വിമാനത്താവളത്തില്‍ ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറിയ വിമാനം കായലില്‍ പതിച്ചു. മൈക്രോനേഷ്യയിൻ ദ്വീപിലെ വെനോ വിമാനത്താവളത്തിൽ ഇറങ്ങാൻ ശ്രമിക്കുമ്പോഴാണ് വിമാനത്തിന് അപകടം സംഭവിച്ചത്. 36 യാത്രക്കാരും 11 ജീവനക്കാരും വിമാനത്തിൽ ഉണ്ടായിരുന്നു.

മുങ്ങിത്തുടങ്ങിയ വിമാനത്തില്‍ നിന്ന് യാത്രക്കാര്‍ നീന്തി രക്ഷപെടുകയായിരുന്നു.ബാക്കിയുള്ളവരെ പ്രദേശവാസികള്‍ ചെറുവള്ളത്തിലെത്തി രക്ഷിച്ചു. യാത്രക്കാരെല്ലാവരും സുരക്ഷിതരാണെന്നും അപകടകാരണം അന്വേഷിക്കുമെന്നും വിമാന കമ്പനി അറിയിച്ചു.

പാപ്പുവാ ന്യൂ ഗിനിയയയുടെ കീഴിലുള്ള എയര്‍ ന്യൂഗിനിയുടെ ബോയിങ് 737 വിമാനമാണ് നിയന്ത്രണം വിട്ട് കായലില്‍ പതിച്ചത്. വിമാനത്തിനുള്ളില്‍ അരയ്‌ക്കൊപ്പം വെള്ളമുണ്ടായിരുന്നുവെന്ന് യാത്രക്കാർ പറഞ്ഞു. അതേസമയം അപകട കാരണം വ്യക്തമല്ല.