ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- ഏപ്രിൽ മുതൽ കൗൺസിൽ നികുതി 10% വരെ വർദ്ധിപ്പിക്കാനുള്ള അനുമതി ബർമിംഗ്ഹാം സിറ്റി കൗൺസിലിന് ബ്രിട്ടീഷ് സർക്കാർ നൽകിയിരിക്കുകയാണ്. സാധാരണയായി റഫറണ്ടത്തിലേക്ക് വഴിതെളിക്കുന്ന 4.99 ശതമാന പരിധിക്ക് മുകളിലുള്ള ഈ നികുതി വർദ്ധനയ്ക്കുള്ള കൗൺസിൽ നേതൃത്വത്തിന്റെ അഭ്യർത്ഥന തടയില്ലെന്നാണ് സർക്കാർ സ്ഥിരീകരിച്ചത്. കഴിഞ്ഞവർഷം സെപ്റ്റംബറിൽ സെക്ഷൻ 114 നോട്ടീസ് പുറപ്പെടുവിച്ചുകൊണ്ട് കൗൺസിൽ സ്വയം പാപ്പരത്തം പ്രഖ്യാപിച്ചിരുന്നു. അതിൽ നിന്നും ഇത്തരം ഒരു തിരിച്ചുവരവ് നടത്തുന്നതിനാലാണ്, കൗൺസിലിന് ലോക്കൽ റഫറണ്ടം നടത്താതെ തന്നെ നികുതി വർദ്ധിപ്പിക്കാനുള്ള അനുമതി സർക്കാർ നൽകിയിരിക്കുന്നത്. ബഡ്ജറ്റിൽ ഉണ്ടായിരിക്കുന്ന വിടവ് നികത്താനാണ് ഇത്തരം ഒരു തീരുമാനം ഇപ്പോൾ ലോക്കൽ കൗൺസിൽ കൈകൊണ്ടിരിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ലെവലിംഗ്-അപ്പ് സെക്രട്ടറി മൈക്കൽ ഗോവ് ആണ് സർക്കാരിന്റെ തീരുമാനം രേഖാമൂലം അറിയിച്ചത്. ബിർമിങ്ഹാം സിറ്റിയിലെ നികുതിദായകർക്ക് കൗൺസിലിന്റെ മോശം ഭരണത്തിന്റെയും തീരുമാനങ്ങളുടെയും ബാധ്യത ചുമക്കേണ്ടി വരുന്നത് നിരാശാജനകമാണെങ്കിലും, സാഹചര്യങ്ങളുടെ ഗൗരവം കണക്കിലെടുത്ത് സർക്കാർ കൗൺസിലിന്റെ തീരുമാനത്തെ എതിർക്കുകയില്ലെന്ന് മൈക്കൽ ഗോവ് വ്യക്തമാക്കി. മാർച്ച് അഞ്ചിന് ചേരുന്ന കൗൺസിൽ യോഗത്തിൽ നികുതി വർദ്ധന എത്രത്തോളം ഉണ്ടാകുമെന്ന കൃത്യ കണക്കുകൾ ജനങ്ങൾക്ക് വ്യക്തമാകും. ജീവനക്കാർ മുന്നോട്ടുവെച്ച തുല്യ വേതന ക്ലെയിമുകൾ പരിഹരിക്കുന്നതിനും, ഐടി അപ്‌ഗ്രേഡുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുമായി ബർമിംഗ്ഹാം കൗൺസിൽ വലിയ ബില്ലുകൾ നേരിടുകയാണ്. ലേബർ പാർട്ടി നേതൃത്വം കൊടുക്കുന്ന ബിർമിങ്ഹാം കൗൺസിലിന്റെ ഈ തീരുമാനം ജനങ്ങൾക്ക് കൂടുതൽ സമ്മർദ്ദം നൽകുമെന്ന് ആശങ്കകൾ വിദഗ്ധർ ഉയർത്തുന്നുണ്ട്.