പ്രതികൂല കാലാവസ്ഥയിലും ഇനി കൊച്ചിയില്‍ വിമാനമിറങ്ങാം.
അത്യാധുനിക റണ്‍വെ ലൈറ്റിങ് സംവിധാനം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സജ്ജമായി. മോശം കാലാവസ്ഥയിലും പൈലറ്റിന് അതീവ സുരക്ഷിതമായി വിമാനം ലാന്‍ഡ് ചെയ്യിക്കാന്‍ സഹായിക്കുന്ന കാറ്റഗറി-3 റണ്‍വേ ലൈറ്റിങ് സംവിധാനമാണ് വിമാനത്താവളത്തില്‍ ഒരുക്കിയിരിക്കുന്നത്.

എയ്റോനോട്ടിക്കല്‍ ഗ്രൗണ്ട് ലൈറ്റിങ് എന്ന റണ്‍വെയിലെ വെളിച്ചവിതാനത്തിന്റെ ഏറ്റവും ഉയര്‍ന്ന വിഭാഗമാണ് കാറ്റഗറി-3. ദക്ഷിണേന്ത്യയില്‍ ബാംഗ്ലൂര്‍ വിമാനത്താവള റണ്‍വേക്ക് മാത്രമാണ് ഇതുവരെ ഈ സംവിധാനമുണ്ടായിരുന്നത്. 124 കോടിയോളം രൂപമുടക്കി നടത്തിയ റണ്‍വെ പുനരുദ്ധാരണ പദ്ധതിയ്ക്കൊപ്പമാണ് 36 കോടി രൂപയുടെ ലൈറ്റിങ് നവീകരണം നിര്‍വഹിച്ചത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

റണ്‍വെ, ടാക്സി വേ, ടാക്സി ലിങ്കുകള്‍, പാര്‍ക്കിങ് ബേ എന്നിവിടങ്ങളിലെല്ലാം ആധുനികമായ ലൈറ്റിങ് സംവിധാനം ഘടിപ്പിച്ചതോടെ ശക്തമായ മഴ വന്നാലും പുകമഞ്ഞുള്ളപ്പോഴും പൈലറ്റിന് റണ്‍വേയും അനുബന്ധ പാതകളും വ്യക്തമായി കാണാന്‍ കഴിയും. മഴക്കാലത്തും പുകമഞ്ഞ് ഉള്ളപ്പോഴും വിമാനം, വിമാനത്താവളത്തെ സമീപിക്കുന്ന സമയം മുതല്‍ ലാന്‍ഡിങ്, പാര്‍ക്കിങ് സമയം വരെ പൈലറ്റിന് ഏറ്റവും സുരക്ഷിതമായി നിയന്ത്രിക്കാന്‍ കാറ്റഗറി മൂന്ന് ലൈറ്റിങ് സംവിധാനം സഹായിക്കും.

റണ്‍വെയുടെ മധ്യരേഖയില്‍ 30 മീറ്റര്‍ ഇടവിട്ടുള്ള ലൈറ്റിങ് 15 മീറ്റര്‍ ഇടവിട്ടാക്കിയിട്ടുണ്ട്. റണ്‍വെയുടെ അരികുകള്‍, വിമാനം ലാന്‍ഡ് ചെയ്യുന്ന ഭാഗത്തെ 900 മീറ്റര്‍ ദൂരം, റണ്‍വെ അവസാനിക്കുന്ന ഭാഗം, ടാക്സിവേ, അഞ്ച് ടാക്സിവേ ലിങ്കുകള്‍ എന്നിവയുടെ ലൈറ്റിങ് സംവിധാനം ആധുനികമാക്കി. ഇതിനായി മൊത്തം മൂന്ന് ലക്ഷം മീറ്ററോളം കേബിള്‍ ഇടേണ്ടിവന്നു. നിലവിലുള്ള ലൈറ്റുകള്‍ക്ക് പുറമേ രണ്ടായിരത്തോളം ലൈറ്റുകള്‍ സ്ഥാപിച്ചു. ലൈറ്റിങ് സംവിധാനം തകരാറിലായാല്‍ ഉടന്‍തന്നെ സമാന്തര സംവിധാനം പ്രവര്‍ത്തിച്ചുതുടങ്ങും. പൂര്‍ണമായും കമ്പ്യൂട്ടര്‍ നിയന്ത്രിതമാണ് സിയാല്‍ സ്ഥാപിച്ച കാറ്റഗറി- 3 ലൈറ്റിങ്.