അമേരിക്കയിലെ ഡാലസിൽ ഇന്ത്യക്കാരനായ ഹോട്ടൽ മാനേജരുടെ തലവെട്ടി കൊലപ്പെടുത്തിയ സംഭവം പ്രദേശവാസികളെയും കുടുംബത്തെയും നടുക്കി. അൻപത് വയസ്സുള്ള ചന്ദ്ര നാഗമല്ലയ്യയെയാണ് സഹപ്രവർത്തകനായ 37കാരൻ യോർദാനിസ് കോബോസ് മാർട്ടിനെസ് ആക്രമിച്ചത്. ഭാര്യയുടെയും മകൻറെയും മുന്നിൽ വെച്ച് നടന്ന കൊലപാതകത്തിൽ കുടുംബം ഭീതിയിലും ദുരിതത്തിലും മുങ്ങുകയാണ്.
ഡൗൺ ടൗൺ സ്യൂട്ട്സ് മോട്ടലിലാണ് സംഭവം. മുറി വൃത്തിയാക്കുന്നതിനിടെ ജീവനക്കാരിയോട് വാഷിങ് മെഷീൻ കേടായതായി അറിയിക്കാൻ നാഗമല്ലയ്യ നിർദേശിച്ചതിനെതിരെ പ്രകോപിതനായ മാർട്ടിനെസ് വെട്ടുകത്തി എടുത്ത് ആക്രമിക്കുകയായിരുന്നു. രക്ഷപ്പെടാൻ ശ്രമിച്ച നാഗമല്ലയ്യയെ പിന്തുടർന്ന് പല തവണ കുത്തിയ ശേഷം തലവെട്ടി. ഭാര്യയുടെയും മകന്റെയും ശ്രമങ്ങളെ തള്ളി മാറ്റിയാണ് പ്രതി കൊല നടത്തിയത്. അറുത്തെടുത്ത തല മോട്ടലിലെ മാലിന്യക്കൂമ്പാരത്തിലേക്ക് എറിഞ്ഞ ശേഷം രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ രക്ഷാപ്രവർത്തകർ പിടികൂടി പൊലീസിന് കൈമാറി.
കൊലപാതക കുറ്റം ചുമത്തിയ പ്രതിയെ ഡാലസ് കൗണ്ടി ജയിലിൽ അടച്ചു. ഇയാൾക്കെതിരെ ഫ്ലോറിഡയിലും ഹൂസ്റ്റണിലും നേരത്തെ ക്രിമിനൽ കേസുകൾ ഉണ്ടെന്നു രേഖകൾ വ്യക്തമാക്കുന്നു. സംഭവത്തിൽ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ അനുശോചനം രേഖപ്പെടുത്തി. കുടുംബത്തിന് ആവശ്യമായ എല്ലാ പിന്തുണയും നൽകുമെന്നും അധികൃതർ അറിയിച്ചു.
Leave a Reply