കണ്ണൂര്‍: കണ്ണൂര്‍ പയ്യന്നൂരില്‍ ഇന്നലെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ച സംഭവം ഒറ്റപ്പെട്ടതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊലപാതകം തീര്‍ത്തും ദൗര്‍ഭാഗ്യകരമായ സംഭവമാണ്. എന്നാല്‍ ഇത് മൂലം കണ്ണൂരില്‍ നടക്കുന്ന സമാധാന ശ്രമങ്ങള്‍ക്ക് യാതൊരു തടസ്സവുമുണ്ടാകില്ല. പ്രതികളെ ഉടന്‍ തന്നെ നിയമത്തിനു മുന്നിലെത്തിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഇന്നലെ ഉച്ചക്ക് ശേഷമാണ് ആര്‍എസ്എസ് രാമന്തളി മണ്ഡലം കാര്യവാഹകായ കക്കംപാറ ചുരിക്കാട്ട് ബിജു കൊല്ലപ്പെടുന്നത്. ജോലിക്കുശേഷം മടങ്ങിയ ബിജുവിനെ കാറില്‍ പിന്നാലെയെത്തിയ സംഘം വെട്ടിവീഴ്ത്തുകയായിരുന്നു. കഴുത്തിനും മറ്റും ഗുരുതരമായി വെട്ടേറ്റ ബിജു പരിയാരം മെഡിക്കല്‍ കോളേജിലേക്കുള്ള യാത്രാമദ്ധ്യേ മരിച്ചു. സിപിഎം പ്രവര്‍ത്തകനായ ധന്‍രാജ് കൊല്ലപ്പെട്ട കേസിലെ 12-ാം പ്രതിയാണ് ബിജു.
കൊലപാതകവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന ഏഴ് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവസമയത്ത് ബിജുവിനൊപ്പം ബൈക്കിലുണ്ടായിരുന്ന സുഹൃത്തായ രാജേഷിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ഒരു വര്‍ഷത്തിനിടെ ജില്ലയില്‍ നടക്കുന്ന എട്ടാമത്തെ രാഷ്ട്രീയ കൊലപാതകമാണ് ഇന്നലെ നടന്നത്. കഴിഞ്ഞ ഫെബ്രുവരി 14ന് സമാധാനശ്രമങ്ങള്‍ക്കായി മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ കണ്ണൂരില്‍ സര്‍വ്വകക്ഷിയോഗം വിളിച്ചിരുന്നു. ഈ യോഗത്തിനു ശേഷമുള്ള ആദ്യത്തെ കൊലപാതകമാണ് ഇന്നലെ പയ്യന്നൂരില്‍ നടന്നത്.
Leave a Reply