എലിസബത്ത് രാജ്ഞിയുടെ വേർപാട് ഏവരെയും ദു:ഖത്തിലാഴ്ത്തിയിരിക്കുകയാണ്. മരണം കഴിഞ്ഞ് ദിവസങ്ങൾ പിന്നിട്ടിട്ടും ലോകത്തിന്റെ നാനാഭാഗത്തുനിന്നും ലക്ഷക്കണക്കിന് ജനങ്ങളാണ് ഇപ്പോഴും രാജ്ഞിയ്ക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നത്.

ഇപ്പോഴിതാ എലിസബത്ത് രാജ്ഞി മരണമടയുന്ന സമയത്ത് ബക്കിങ്ഹാം കൊട്ടാരത്തിൽ കണ്ട അത്യപൂർവമായ കാഴ്ചയാണ് ഇപ്പോൾ വിസ്മയിപ്പിക്കുന്നത്. കൊട്ടാരത്തിനു മുകളിലായി ഇരട്ട മഴവില്ല് പ്രത്യക്ഷപ്പെട്ട കാഴ്ചയാണിത്.

എലിസബത്ത് രാജ്ഞിയുടെ ആരോഗ്യനില വഷളാണെന്ന വാർത്തകൾ പുറത്തുവന്നതോടെ നൂറുകണക്കിനാളുകൾ കൊട്ടാരമുറ്റത്ത് തടിച്ചു കൂടിയിരുന്നു. രാജ്ഞിയുടെ ജീവൻ വെടിഞ്ഞതായി പ്രഖ്യാപിക്കുന്നതിന് തൊട്ടു മുൻപാണ് ആദ്യത്തെ മഴവില്ല് തെളിഞ്ഞത്. പ്രഖ്യാപനത്തിനുശേഷം കൊട്ടാരമുറ്റത്തെ കൊടി താഴ്ത്തി കെട്ടുന്ന സമയത്ത് രണ്ടാമത്തെ മഴവില്ലും തെളിയുകയായിരുന്നു.

അവിടെ കൂടിയിരുന്ന ജനങ്ങൾ പകർത്തിയ ഇരട്ട മഴവില്ലുകളുടെ ചിത്രങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുകയാണ്. അത്യപൂർവ പ്രതിഭാസത്തെ രാജ്ഞിയുടെ മരണവുമായി ബന്ധിപ്പിച്ചുകൊണ്ടാണ് പലരും വിശദീകരിക്കുന്നത്.

എലിസബത്ത് രാജ്ഞിയെ കൂട്ടിക്കൊണ്ടുപോകാനായി എത്തിയ ഫിലിപ്പ് രാജകുമാരനാണ് ആദ്യത്തെ മഴവില്ലെന്നും മരണശേഷം ഇരുവരും ഒന്നിച്ച കാഴ്ചയാണ് ഇരട്ട മഴവില്ലിലൂടെ കാണാൻ കഴിഞ്ഞതെന്നുമുള്ള അഭിപ്രായമാണ് മറ്റുചിലർ പങ്കുവയ്ക്കുന്നത്. രാജ്ഞിയുടെ ഭൂമിയിലെ ജീവിതത്തെയും സ്വർഗത്തിലേക്കുള്ള പ്രവേശനത്തെയും സൂചിപ്പിക്കുന്നവയാണ് മഴവില്ലുകൾ എന്ന് ചിലർ അഭിപ്രായപ്പെടുന്നു.