രാഷ്ട്രീയകാര്യ ലേഖകൻ , മലയാളം യുകെ
രാജ്യം ഭരിക്കുന്ന പാർട്ടിയാണ് ബിജെപി നയിക്കുന്ന എൻഡിഎ . പക്ഷേ കേരളത്തിൽ ഈ ലോക്സഭാ ഇലക്ഷനിൽ എൻഡിഎ ഒരു സീറ്റെങ്കിലും നേടുമോ? രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന ചോദ്യമാണ് ഇത്. ഒന്നിലേറെ തവണ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ നേരിട്ട് കേരളത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി വന്നു കഴിഞ്ഞു . മോദി പ്രഭാവത്തിന് കേരളത്തിലെ രാഷ്ട്രീയത്തിൽ എന്തെങ്കിലും ചലനം സൃഷ്ടിക്കാൻ സാധിക്കുമോ?
രണ്ട് മുന്നണികളും തമ്മിൽ അധികം വോട്ട് വ്യത്യാസമില്ലാതെ ഒപ്പത്തിനൊപ്പം മത്സരിക്കുന്ന കേരളത്തിലെ ലോക്സഭാ മണ്ഡലങ്ങളിൽ മൂന്നാം മുന്നണിയെ നയിക്കുന്ന ബിജെപി കളം പിടിക്കാൻ പരിശ്രമിക്കുകയാണ്. തിരഞ്ഞെടുപ്പിൻ്റെ പടിവാതിലിൽ വച്ച് മറ്റു പാർട്ടികളെ ദുർബലമാക്കാനുള്ള വഴികളെല്ലാം അവർ നോക്കുന്നുണ്ട്. കേരളത്തിൽ മുഖ്യമന്ത്രിയായിരുന്ന എ കെ ആൻറണിയുടെ പത്തനംതിട്ടയിൽ സ്ഥാനാർത്ഥിയാക്കിയത് ഇതിൻറെ ഭാഗമായാണ്. അതിനു പുറമേ തിരഞ്ഞെടുപ്പിന്റെ പടിവാതിൽക്കലാണ് മുൻ കോൺഗ്രസ് മുഖ്യമന്ത്രി കെ. കരുണാകരന്റെ പുത്രിയും ഒട്ടേറെ തവണ കോൺഗ്രസിന്റെ ചിഹ്നത്തിൽ മത്സരിക്കുകയും ചെയ്ത കെ.പത്മജ ബിജെപിയിൽ ചേർന്നത്.
മൂന്ന് മുന്നണികളുടെയും അനുഭാവികൾ യുകെയിലുണ്ട് . എങ്കിലും കേരളത്തിലെ സാധ്യതകളെ കുറിച്ച് ബിജെപി അനുഭാവമുള്ളവരിൽ തന്നെ അത്ര ശുഭാപ്തി വിശ്വാസം ഇല്ലന്നതാണ് സത്യം. ഒന്നോ രണ്ടോ സീറ്റികൾക്ക് അപ്പുറത്തേക്കുള്ള പ്രതീക്ഷകൾ കടുത്ത ബിജെപി അനുഭാവികൾ പോലും വെച്ച് പുലർത്തുന്നില്ല .
ഏതെങ്കിലും രീതിയിൽ ബിജെപിക്ക് സീറ്റ് ലഭിക്കുകയാണെങ്കിൽ തീർച്ചയായും അതിന് പിന്നിൽ ചില അടിയൊഴുക്കുകൾ കാണുന്നവരാണ് പലരും. തെരഞ്ഞെടുപ്പിന് മുമ്പ് ഇഡിയുടെ ഉൾപ്പെടെയുള്ള പല ഇടപെടലുകൾക്കും പിന്നിൽ ഇത്തരം ചരടു വലികളാണോ എന്ന് നിരീക്ഷിക്കുന്നവരും കുറവല്ല. ഏതെങ്കിലും രീതിയിൽ ബിജെപി വിജയിക്കുകയാണെങ്കിൽ അത് സിപിഐ മത്സരിക്കുന്ന രണ്ട് സീറ്റുകൾ ആയിരിക്കാമെന്ന് പറഞ്ഞത് ഒരു മുതിർന്ന മാധ്യമപ്രവർത്തകനാണ്. പേര് പറയാതെ അദ്ദേഹം സൂചിപ്പിച്ചത് തൃശ്ശൂർ, തിരുവനന്തപുരം ലോക്സഭാ മണ്ഡലങ്ങളെ കുറിച്ചാണ്. അങ്ങനെ സംഭവിക്കുകയോ അവിടെ ഇടതുപക്ഷത്തിന്റെ വോട്ട് കുറയുകയോ ചെയ്താൽ കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിൽ വൻ പൊട്ടിത്തെറിക്ക് വഴിയൊരുക്കുമെന്നത് തീർച്ചയാണ് . ഏതായാലും വരാനിരിക്കുന്ന ലോക്സഭാ മത്സരഫലങ്ങൾ കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിൽ വൻ അലയൊലികൾ സൃഷ്ടിക്കും.
Leave a Reply