം കൊണ്ട് അവൻ ജയം ഉണ്ടാക്കി, അഹങ്കാരികളെ അവൻ ചിതറിച്ചു. പ്രഭുക്കന്മാരെ സിംഹാസനങ്ങളിൽ നിന്നിറക്കി താണവരെ ഉയർത്തിയിരിക്കുന്നു. വി. ലൂക്കോസ് 1 : 50 – 53 . നമ്മുടെ ഏത് ബലഹീനതയിലും കൈ പിടിച്ച് നടത്തുവാൻ ആശ്രയം വയ്ക്കുവാൻ മറ്റേത് നാമം നമുക്കുണ്ട്.
നിത്യപിതാവ്
ഈ ജനത്തിൽ ക്രിസ്തുവിനെ അറിയുമെങ്കിൽ അയച്ച പിതാവിനെയും അറിയും. അവൻ പിതാവിൻറെ സന്നിധിയിൽ ദൈവമായിരിക്കെ സൃഷ്ടിയെ വീണ്ടെടുപ്പിനായി പാപം ഒഴികെ മനുഷ്യനായി നമ്മുടെ ഇടയിൽ വന്ന് പാർത്തു . ഫിലിപ്യർ 2:8 അവൻ ദൈവ രൂപത്തിൽ ഇരിക്കെ ദാസരൂപം എടുത്ത് വേഷത്തിൽ മനുഷ്യനായി നമ്മുടെ ഇടയിൽ വന്ന് പാർത്തു. ആദി മുതൽ ഇന്ന് വരേയും കരുതലോടെ പരിപാലിക്കുന്ന ആ പിതൃ സ്നേഹം. അതുകൊണ്ടല്ലേ സ്വന്തം പുത്രനെ തന്നെ മനുഷ്യകുലത്തെ വീണ്ടെടുപ്പാൻ തക്കവണ്ണം ലോകത്തിലേക്ക് അയച്ചത്.
സമാധാന പ്രഭു
ചതഞ്ഞ ഓട അവൻ ഒടിക്കുകയില്ല, പുകയുന്ന തിരി അവൻ കെടുത്തുകയുമില്ല. യെശയ്യാ 42 : 3 വരണ്ട കൈയ്യുള്ള ഒരുവൻ ദേവാലയത്തിൽ സൗഖ്യത്തിനായി കടന്നുവന്നപ്പോൾ പരീശന്മാർ ശബ്ബതിൽ അവൻ പ്രവർത്തിക്കുമോ എന്ന് നോക്കിയിരുന്നു. അവരുടെ മനോഭാവത്തെ മാനിക്കാതെ സൗഖ്യം പ്രദാനം ചെയ്യുന്നു. ലോകത്തിൽ നിങ്ങൾക്ക് കഷ്ടം ഉണ്ട് എങ്കിലും ധൈര്യപ്പെടുവിൻ, ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു. നിത്യമായ സമാധാനം നേടിത്തരുവാൻ ലോകത്തിൻ്റെ എല്ലാ അനുഭവങ്ങളെയും മാറ്റി സ്ഥാപിച്ചു.
ദൈവം നമ്മോടുകൂടെ ‘ഇമ്മാനുവേൽ’
” ദൈവം നമ്മോട് കൂടെ ” എത്ര ദൃഢമായ ബന്ധം. സൃഷ്ടാവിനൊപ്പം സൃഷ്ടിയും ചേർന്ന് വരുന്ന ഗാഢത. ഇത് ക്രിസ്തുമസ് കാലയളവിൽ മാത്രം ഓർക്കേണ്ട ഒരു കാര്യം അല്ല. എന്നാളും ബലപ്പെടേണ്ട ബന്ധം തന്നെയാണ് ഇമ്മാനുവേൽ. മേൽ പറഞ്ഞ എല്ലാ നാമങ്ങളും ചേർന്നിരിക്കുന്ന പൂർത്തീകരിക്കപ്പെട്ട നാമം. ക്രിസ്തുമസ് അനുഗ്രഹമാകുന്നത് ക്രിസ്തുവിനെ അറിയുമ്പോഴാണ്. ആ രക്ഷകൻ തന്ന വാഗ്ദത്തമാണ് ഇമ്മാനുവേൽ. ഒരു പേരിൽ എന്തിരിക്കുന്നു എന്നല്ല. ഏതെല്ലാം ദൈവീക ഭാവങ്ങൾ പേരിലൂടെ ലഭിച്ചു എന്നതാകട്ടെ ക്രിസ്തുമസിന്റെ അനുഗ്രഹം.
ഏവർക്കും ക്രിസ്തുമസ് ആശംസകൾ.
പ്രാർത്ഥനയിൽ
ഹാപ്പി ജേക്കബ് അച്ചൻ.
റവ. ഫാ. ഹാപ്പി ജേക്കബ്ബ് : മലയാളം യുകെ ന്യൂസിന്റെ സ്പിരിച്വൽ വിഭാഗത്തിൽ പ്രസിദ്ധീകരിച്ച നിരവധി ലേഖനങ്ങളിലൂടെ ലോകമെങ്ങുമുള്ള വായനക്കാരുടെ ഹൃദയത്തിലേയ്ക്ക് ദൈവപരിപാലനയുടെ നെയ്ത്തിരികൾ തെളിയിച്ച അനുഗ്രഹീത എഴുത്തുകാരൻ . യോർക്ക്‌ഷെയറിലെ ഹാരോഗേറ്റിൽ താമസിക്കുന്ന അച്ചൻ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ലിവർപൂളിൻെറ വികാരിയാണ്. 2022 -ലെ സ്പിരിച്വൽ റൈറ്ററിനുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് .
Mobile # 0044 7863 562907
Leave a Reply