കേരളത്തിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കേരളത്തില്‍ ജനങ്ങള്‍ക്ക് ശാന്തിയും സമാധാനവുമില്ല. രാഷ്ടീയ കൊലപാതകങ്ങള്‍ കേരളത്തില്‍ ആവര്‍ത്തിക്കപ്പെടുകയാണെന്നും ആദിത്യനാഥ് കുറ്റപ്പെടുത്തി.
ഉത്തര്‍പ്രദേശ് കേരളത്തില്‍ നിന്നെല്ലാം വ്യത്യസ്തമാണ്. യുപിയില്‍ കലാപവും, ഗുണ്ടാവിളയാട്ടവുമില്ല. ഓരോ വ്യക്തിയുടെയും ജീവന് യുപി സര്‍ക്കാര്‍ സുരക്ഷ ഉറപ്പ് നല്‍കുന്നതായും ആദിത്യനാഥ് അവകാശപ്പെട്ടു.
യുപിയില്‍ ബിജെപി ഭരണം ആവര്‍ത്തിക്കുമെന്ന പ്രത്യാശ പങ്കുവെച്ച അദ്ദേഹം, ജനങ്ങളുടെ ആശിര്‍വ്വാദത്തോടെ തങ്ങള്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും അവകാശപ്പെട്ടു. വന്‍ വികസനമാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ യുപിയില്‍ ഉണ്ടായത്. കണ്ണില്ലാത്തവര്‍ മാത്രമേ യുപിയില്‍ വികസനമില്ലെന്ന് പറയുകയുള്ളൂവെന്നും യോഗി ആദിത്യനാഥ് പരിഹസിച്ചു.
നേരത്തെ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ അഭ്യര്‍ത്ഥിക്കുന്ന വീഡിയോയില്‍ കേരളത്തെക്കുറിച്ച് യോഗി ആദിത്യനാഥ് നടത്തിയ പരാമര്‍ശം വലിയ വിവാദമായിരുന്നു. ‘നിങ്ങളുടെ ഒരു വോട്ട് ഉത്തര്‍പ്രദേശിന്റെ ഭാവി നിര്‍ണയിക്കും. അല്ലെങ്കില്‍ ഉത്തര്‍പ്രദേശ് കശ്മീരും കേരളവും ബംഗാളും പോലെയാകും’ എന്നായിരുന്നു പ്രസ്താവന. വീഡിയോക്കെതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്.
കേരളാ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഡി സതീശനും അടക്കം രാഷ്ട്രീയ നേതാക്കളും സാംസ്‌ക്കാരിക പ്രവര്‍ത്തകരും രൂക്ഷ ഭാഷയിലാണ് യോഗിക്ക് മറുപടി നല്‍കിയത്.യുപി കേരളം പോലെയായാല്‍ അവിടുത്തെ ജനങ്ങളുടെ ജീവിത നിലവാരം ഉയരും. മികച്ച വിദ്യാഭ്യാസവും ആരോഗ്യ സംവിധാനങ്ങളും ഉണ്ടാകും. മതത്തിന്റെയും ജാതിയുടെയും പേരില്‍ ആരും കൊല്ലപ്പെടില്ലെന്നും മുഖ്യമന്ത്രി തിരിച്ചടിച്ചു. യുപിയിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നത് അതാണെന്നും പിണറായി വിജയന്‍ ട്വിറ്ററില്‍ കുറിച്ചു. ‘പ്രിയപ്പെട്ട യുപി, കേരളം പോലെയാകാന്‍ വേണ്ടി വോട്ട് ചെയ്യൂ.’ എന്നാണ് വിഡി സതീശന്‍ പ്രതികരിച്ചത്.
Leave a Reply