ന്യൂസ് ഡെസ്ക് മലയാളം യുകെ

യുകെ മലയാളികളെ സംബന്ധിച്ചിടത്തോളം എവിടെ എങ്ങനെ നിക്ഷേപിക്കണമെന്നത് എന്നും ആശയക്കുഴപ്പം സൃഷ്ടിക്കുന്ന കാര്യമായിരുന്നു . ആദ്യകാല യുകെ മലയാളികൾ നാട്ടിൽ സ്ഥലവും ഫ്ലാറ്റും വീടും മേടിച്ച് നിക്ഷേപിക്കുന്ന രീതിയായിരുന്നു പിന്തുടർന്നിരുന്നത് . എന്നാൽ കേരളത്തിൽ റിയൽ എസ്റ്റേറ്റ് മേഖലയിൽ നിക്ഷേപം നടത്തിയവരെക്കാൾ കൂടുതൽ ലാഭം കൊയ്യാൻ ബ്രിട്ടനിൽ നിക്ഷേപിച്ച യുകെ മലയാളികൾക്കായതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. അതിന് ഒരു പ്രധാന കാരണമായി പറയുന്നത് നാട്ടിൽ റിയൽ എസ്റ്റേറ്റ് മേഖലയിൽ വൻ തകർച്ച നേരിട്ടപ്പോഴും യുകെയിലെ വീടുവിലയിൽ സമീപകാലത്തുണ്ടായ വൻ കുതിച്ചു കയറ്റമാണ്.

യുകെയിൽ കഴിഞ്ഞ സാമ്പത്തിക വർഷം ഉണ്ടായ പ്രതിസന്ധിക്ക് ശേഷമുള്ള ഏറ്റവും വലിയ വാർഷിക വർദ്ധനവാണ് വീടുകളുടെ വിലയിൽ ഉണ്ടായിരിക്കുന്നത് . പ്രോപ്പർട്ടി വില 9.8 ശതമാനം വർധിച്ചതായാണ് സാമ്പത്തിക പഠനങ്ങൾ കാണിക്കുന്നത്. ഇത് 2007 -ന് ശേഷം പ്രോപ്പർട്ടി മാർക്കറ്റിൽ ഉള്ള ഏറ്റവും കൂടിയ വർധനവാണ്. മഹാമാരിയുടെ ഞെരുക്കം ഉണ്ടായിരുന്നെങ്കിലും 2021 – ൽ ഭവന വിപണി 8 തവണയാണ് റെക്കോർഡ് ഉയരത്തിലെത്തിയത്.

കോവിഡ് മൂലം കർശനമായ നിയന്ത്രണങ്ങൾ നിലവിൽ നിന്നത് ആൾക്കാർക്ക് പണം ചെലവഴിക്കാനുള്ള അവസരം കുറച്ചതായും കരുതപ്പെടുന്നു. എന്നാൽ ഭാവിയിൽ വർദ്ധിച്ചുവരുന്ന പണപ്പെരുപ്പത്തെ നേരിടാൻ പലിശ നിരക്ക് ഉയരുന്നത് പ്രോപ്പർട്ടി മാർക്കറ്റിൻെറ മൂല്യം കുറയ്ക്കും എന്ന അഭിപ്രായവും സാമ്പത്തിക വിദഗ്ധർക്ക് ഉണ്ട്.

പുതിയതായി യുകെയിലെത്തി വീട് സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന മലയാളികൾക്ക് പ്രോപ്പർട്ടി മാർക്കറ്റിലെ ഉയർന്നവില കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത് എന്നതും ഒരു വസ്തുതയാണ്. വിസാ നയങ്ങളിൽ വന്ന മാറ്റത്തെ തുടർന്ന് ഒട്ടേറെ മലയാളികളാണ് പഠനത്തിനായും ജോലിക്കായും യുകെയിൽ എത്തിച്ചേരുന്നത് . ഉയർന്ന വാടകയും പ്രോപ്പർട്ടിമാർക്കറ്റിലെ വൻ വർദ്ധനവും പുതുതലമുറ യുകെ മലയാളികളിൽ കടുത്ത സാമ്പത്തിക ബാധ്യതയാണ് സൃഷ്ടിച്ചിരിക്കുന്നത്.