ലണ്ടന്‍: പതിനഞ്ചുകാരനായ ആണ്‍കുട്ടിയെ ആത്മീയ പീഡനത്തിന് വിധേയനാക്കിയ വികാരി കുറ്റക്കാരനാണെന്ന് ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട്. ബൈബിള്‍ പഠനത്തിന് പ്രാര്‍ത്ഥനകള്‍ക്കും കുട്ടിയെ നിരന്തരമായി പ്രേരിപ്പിക്കുകയും കിടപ്പുമുറിയില്‍ പോലും അവയ്ക്ക് ഇളവ് നല്‍കാതിരിക്കുകയും ചെയ്തതായി സഭ കണ്ടെത്തി. ഓക്‌സ്‌ഫോര്‍ഡ്ഷയറിലെ അബിംഗ്ടണ്‍ ക്രൈസ്റ്റ് ചര്‍ച്ച് വികാരിയായ റവ.തിമോത്തി ഡേവിസ് ആണ് കുറ്റക്കാരനാണെന്ന് ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് ട്രൈബ്യൂണല്‍ കണ്ടെത്തിയത്. പുരോഹിതരുടെ അച്ചടക്ക മാനദണ്ഡങ്ങള്‍ ഇയാള്‍ ലംഘിച്ചുവെന്നാണ് വ്യാഖ്യാനം.

ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ അഡൈ്വസറി സര്‍വീസിനു വേണ്ടി ബോണ്‍മൗത്ത് യൂണിവേഴ്‌സിറ്റി നടത്തിയ ഒരു സര്‍വേയുടെ ഫലങ്ങളുടെ പശ്ചാത്തലത്തിലാണ് വികാരിക്കെതിരായ നടപടിയുടെ വിവരം പുറത്തു വിട്ടത്. സര്‍വേയില്‍ പങ്കെടുത്ത 1591 പേരില്‍ മൂന്നില്‍ രണ്ട് പേരും ആത്മീയ പീഡനത്തിന് ഇരയായെന്ന് വ്യക്തമാക്കിയിരുന്നു. വ്യക്തികളെ നിയന്ത്രിക്കാനായി മതപരമായ കാര്യങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് നിരീക്ഷിക്കാനുള്ള സംവിധാനമാണ് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ അഡൈ്വസറി സര്‍വീസ്.

WhatsApp Image 2024-12-09 at 10.15.48 PM

2011ലാണ് റവ.ഡേവിസ് 15കാരനെ ആത്മീയമായി പീഡിപ്പിച്ചത്. കുട്ടിയുടെ മാര്‍ഗ്ഗദര്‍ശിയായി മാറിയ ഇയാള്‍ 18 മാസങ്ങളോളം കുട്ടിയെ പ്രാര്‍ത്ഥനകള്‍ക്കും ആത്മീയ പഠനത്തിനു നിര്‍ബന്ധിച്ചു. പ്രായമോ പക്വതയോ കണക്കിലെടുക്കാതെ കുട്ടിയുടെ സ്വാതന്ത്ര്യം പോലും നിഷേധിച്ചുകൊണ്ടായിരുന്നു പീഡനമെന്നും സമിതി കണ്ടെത്തിയിരുന്നു. ശിഷ്യന്റെ പെണ്‍സുഹൃത്തുമായുള്ള ബന്ധത്തെപ്പോലും വികാരി നിയന്ത്രിക്കാന്‍ തുടങ്ങി. കുട്ടിയുടെ കിടപ്പുമുറിയില്‍ രണ്ട് മണിക്കൂറോളം നീളുന്ന ആത്മീയ പഠന ക്ലാസുകള്‍ ഇയാള്‍ നടത്തിയിരുന്നുവെന്നും കണ്ടെത്തി.