ഇന്‍ഹേലറുകള്‍ ശരിയായ വിധത്തില്‍ ഉപയോഗിക്കാത്തതിനാല്‍ ആസ്ത്മ രോഗികളില്‍ അപായ സാധ്യത ഉയര്‍ന്ന നിരക്കിലെന്ന് ചാരിറ്റി. ആസ്തമ രോഗികളില്‍ പകുതിയോളം പേരും ഇന്‍ഹേലര്‍ ശരിയായ വിധത്തിലല്ല ഉപയോഗിക്കുന്നതെന്ന് ഗവേഷണങ്ങളില്‍ വ്യക്തമായിരുന്നു. ഇന്‍ഹേലര്‍ ഉപയോഗവും അവയുടെ കാര്യക്ഷമതയും പരിശോധിക്കാനുള്ള അവസരങ്ങള്‍ രോഗികളില്‍ അഞ്ചിലൊരാള്‍ക്ക് വീതം ലഭ്യമാകുന്നില്ലെന്നും ആസ്തമ യുകെ നടത്തിയ പഠനത്തില്‍ വ്യക്തമായി. 10,000 രോഗികളിലാണ് പഠനം നടത്തിയത്. 21 വിവിധ തരത്തിലുള്ള ഇന്‍ഹേലറുകളും സ്‌പേസറുകളും നേസല്‍ സ്‌പ്രേകളും എങ്ങനെയാണ് ശരിയായ ഉപയോഗിക്കേണ്ടതെന്ന് വ്യക്തമാക്കുന്ന മൂന്നു മിനിറ്റ് വീതം ദൈര്‍ഘ്യമുള്ള വീഡിയോകളും ചാരിറ്റി പുറത്തു വിട്ടു. ആസ്തമ രോഗികള്‍ക്കുള്ള ഏറ്റവും പ്രധാനപ്പെട്ട ചികിത്സയാണ് ഇന്‍ഹേലര്‍ എന്ന് ജിപിയും ചാരിറ്റിയുടെ ക്ലിനിക്കല്‍ തലവനുമായ ഡോ.ആന്‍ഡി വിറ്റമോര്‍ പറഞ്ഞു.

അതുകൊണ്ടുതന്നെ രോഗികള്‍ ഇന്‍ഹേലറുകളുടെ പ്രാധാന്യം മനസിലാക്കി അവ പരിശോധനാ വിധേയമാക്കാന്‍ ശ്രമിക്കാത്തത് ഗുരുതരമായ സാഹചര്യമാണ്. ഒരു ജിപിയെയൊ ആസ്തമ നഴ്‌സിനെയോ സന്ദര്‍ശിച്ചാണ് ഇത് ചെയ്യേണ്ടത്. പല വിധത്തിലുള്ള ഇന്‍ഹേലറുകള്‍ ലഭ്യമാണ്. അവയുടെ ഉപയോഗ രീതികളും വ്യത്യസ്തമാണ്. അതുകൊണ്ടു തന്നെ ഇവയുടെ ഉപയോഗ രീതികള്‍ മനസിലാക്കുക എന്നത് രോഗികള്‍ക്കും ആരോഗ്യ വിദഗ്ദ്ധര്‍ക്കും ബുദ്ധിമുട്ടേറിയ കാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ ഇന്‍ഹേലര്‍ വാങ്ങുമ്പോള്‍ ശരിയായ വിധത്തില്‍ ഉപയോഗിക്കുന്ന രീതികള്‍ രോഗികള്‍ മറക്കുന്ന ദുശ്ശീലവും കണ്ടു വരുന്നുണ്ട്. ഇന്‍ഹേലര്‍ ശരിയായ വിധത്തിലല്ല പിടിക്കുന്നതെങ്കില്‍ മരുന്ന് പൂര്‍ണ്ണമായും ഉള്ളിലെത്തില്ല. വായില്‍ മരുന്ന് പറ്റിപ്പിടിക്കുന്നത് മറ്റു പാര്‍ശ്വഫലങ്ങള്‍ക്ക് കാരണമാകുകയും ചെയ്യും.

മരുന്ന് അകത്തേക്ക് വലിക്കുന്ന ശക്തി കുറയുന്നതും കൂടിപ്പോകുന്നതും മറ്റു തരത്തിലുള്ള പിഴവുകളാണ്. അതുപോലെ മറ്റൊരു തകരാറാണ് ഉപയോഗത്തിനു മുമ്പ് ഇന്‍ഹേലര്‍ കുലുക്കാത്തത്. വര്‍ഷത്തിലൊരിക്കല്‍ രോഗികള്‍ ഇന്‍ഹേലര്‍ ടെക്‌നിക്ക് ജിപിയുടെ അടുത്തോ ആസ്തമ നഴ്‌സിന്റെ അടുത്തോ എത്തി പരിശോധിക്കണമെന്നാണ് ദേശീയ മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ പറയുന്നത്. ഇന്‍ഹേലര്‍ ഉപയോഗത്തിലെ പിഴവുകള്‍ ഒഴിവാക്കാന്‍ കഴിഞ്ഞാല്‍ ജീവനു തന്നെ ഭീഷണിയായേക്കാവുന്ന ആസ്തമ അറ്റാക്കില്‍ നിന്ന് രക്ഷപ്പെടാന്‍ സാധിക്കുമെന്നും ചാരിറ്റി പുറത്തിറക്കുന്ന വീഡിയോകള്‍ രോഗികള്‍ ശ്രദ്ധാപൂര്‍വ്വം കാണണമെന്നും ഡോ.വിറ്റമോര്‍ പറഞ്ഞു.