കാസര്‍കോട്: പെരിയയില്‍ വെട്ടേറ്റു മരിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട് സന്ദര്‍ശിക്കാനുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ നീക്കത്തിനെതിരെ കാസര്‍കോട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി. ഇന്ന് കാസര്‍കോട് ജില്ലയിലുള്ള മുഖ്യമന്ത്രി കൃപേഷിന്റെയും ശരത്‌ലാലിന്റെയും വീടുകള്‍ സന്ദര്‍ശിക്കാന്‍ താല്‍പര്യം അറിയിച്ചിരുന്നു. ഇതു സംബന്ധിച്ച് സിപിഎം ജില്ലാ നേതൃത്വം കോണ്‍ഗ്രസ് ജില്ലാ നേതൃത്വവുമായി ബന്ധപ്പെടുകയും ചെയ്തു. ഔദ്യോഗികമായി ഇക്കാര്യത്തില്‍ മറുപടി നല്‍കിയിട്ടില്ലെങ്കിലും മുഖ്യമന്ത്രി വരേണ്ടെന്ന നിലപാടിലാണ് ഡിസിസി നേതൃത്വം.
സിപിഎം ജില്ലാ സെക്രട്ടി എം.വി. ബാലകൃഷ്ണന്‍ ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നിലിനെ വ്യാഴാഴ്ച രാത്രി മുഖ്യമന്ത്രിയുടെ താല്‍പര്യം അറിയിച്ചിരുന്നു. സന്ദര്‍ശനം അനുവദിക്കാനാകില്ലെന്നാണ് ഹക്കീം കുന്നില്‍ മാധ്യമങ്ങളെ അറിയിച്ചത്. പ്രവര്‍ത്തകര്‍ക്കിടയില്‍ വികാരമുണ്ടെന്നും പ്രാദേശികമായ പ്രതിഷേധ പ്രകടനങ്ങള്‍ ഉണ്ടാകാമെന്നും അത്തരത്തില്‍ എന്തെങ്കിലും സംഭവിച്ചാല്‍ പാര്‍ട്ടിക്ക് അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ സാധിക്കില്ലെന്നും ഹക്കീം കുന്നില്‍ അറിയിച്ചു.
അതേസമയം മുഖ്യമന്ത്രി വീട് സന്ദര്‍ശിക്കണമെന്നാണ് കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ പറയുന്നത്. മുഖ്യമന്ത്രിയോട് സിബിഐ അന്വേഷണം ആവശ്യപ്പെടുമെന്ന് കൊല്ലപ്പെട്ട കൃപേഷിന്റെ അച്ഛന്‍ കൃഷ്ണന്‍ പറഞ്ഞിരുന്നു. കാസര്‍ഗോഡ് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് ശിലാസ്ഥാപനം, കാസര്‍ഗോഡ് അലാം ബസ് സ്റ്റാന്‍ഡിന്റെ ഉദ്ഘാടനം എന്നിവയ്ക്കായാണ് മുഖ്യമന്ത്രി ഇന്ന് ജില്ലയില്‍ എത്തുന്നത്.
Leave a Reply