കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും യു.കെയിലേക്ക്‌ ജോലി വാഗ്‌ദാനം ചെയ്‌ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവാവ്‌ അറസ്‌റ്റില്‍. കോട്ടയം ഗാന്ധിനഗര്‍ അതിരമ്പുഴ പൈങ്കില്‍ വീട്ടില്‍ നിന്നും ഏറ്റുമാനൂര്‍ പേരൂരില്‍ താമസിക്കുന്ന ബെയ്‌സില്‍ലിജു(24)വാണ്‌ അറസ്‌റ്റിലായത്‌. മാവേലിക്കര പൂവിത്തറയില്‍ വീട്ടില്‍ മുരളീധരന്റെ മകന്‍ മിഥുന്‍മുരളി നല്‍കിയ പരാതിയുടെ അന്വേഷണത്തിലാണ്‌ ഇയാളെ അറസ്‌റ്റ് ചെയ്‌തത്‌.

ഇയാള്‍ക്കെതിരെ കുണ്ടറ പോലീസ്‌ സ്‌റ്റേഷനില്‍ ഉള്‍പ്പെടെ വിസ തട്ടിപ്പ്‌ കേസുകളുള്ളതായി പോലീസ്‌ പറഞ്ഞു. നിരവധി പേരില്‍ നിന്നായി 15 ലക്ഷത്തോളം രൂപയാണ്‌ തട്ടിയെടുത്തത്‌. വിസ വാഗ്‌ദാനം ചെയ്‌ത് പണം വാങ്ങി തിരുവനന്തപുരം കിംസ്‌ ആശുപത്രിയില്‍ കൊണ്ട്‌ പോയ ഉദ്യോഗാര്‍ഥികളെ മെഡിക്കല്‍ പരിശോധന നടത്തിച്ച ശേഷം വിസ ഓണ്‍ലൈനായി മൊബൈല്‍ ഫോണില്‍ എത്തുമെന്ന്‌ പറഞ്ഞ്‌ വിമാന ടിക്കറ്റിന്റെ പകര്‍പ്പും നല്‍കും. പിന്നീട്‌ തട്ടിപ്പിന്‌ ഇരയായവര്‍ ഇയാളെ സമീപിക്കുമ്പോള്‍ ഒഴിഞ്ഞു മാറിയും ഫോണ്‍ എടുക്കാതെയും ഒഴിഞ്ഞു മാറി നടക്കുകയുമാണ്‌ ഇയാളുടെ രീതി. ആളുകളില്‍ നിന്ന്‌ വിസ വാഗ്‌ദാനം നല്‍കി വാങ്ങുന്ന പണം ഗോവ, ബംഗളുരു ഉള്‍പ്പെടെയുള്ള സ്‌ഥലങ്ങളില്‍ പോയി ധൂര്‍ത്തടിച്ചു തീര്‍ക്കുകയും വീണ്ടും നവമാധ്യമങ്ങളിലൂടെ പരസ്യം നല്‍കുകയുമാണ്‌ ചെയ്യുന്നത്‌.